(2026 ഫെബ്രുവരി 14 ന് വടകര ടൌൺ ഹാളിൽ നടന്ന ഭക്ഷ്യ കൃഷി സമ്മേളനത്തിൽ അവതരിപ്പിച്ച "ഭക്ഷ്യശ്രീ"- ബഹുജന സംഘടനയുടെ നയരേഖ)
പി. പി.ഉണ്ണികൃഷ്ണൻ
റിട്ട:ഡി.വൈ.എസ്.പി
(വൈസ് ചെയർമാൻ, "ഭക്ഷ്യശ്രീ )
മനുഷ്യൻ്റെ നിലനില്പിന് ഒഴിച്ചുകൂടാൻ കഴിയാത്ത മൂന്ന് പ്രധാന ആവശ്യങ്ങളാണല്ലോ ഭക്ഷണവും, വസ്ത്രവും, പാർപ്പിടവും. അടിസ്ഥാന ആവശ്യങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ഭക്ഷണം ശുദ്ധമായിരിക്കുക എന്നത് , അതു കൊണ്ടുതന്നെ മനുഷ്യകുലത്തിൻ്റെ നിലനില്ലിൻ്റെ പ്രശ്നമായിത്തീരുന്നു. ശുദ്ധം എന്നാൽ കലർപ്പില്ലാത്തത് എന്ന് സരളമായി വ്യാഖ്യാനിക്കാമെങ്കിലും "കലർപ്പ് " എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നത് എന്ന് കൃത്യമായി വിശദീകരിക്കേണ്ടി വരും. പ്രകൃതിയിൽ നിന്ന് നേരിട്ട് ലഭിക്കുന്ന പഴങ്ങൾ ശുദ്ധമാണെന്ന് പറയാം. അതേ പോലെ പച്ചക്കറികളും ധാന്യങ്ങളും പയർ വർഗ്ഗങ്ങളും, മീൻ, മുട്ട, മാംസം എന്നിവയും അതിൻ്റെ ഏറ്റവും ശുദ്ധമായ അവസ്ഥയിൽ ലഭിക്കുകയും ഉപയോഗിക്കുകയും ചെയ്യുക, അതിനുള്ള അവസരവും അവകാശവും എല്ലാർക്കും ഉണ്ടാവുക എന്നതാണ് ശുദ്ധഭക്ഷണം ജൻമാവകാശം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. കൃഷിയും കന്നുകാലി വളർത്തലും, മത്സ്യബന്ധനവും പരമ്പരാഗത രീതികളിൽ നിന്ന് മാറി ആധുനിക ശാസ്ത്ര സാങ്കേതിക പുരോഗതിക്കൊപ്പം വ്യവസായ വല്ക്കരിക്കപ്പെട്ട ആധുനിക കാലത്ത് ശുദ്ധഭക്ഷണം ഒരു കിട്ടാക്കനിയായി മാറുകയാണ്. ഭക്ഷണത്തിൽ കലരുന്ന വിഷവസ്തുക്കളും രാസമാലിന്യങ്ങളും രുചി വർദ്ധക വസ്തുക്കളുമാണ് ശുദ്ധഭക്ഷണം ഒരു കിട്ടാക്കനിയായതിന് കാരണം എന്ന് പറയാം. കൃഷിയിൽ ഉപയോഗിക്കുന്ന സന്നിവേശങ്ങളായ രാസവളം, കീടനാശിനികൾ, കുമിൾനാശിനികൾ, ഭക്ഷ്യവസ്തുക്കൾ സംസ്കരിക്കുമ്പോൾ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകൾ, നിറങ്ങൾ, എന്നിവയും പാചകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണകൾ, മസാലകൾ, എന്നിവയും തെറ്റായ പാചകരീതികളും പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങളും ഇന്ധനങ്ങളും വരെ ആഹാരത്തെ വിഷമയമാക്കുകയോ അശുദ്ധമാക്കുകയോ ചെയ്യുന്നു എന്നതാണ്, ഇന്നത്തെ പ്രശ്നം. ഇത് മനുഷ്യനിൽ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് മാത്രമല്ല അത്തരം ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തേടുന്ന ചികിത്സാ മാർഗ്ഗങ്ങൾ കൂടുതൽ വിപത്തുകൾക്കിടയാക്കുന്നു എന്നും കാണാം. ചുരുക്കി പറഞ്ഞാൽ മനുഷ്യൻ്റെ ജീവിതം ദുരിതമയമാക്കുന്നതിന് വിഷം കലർന്ന ഭക്ഷണം വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട് എന്ന കാര്യം ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇതിന് ഒരു പരിഹാരം കാണുക എന്നതാണ് നമ്മുടെ മുൻപിലുള്ള വലിയ ദൗത്യം. ആദൗത്യം നിർവഹിക്കുന്നതിൻ്റെ ഭാഗമായ പ്രവർത്തനങ്ങളിൽ ഒരു ചെറിയ കാൽവെപ്പാണ് ഈ ഭക്ഷ്യകൃഷി സമ്മേളനത്തിൻ്റെ ഉദ്ദേശ്യം.
