പ്രമേഹം ഇന്ന് ലോകമെമ്പാടും വലിയൊരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു രോഗമെന്ന ധാരണ മാറി കുട്ടികളിലും യുവാക്കളിലും മധ്യവയസ്കരിലും ഒരുപോലെ പ്രമേഹം കണ്ടുവരുന്നു. പലപ്പോഴും ശരീരം നൽകുന്ന മുന്നറിയിപ്പുകൾ തിരിച്ചറിയാതെ പോകുന്നതാണ് ഈ രോഗത്തിന്റെ അപകടസാധ്യത വർധിപ്പിക്കുന്നത്. പ്രമേഹം ഒരു നിശ്ശബ്ദ രോഗമാണ്. അമിതമായ ക്ഷീണം, തളർച്ച, ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, കാഴ്ചയിലെ മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ ചിലരിൽ പ്രത്യക്ഷപ്പെടാം. എന്നാൽ ലക്ഷണങ്ങളൊന്നും പ്രകടമാകാതെയും രോഗം ശരീരത്തിൽ വളരാം. ഞാൻ വർഷങ്ങളായി പ്രമേഹവുമായി ജീവിക്കുന്ന ഒരാളാണ്. ഈ രോഗത്തിന്റെ ബുദ്ധിമുട്ടുകളും അതുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങളും എനിക്ക് വ്യക്തിപരമായി അറിയാം. അതുകൊണ്ടുതന്നെ പ്രമേഹത്തെക്കുറിച്ചുള്ള അവബോധം ഓരോ വ്യക്തിക്കും അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹത്തെ രണ്ടായി തിരിച്ചറിയാം. ടൈപ്പ് 1 പ്രമേഹത്തിൽ ശരീരത്തിന്റെ പ്രതിരോധസംവിധാനം ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ആക്രമിക്കുന്നതിനാൽ ഇൻസുലിൻ ഉത്പാദനം വളരെ കുറയുകയോ പൂർണമായി നിലയ്ക്കുകയോ ചെയ്യുന്നു. ഇത്തരം രോഗികൾക്ക് ഇൻസുലിൻ കൃത്യമായി നൽകുക എന്നതാണ് പ്രധാന ചികിത്സ. ജീവിതശൈലിയിലെ മാറ്റങ്ങൾകൊണ്ട് മാത്രം ടൈപ്പ് 1 പ്രമേഹം നിയന്ത്രിക്കാനാവില്ല. ടൈപ്പ് 2 പ്രമേഹത്തിൽ ശരീരം ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയും കാലക്രമേണ ഇൻസുലിൻ ഉത്പാദനശേഷി കുറയുന്നതുമാണ് പ്രധാന പ്രശ്നങ്ങൾ. ഇൻസുലിൻ പ്രതിരോധം (Insulin Resistance), ഇൻസുലിൻ ഉത്പാദനത്തിലെ കുറവ്, അമിതവണ്ണം എന്നിവ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തിന് ഭക്ഷണക്രമീകരണം, വ്യായാമം, മരുന്നുകൾ, ആവശ്യമായ സാഹചര്യങ്ങളിൽ ഇൻസുലിൻ ചികിത്സ എന്നിവയിലൂടെ നിയന്ത്രണം സാധ്യമാണ്.
പാരമ്പര്യവും ജനിതക ഘടകങ്ങളും ജീവിതശൈലിയും ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യതയെ സ്വാധീനിക്കുന്നു. കുടുംബത്തിൽ പ്രമേഹമുള്ളവരിൽ രോഗസാധ്യത കൂടുതലായിരിക്കാം. അതോടൊപ്പം അമിതമായ ഭക്ഷണം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ശാരീരിക അധ്വാനമില്ലായ്മ, വ്യായാമക്കുറവ്, അമിതവണ്ണം എന്നിവയും പ്രധാന ഘടകങ്ങളാണ്. ശരീരഭാരം വർധിക്കുമ്പോൾ ഇൻസുലിന്റെ ആവശ്യകത കൂടുകയും ശരീരകോശങ്ങൾ ഇൻസുലിനോട് വേണ്ടത്ര പ്രതികരിക്കാതിരിക്കുകയും ചെയ്യാം. ഇതിനെ ഇൻസുലിൻ റെസിസ്റ്റൻസ് എന്നു പറയുന്നു. ഒരു ഉദാഹരണം പറയാം. ഒരു ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാൻ കഴിയുന്ന കർഷകന് പത്ത് ഏക്കർ സ്ഥലം ലഭിച്ചാലും അതിനനുസരിച്ച് കൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല. അതുപോലെ ശരീരത്തിന്റെ ആവശ്യകത വർധിക്കുമ്പോൾ അതിനനുസരിച്ച് ഇൻസുലിൻ ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും കഴിയാത്ത സാഹചര്യം ഉണ്ടാകാം. അതിനാൽ അമിതവണ്ണം നിയന്ത്രിക്കുന്നതും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതും പ്രമേഹപ്രതിരോധത്തിലും നിയന്ത്രണത്തിലും പ്രധാനമാണ്.
