പ്രകൃതിയിലേക്ക് മടങ്ങുന്ന ചുവടുകൾ: മാലോത്തെ തങ്കച്ചൻ വൈദ്യരും ഹരിത ഔഷധ വിപ്ലവവും
കാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി 2012 നവംബർ 28-ലെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ തീരുമാനപ്രകാരം എല്ലാ വർഷവും മാർച്ച് 21 ലോക വനദിനമായി ആചരിക്കുന്നു. വനനശീകരണം തടയുക, ഇപ്പോഴത്തെയും ഭാവിയിലെയും തലമുറകൾക്കായി കാടിനു പുറത്തുള്ള മരങ്ങളെപ്പോലും സംരക്ഷിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
പ്ലാസ്റ്റിക് മാലിന്യങ്ങളും ഇക്കോടൂറിസം പോലുള്ള പദ്ധതികളുടെ അശാസ്ത്രീയമായ കടന്നുകയറ്റവും വന ജൈവവ്യവസ്ഥയെ അപകടത്തിലാക്കുമ്പോൾ, തങ്കച്ചൻ വൈദ്യരുടെ പ്രവർത്തനങ്ങൾ ഒരു ബദൽ മാതൃകയാകുന്നു. വനവൽക്കരണം എന്നത് ദൂരെയുള്ള കാടുകളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും ഓരോ മനുഷ്യന്റെയും പുരയിടത്തിൽ നിന്ന് തുടങ്ങേണ്ടതാണെന്നും അദ്ദേഹം തെളിയിക്കുന്നു.
ആധുനിക വൈദ്യശാസ്ത്രം അതിന്റെ പാരമ്യത്തിൽ നിൽക്കുമ്പോഴും മനുഷ്യൻ പ്രകൃതിയുടെ പച്ചപ്പിലേക്ക് വീണ്ടും തിരിഞ്ഞുനോക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കാസർകോട് ജില്ലയിലെ മാലോം ദേശത്ത് ഒരു ജീവിക്കുന്ന ഉത്തരമുണ്ട്; അത് തങ്കച്ചൻ വൈദ്യരാണ്. കേവലം ഒരു ചികിത്സകൻ എന്നതിലുപരി പ്രകൃതിയുടെ കാവലാളായും വനസംരക്ഷകനായും അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ന് ലോക വനദിനത്തിൽ ഏറെ പ്രസക്തമാണ്. വനം എന്നത് ദൂരെയുള്ള കാടുകൾ മാത്രമല്ലെന്നും, നമ്മുടെ വീടിനു ചുറ്റും നാം നട്ടുപിടിപ്പിക്കുന്ന ഓരോ ചെടിയും ഭൂമിയുടെ ശ്വാസകോശമാണെന്നും അദ്ദേഹം തന്റെ ജീവിതം കൊണ്ട് തെളിയിക്കുന്നു.
കേരളത്തിന്റെ മലയോര മണ്ണിൽ തങ്കച്ചൻ വൈദ്യർ ഒരുക്കിയിരിക്കുന്നത് വെറുമൊരു ഔഷധത്തോട്ടമല്ല, മറിച്ച് വരുംതലമുറയ്ക്കുള്ള പച്ചപ്പാർന്ന വിജ്ഞാനകോശമാണ്. തന്റെ ഇരുപത് ഏക്കറോളം വരുന്ന കൃഷിയിടത്തിൽ തെങ്ങും കമുകും റബ്ബറും നട്ടുപിടിപ്പിക്കുന്നതിനിടയിൽ, അവയ്ക്കടിയിലായി രണ്ടായിരത്തി അഞ്ഞൂറിലധികം അപൂർവ്വ ഔഷധസസ്യങ്ങളാണ് അദ്ദേഹം പരിപാലിച്ചു പോരുന്നത്. ഹിമാലയൻ താഴ്വരകളിലും പശ്ചിമഘട്ടത്തിലെ അഗാധ വനങ്ങളിലും മാത്രം കണ്ടുവരുന്ന പല സസ്യങ്ങളും ഇന്ന് ആ കൃഷിയിടത്തിൽ സുരക്ഷിതമാണ്. ഓരോ ചെടിയുടെയും ശാസ്ത്രീയ വശങ്ങളും ഔഷധഗുണങ്ങളും ഹൃദ്യസ്ഥമാക്കിയ വൈദ്യർ, സസ്യങ്ങളെ വെറും മരുന്നിനുള്ള ഉപാധിയായല്ല, മറിച്ച് ജീവനുള്ള സഹോദരങ്ങളായാണ് പരിഗണിക്കുന്നത്. വനവൽക്കരണം എന്നത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തമാണെന്ന വലിയ പാഠമാണ് ഈ ഹരിതതുരുത്തിലൂടെ അദ്ദേഹം ലോകത്തിന് നൽകുന്നത്.