വിഷരഹിത ഭക്ഷണം എങ്ങനെ ഉറപ്പാക്കാം ? വിഷരഹിത ഭക്ഷണം അഥവാ ശുദ്ധഭക്ഷണം ഉറപ്പാക്കാൻ ഏറ്റവും പ്രധാനമായ മാർഗ്ഗം ഭക്ഷണത്തെ അറിയുക എന്നതാണ്. നമ്മുടെ വീട്ടിൽ നമ്മൾ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ഭക്ഷ്യവസ്തുവിനെ നമുക്കറിയാം. എന്നാൽ പുറത്ത് കടയിൽ നിന്നും വാങ്ങിക്കുന്നതാന്നെങ്കിൽ അതിനെ എങ്ങനെയാണ് അറിയാൻ കഴിയുക
"ബ്രാൻ്റ്" നെയിമുകളെ വിശ്വസിക്കാൻ പറ്റുമോ?
പരസ്യത്തിൻ്റെയും " സെലിബ്രിറ്റികളുടെയും മായാലോകത്തിൽ ഭ്രമിച്ച് വാങ്ങിക്കൂട്ടുന്ന എത്രയെത്ര ഭക്ഷ്യവസ്തുക്കൾ മായം കലർന്നതാണെന്ന് പിന്നീട് വ്യക്തമായിട്ടുണ്ട്. അത്യന്തം മത്സരാധിഷ്ഠിതമായ കച്ചവട സാമാജ്യത്തിൽ നിന്ന് എത്രത്തോളം സത്യസന്ധത പ്രതീക്ഷിക്കാൻ കഴിയും.
ഇതിന് രണ്ട് പരിഹാരങ്ങളാണുള്ളത്. ഒന്ന് നമ്മുടെ അടുക്കളയുടെ പുനരുദ്ധാരണം. രണ്ടാമത്തേത് സാമൂഹ്യ പ്രതിബന്ധതയുള്ളതും ശുദ്ധഭക്ഷ്യവസ്തുക്കൾ മാത്രം സംഭരിച്ച് വിപണനം ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും തിരിച്ചറിയുകയും പരമാവധി പ്രോത്സാഹിപ്പിക്കുകളും ചെയ്യുക. രണ്ടാമത്തെ കാര്യം സാർഥകമാകണമെങ്കിൽ ശുദ്ധ ഭക്ഷ്യവസ്തുക്കൾ കൃഷി ഉല്പാദിപ്പിക്കുക എന്നതും വളരെ പ്രാധാന്യമുള്ളതാണ്. ഇക്കാര്യത്തിൽ ജൈവകൃഷി, രാസവസ്തുക്കൾ ഉപയോഗിക്കാത്ത പാരമ്പര്യ കൃഷി,മുതലായ മേഖലകൾ പ്രോത്സാഹിപ്പിക്കേണ്ട തുണ്ട്.
പാചകം ഒരു കലയായാണ് കണക്കാക്കുന്നത്. എന്നാൽ പാചകകല
ടി. വി. ഷോയ്ക്ക് വേണ്ടി മാത്രമുള്ളതല്ല. ഇന്നത്തെ തിരക്കു പിടിച്ച ലോകത്ത് അടുക്കള ജോലി സ്ത്രീകളുടെ മാത്രം ചുമതലയിൽപ്പെടുന്നതല്ല. നമ്മുടെ കുട്ടികളെ ആണായാലും പെണ്ണായാലും പാചകകലയിൽ സമർത്ഥരാക്കുക എന്നത് ഒരാവശ്യമാണ്. ബുദ്ധിമുട്ടുള്ള ഒരു ജോലി എന്നതിനപ്പുറം മനുഷ്യൻ്റെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്ന ഒരു പ്രധാന ജീവിത ചര്യയായി ഇതിനെ നമുക്ക് മാറ്റാൻ കഴിയണം.