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമത്തിന് വലിയ പ്രാധാന്യമുണ്ട്. വിശപ്പിനനുസരിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നതിനു പകരം പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം തിരഞ്ഞെടുക്കണം. പഞ്ചസാരയും മധുരപലഹാരങ്ങളും മാത്രമല്ല, അമിതമായ കലോറിയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, ആവശ്യമായ അളവിലുള്ള പഴങ്ങൾ, പ്രോട്ടീൻ സമൃദ്ധമായ ആഹാരം എന്നിവ ഉൾപ്പെടുത്താം. അതോടൊപ്പം ദിവസേനയുള്ള നടത്തം, അനുയോജ്യമായ വ്യായാമം, മതിയായ ഉറക്കം, ശരീരഭാരം നിയന്ത്രിക്കൽ എന്നിവയും ജീവിതത്തിന്റെ ഭാഗമാക്കണം. പ്രമേഹം വന്നതിനുശേഷം മാത്രമല്ല, രോഗസാധ്യതയുള്ളവർ നേരത്തേ തന്നെ ഇത്തരം ശീലങ്ങൾ സ്വീകരിക്കണം. ജീവിതശൈലിയിലെ നല്ല മാറ്റങ്ങൾ ടൈപ്പ് 2 പ്രമേഹത്തെ തടയാനോ വൈകിപ്പിക്കാനോ സഹായിക്കും.
പ്രമേഹം നിയന്ത്രിക്കാതെ പോകുമ്പോൾ ഹൃദയം, വൃക്കകൾ, കണ്ണുകൾ, നാഡികൾ, രക്തക്കുഴലുകൾ എന്നിവയെ ഗുരുതരമായി ബാധിക്കാം. അതുകൊണ്ട് ഇടയ്ക്കിടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം HbA1c പരിശോധന നടത്തുകയും വേണം. രക്തസമ്മർദം, കൊളസ്ട്രോൾ, വൃക്കകളുടെ പ്രവർത്തനം, കണ്ണുകളുടെ ആരോഗ്യം, കാലുകളുടെ സംരക്ഷണം എന്നിവയും കൃത്യമായി പരിശോധിക്കണം. രോഗം കണ്ടെത്തിയാൽ മരുന്നുകൾ സ്വമേധയാ നിർത്തുകയോ ഇൻസുലിൻ ഒഴിവാക്കുകയോ ചെയ്യരുത്. ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതിയും ചികിത്സയും വ്യത്യസ്തമാണ്. അതിനാൽ വിദഗ്ധ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. പ്രമേഹമുള്ളവരെ കുറ്റപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നതിനു പകരം കുടുംബവും സമൂഹവും അവർക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകണം.
നവംബർ 14 ലോക പ്രമേഹദിനമാണ്. 2026-ലെ ലോക പ്രമേഹദിന സന്ദേശം 'Early Action on Diabetes' എന്നതാണ്. നേരത്തെയുള്ള രോഗനിർണയം, സമയബന്ധിതമായ ചികിത്സ, പ്രമേഹസാധ്യത കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ഈ വർഷം പ്രാധാന്യം നൽകുന്നത്. പ്രമേഹം വന്നാൽ ജീവിതം അവസാനിച്ചു എന്ന ചിന്ത വേണ്ട. കൃത്യമായ ചികിത്സയും ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ആരോഗ്യകരമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയും. ഒരു പ്രമേഹരോഗി എന്ന നിലയിൽ എന്റെ അനുഭവം പറയുന്നത് ഈ രോഗത്തെ നേരിടാൻ ഏറ്റവും ആവശ്യമായത് അറിവും ആത്മനിയന്ത്രണവും നിരന്തരമായ പരിശ്രമവുമാണെന്നാണ്. രോഗത്തെ അവഗണിക്കരുത്, അതിനെ ഭയന്ന് ജീവിക്കുകയുമരുത്. നേരത്തേ പരിശോധിക്കുക, ചികിത്സ സ്വീകരിക്കുക, ജീവിതശൈലി മെച്ചപ്പെടുത്തുക. പ്രമേഹത്തിനെതിരായ പോരാട്ടത്തിൽ ഓരോരുത്തരും സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കണം.
:വി രാജേഷ് മോഹൻ റാവു
ധർമ്മടം തലശ്ശേരി
(ലേഖകൻ ഹയർസെക്കൻഡറി അധ്യാപകനും ധർമ്മടം ചന്ദ്രകല മോഹൻ റാവു കൾച്ചറൽ ഫോറം പ്രസിഡന്റുമാണ്.)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