ക്യാൻസർ അടക്കമുള്ള മാരകമായ രോഗങ്ങൾക്കെതിരെ പ്രകൃതിയിൽ തന്നെ മറുമരുന്നുണ്ടെന്ന വലിയ സത്യമാണ് തങ്കച്ചൻ വൈദ്യരുടെ ചികിത്സാരീതികൾ അടിവരയിടുന്നത്. രോഗങ്ങൾ ശരീരത്തെയും മനസ്സിനെയും തളർത്തുമ്പോൾ, പാർശ്വഫലങ്ങളില്ലാത്ത പാരമ്പര്യ ചികിത്സയിലൂടെ രോഗികൾക്ക് ആശ്വാസമേകാൻ അദ്ദേഹത്തിന് സാധിക്കുന്നു. പ്രകൃതിദത്തമായ ചേരുവകൾ കൃത്യമായ അളവിൽ സംയോജിപ്പിച്ച് അദ്ദേഹം നൽകുന്ന ഔഷധങ്ങൾ, ആധുനിക ചികിത്സകൾക്കൊപ്പം തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. നമ്മുടെ തൊടിയിലെ തുളസിയും പനിക്കൂർക്കയും പോലും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഔഷധസസ്യങ്ങളുടെ സംരക്ഷണം ആരോഗ്യകരമായ ഒരു സമൂഹത്തിന് അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ഔഷധവനത്തിന്റെ ലക്ഷ്യങ്ങൾ നിരവധിയാണ് നിത്യജീവിതത്തിലെ ചെറിയ അസുഖങ്ങൾക്ക് വീട്ടുമുറ്റത്തെ പച്ചമരുന്നുകൾ ഉപയോഗിക്കാം. പക്ഷികൾക്കും ശലഭങ്ങൾക്കും സുരക്ഷിതമായ ഒരിടം ഒരുക്കുകയും അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുകയും ചെയ്യുക എന്നത് ഇന്ന് ഈ കാലഘട്ടത്തിൽ സുസ്ഥിര വികസനത്തിന് അനിവാര്യമാണ്. മരങ്ങളുടെ വേരുകൾ വഴി ഭൂഗർഭ ജലനിരപ്പ് ഉയർത്തുക എന്നത് വരും നോറ്റാണ്ടുകൾ നാം അനുഭവിക്കാൻ പോകുന്ന വലിയൊരു ആപത്തിനെ ചെറുക്കാനുള്ള ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തം കൂടിയാണ്. വിഷരഹിത ശുദ്ധവായു ശ്വസിക്കണമെങ്കിൽ രാസവളങ്ങളില്ലാത്ത ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളു. അതിനായി ഒരു വനം സമ്പൂർണ്ണമാകാൻ വ്യത്യസ്ത തലത്തിലുള്ള ചെടികൾ ആവശ്യമാണ്. ഔഷധ മരങ്ങളായ വേപ്പ്, നെല്ലി, അശോകം, ആൽമരം. കുറ്റിച്ചെടിവർഗത്തിലെ ആടലോടകം, കുറുന്തോട്ടി, ചെമ്പരത്തി, വള്ളിച്ചെടികളായ ചിറ്റമൃത്, ശതാവരി, തിപ്പലി, നിത്തു പടർന്നു വളരുന്ന തഴുതാമ, കൊടുവേലി, മുക്കുറ്റി, സുഗന്ധ സസ്യങ്ങളായ തുളസി, രാമച്ചം, കറ്റാർവാഴ എന്നിവ പ്രധാനമായും നമ്മുടെ വീടും പരിസരവും നല്ലൊരു ഔഷധ വനമാക്കി മാറ്റുന്നതിനോടൊപ്പം ഇവയുടെ സാന്നിധ്യം നാം ശ്വസിക്കുന്ന വായുവിനെ ശുദ്ധമാക്കുകയും ചെയ്യും.
കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും പുതിയ തരം രോഗങ്ങളെ സൃഷ്ടിക്കുമ്പോൾ അവയെ പ്രതിരോധിക്കാനുള്ള ശേഷി നമ്മുടെ നാട്ടറിവുകളിലുണ്ട്. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെ സംരക്ഷിക്കുക വഴി പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സാധിക്കും. വിപണിയിലെ രാസമിശ്രിതങ്ങൾക്ക് പിന്നാലെ പോകാതെ സ്വന്തം മണ്ണിൽ വളരുന്ന ഔഷധങ്ങളെ തിരിച്ചറിയുന്നത് വ്യക്തിഗത ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ലോക വനദിനത്തിന്റെ ചരിത്രം പരിശോധിച്ചാൽ, 2012-ൽ ഐക്യരാഷ്ട്രസഭ ഇത്തരമൊരു ദിനം പ്രഖ്യാപിച്ചത് കാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകാനാണ്. എന്നാൽ തങ്കച്ചൻ വൈദ്യരുടെ മാതൃക പിന്തുടർന്ന് നമുക്ക് കാടിന് പുറത്തും കാടുകൾ സൃഷ്ടിക്കാൻ കഴിയും. ചെറിയ കുറ്റിച്ചെടികൾ മുതൽ വലിയ മരങ്ങൾ വരെ ഒരു ചെറിയ സ്ഥലത്ത് ക്രമീകരിക്കുന്നത് മികച്ചൊരു ആവാസവ്യവസ്ഥയ്ക്ക് രൂപം നൽകും. നമ്മുടെ പറമ്പുകളെ വെറും മരക്കൂട്ടങ്ങളായല്ല, മറിച്ച് ജീവൻ രക്ഷിക്കുന്ന ഔഷധശേഖരങ്ങളായി മാറ്റിയെടുക്കാം. പ്രകൃതി സംരക്ഷണം സ്വന്തം മണ്ണിൽ നിന്ന് തുടങ്ങാം.
പ്രകൃതിയോട് ഇണങ്ങിച്ചേർന്നുകൊണ്ടുള്ള വികസനമാണ് മനുഷ്യന് വേണ്ടതെന്ന് അദ്ദേഹത്തിന്റെ ഓരോ ഔഷധച്ചെടിയും നമ്മോട് വിളിച്ചുപറയുന്നു. തങ്കച്ചൻ വൈദ്യർ മാലോം ദേശത്ത് ചെയ്തതുപോലെ ഓരോ വ്യക്തിയും തന്റെ പുരയിടത്തിൽ 10 ഔഷധച്ചെടികളെങ്കിലും നട്ടുപിടിപ്പിച്ചാൽ നമ്മുടെ നാട് ഒരു വലിയ വനമായി മാറും. വായു ശുദ്ധമാകും, ചൂട് കുറയും. ഔഷധസസ്യങ്ങളുടെ ഈ മഹാസംഗമം വരുംതലമുറയ്ക്കുള്ള പാഠപുസ്തകമായി മാറട്ടെ. ഈ വനദിനത്തിൽ നമുക്കും ഒരു ചെടി നടാം, പ്രകൃതിയുടെ കാവൽക്കാരാകാം.
തങ്കച്ചൻ വൈദ്യരെ വിളിക്കാനുള്ള
ഫോൺ നമ്പർ : 9495183272.
ബിജു കാരക്കോണം, പ്രകൃതി, വന്യജീവി ഫോട്ടഗ്രാഫർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