പരമാവധി നമ്മൾ തന്നെ ഉല്ലാദിപ്പിച്ച ഭക്ഷണം നമ്മൾ തന്നെ പാചകം ചെയ്ത് കഴിക്കുക എന്നത് ഒരു വലിയ നേട്ടമായി കണക്കാക്കപ്പെടണം.
"രുചി " ശീലമാണെന്ന് പറയാറുണ്ടല്ലോ. കൃത്രിമ ഭക്ഷണവും രുചിയും ശീലിച്ച നാവിന് അത് തുടരാനേ കഴിയൂ. എന്നാൽ ശുദ്ധഭക്ഷണം സ്വാഭാവിക രുചിയോടെ ആസ്വദിച്ച് കഴിക്കാൻ സാധിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് പ്രധാനം. ശുദ്ധഭക്ഷണം എന്ന് പറയുമ്പോൾ "രുചി " യെ തിരസകരിക്കുന്ന ഒന്നല്ല അത്. "രസം" ഒരു വിഷയമാണല്ലോ. രസം അനുഭവിക്കുന്നത്
നാവും. അതുകൊണ്ട് തന്നെ രുചികരമായ ഭക്ഷണം ഒരു സൗഭാഗ്യമായി കണക്കാക്കുന്നു. അടുക്കളയ്ക്ക്
"രസപതി " എന്നും വീട്ടമ്മയ്ക്ക് "രാസാധ്യ ക്ഷ" എന്നും പേരു കൊടുത്ത പാരമ്പര്യം നമുക്കുണ്ട് (അഷ്ടാംഗഹൃദയം ) നിത്യവും കഴിക്കുന്ന ഭക്ഷണത്തിൽ ആറ് രസങ്ങളും ചേരണമെന്നും, എന്നാൽ ഋതുഭേദമനുസരിച്ച് രസങ്ങളിൽ ന്യൂനാധിക്യം വരുത്തണമെന്നും തുടർന്നു പറയുന്നു..
[ "നിത്യം സർവ്വരസാഭ്യാസ, സ്വസ്വാധികൃമുതാവുത് "] ( കട്വമ്ല
ലവണാ തൃഷ്ണ സ്നിഗ്ധ മധുരങ്ങളാണ് ആറ് രസങ്ങൾ )
ഇതൊക്കെയായിരുന്നു ഭക്ഷണത്തെക്കുറിച്ചുള്ള പ്രാചീന സങ്കല്പങ്ങൾ. എന്നാൽ എളുപ്പത്തിൽ കിട്ടുന്നത്, നല്ല രുചിയുള്ളത്, (കൃത്രിമമാണെങ്കിൽ പോലും) വാങ്ങിയ ഉടനെ കഴിക്കാൻ സാധിക്കുന്നത് ആകർഷകങ്ങളായ നിറവും മണവും ഉള്ളത് വലിയ താരമൂല്യമുള്ളത്, ഉദാ: കെന്റഗിചിക്കൻ, പിസ്സ, ബർഗർ, അങ്ങനെ പലതും ഒക്കെയായിപ്പോയി പുതിയ ഭക്ഷണത്തിൻ്റെ ശീലങ്ങൾ. കാണാൻ കൊള്ളുന്നത് തിന്നാൽ കൊള്ളില്ല എന്ന നാടൻ ചൊല്ലുണ്ടല്ലോ അത് അക്ഷരാർത്ഥത്തിൽ ശരിയായി കൊണ്ടിരിക്കുകയാണ്.
