പുലർച്ചെ ഒരു മണിക്ക് ആരംഭിച്ച മിന്നൽ പരിശോധന ,ആയിരക്കണക്കിന് ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു , ആറ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി , 440 ലീറ്റർ ഭക്ഷ്യ എണ്ണ പിടിച്ചെടുത്തു; 10 സ്ഥാപനങ്ങളിൽ പരിശോധന
440 ലീറ്റർ ഭക്ഷ്യ എണ്ണ പിടിച്ചെടുത്തു.കോഴിക്കോട് ജില്ലയിൽ നടത്തിയ പരിശോധനയിൽ 3,900 സമൂസയും 2,600 പൊരിച്ച പത്തിരിയും നശിപ്പിച്ചു; ‘ഓപ്പറേഷൻ തെളിമ' യിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി
കോഴിക്കോട്: പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഭക്ഷ്യനിർമാണ കേന്ദ്രങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തെളിമയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 440 ലീറ്റർ ഭക്ഷ്യ എണ്ണയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കിയ വൻതോതിലുള്ള ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു.
പുലർച്ചെ ഒരു മണിയോടെ ആരംഭിച്ച പരിശോധനയിൽ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ ഉദ്യോഗസ്ഥർ പത്ത് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. എണ്ണക്കടികൾ വൻതോതിൽ ഉൽപ്പാദിപ്പിച്ച് ചെറുകിട ഭക്ഷണശാലകൾക്കും ചായക്കടകൾക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിലും വിതരണത്തിലും പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.
ആയിരക്കണക്കിന് ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു
പരിശോധനയിൽ പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. 440 ലീറ്റർ ഭക്ഷ്യ എണ്ണയ്ക്കു പുറമേ 3,900 സമൂസ, 2,600 പൊരിച്ച പത്തിരി, 1,000 പരിപ്പുവട, 250 കട്ലറ്റ്, 1,000 ചപ്പാത്തി, 250 ഇഡ്ഡലി, 100 വട എന്നിവയും 50 കിലോഗ്രാം പത്തിരിമാവും ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കിയതും മനുഷ്യാരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുള്ളതുമായ ഭക്ഷ്യവസ്തുക്കളാണ് നടപടിയുടെ ഭാഗമായി നീക്കം ചെയ്തത്. ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം വിലയിരുത്താൻ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ ടെസ്റ്റോമീറ്റർ ഉപയോഗിച്ചും പരിശോധന നടത്തി.
ആറ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾക്കും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്കും പൂട്ടുവീണു. നിയമലംഘനങ്ങൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടിസ് നൽകി. രണ്ട് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളുടെ നിർമാണം, സംഭരണം, വിതരണം എന്നിവയിൽ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഭക്ഷ്യ എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ‘ഓപ്പറേഷൻ തെളിമ നടപ്പാക്കുന്നത്.
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ ടി.എസ്. വിനോദ് കുമാർ, അസിസ്റ്റന്റ് കമ്മിഷണർ ഡോ. ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സുരക്ഷിത ഭക്ഷണം ഉറപ്പാക്കേണ്ടത് അധികൃതരുടെ മാത്രം ഉത്തരവാ ദിത്വമല്ല. ഭക്ഷണം വാങ്ങുന്നവരുടെ ആരോഗ്യവും വിശ്വാസവും സംരക്ഷിക്കാൻ ഭക്ഷ്യനിർമാണ സ്ഥാപനങ്ങൾ നിയമങ്ങളും ശുചിത്വ മാനദണ്ഡങ്ങളും കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും ഈ നടപടി ഓർമിപ്പിക്കുന്നു.
ശുദ്ധമായ ഭക്ഷണം ജന്മാവകാശം !
അനുമോദനങ്ങൾ .....
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