ശുദ്ധഭക്ഷണം ജന്മാവകാശം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ സമൂഹത്തിൻ്റെ താഴെത്തട്ടിൽ നിന്ന് അതിൻ്റെ പ്രവർത്തനം തുടങ്ങേണ്ടതുണ്ട്. ഇതിന് വേണ്ടി പ്രാദേശിക ' സംഘങ്ങൾ രൂപീകരിക്കാവുന്നതാണ്. അത്തരം സംഘങ്ങൾ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും യോഗം ചേരുകയും പ്രവർത്തന റിപ്പോർട്ടുകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യാവുന്നതാണ്. ജീവിതശൈലി രോഗങ്ങൾ വ്യാപകമായ ഇക്കാലത്ത് ഭക്ഷണത്തിൽ കൂടുതൽ പഴം, പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടതാണെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. എന്നാൽ അവ വിഷമയമാണെങ്കിൽ വിപരീത ഫലമായിരിക്കുമല്ലോ ഉണ്ടാവുക. പ്രാദേശികമായി ലഭിക്കുന്നതും ജൈവരീതിയിൽ കൃഷി ചെയ്യുന്നതുമായ പഴം, പച്ചക്കറികൾക്ക് വലിയ പ്രോത്സാഹനം നല്കേണ്ടതുണ്ട്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുകയും പരമാവധി പ്രോത്സാനിപ്പിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമായി കണക്കാക്കണം. അതോടൊപ്പം പരമ്പരാഗതമായി കഴിച്ചിരുന്ന ഭക്ഷണത്തിൻ്റെ സ്ഥാനത്ത് വൈദേശികവും നമ്മുടെ നാടിനും കാലാവസ്ഥക്കും അനുയോജ്യമല്ലാത്തതുമായ നിരവധി ഭക്ഷ്യവസ്തുക്കൾ പ്രചരിച്ചു വരുന്നുണ്ട്. പല തരത്തിലുള്ള എണ്ണകളും, മസാലകളും, അജിനോമോട്ടോ പോലുള്ള രാസവസ്തുക്കളും ഇത്തരം ഭക്ഷണസാധനങ്ങളിൽ ഉപയോഗിക്കുന്നു. ഇവ പാചകം ചെയ്യുന്ന രീതിയും പലപ്പോഴും അനാരോഗ്യകരമായ തരത്തിലാണ്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കണമെന്ന് തോന്നുന്നതും ഒരു ഫേഷനും, സ്റ്റാറ്റസ് സിമ്പലുമായി ഇത് മാറിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും പ്രചരിപ്പിക്കാനും പുതുതലമുറയെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും വേണ്ട പ്രവർത്തനങ്ങൾ ഈ സംഘടന ഏറ്റെടുത്ത് നടത്തേണ്ടതാണ്. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏകോപിച്ചുള്ള പ്രവർത്തനം നടത്തേണ്ടതുണ്ട്. അതോടൊപ്പം ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുടെ സഹകരണവും ഇക്കാര്യത്തിൽ തേടാവുന്നതാണ്. തദ്ദേശീയമായി ലഭിക്കുന്നതും ഓരോ കാലത്ത് സുലഭമായി ഉണ്ടാവുന്നതുമായ ഭക്ഷ്യവസ്തുക്കൾക്ക് പ്രാമുഖ്യം നല്കി ഭക്ഷ്യമേളകൾ സംഘടിപ്പിക്കുക എന്നത് മറ്റൊരു പ്രചാരണ പ്രവർത്തനമായി നടപ്പാക്കാം ഇപ്പോൾ തന്നെ കർക്കടക മാസത്തിൽ ഈ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ജൈവകലവറയിൽ നിന്ന് കർക്കിടക കഞ്ഞി ഉണ്ടാക്കി വിതരണം ചെയ്യുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തി മുന്നോട്ട് പോകേണ്ടതാണ്.
രുതുഭേദങ്ങളനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്തുന്ന പതിവ് മുൻപേ ഉണ്ടായിരുന്നു. കർക്കിടകത്തിലെ മരുന്ന് കഞ്ഞി പോലെ തന്നെ പ്രാധാന്യമുള്ളതും ഒരു ആചരണം പോലെയുള്ളതുമായിരുന്നു. ധനുമാസത്തിലെ തിരുവാതിരയ്ക്കും ഉണ്ടാക്കുന്ന "എട്ടങ്ങാടി" എന്ന പുഴുക്കും. ആ സമയത്ത് ലഭ്യമാകുന്ന എട്ടുതരം കിഴങ്ങ് വർഗ്ഗങ്ങളും മറ്റും ചേർത്തുണ്ടാക്കുന്ന എട്ടങ്ങാടി ഇന്നും ചില സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇതേക്കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണ്. പൂർണ്ണമായും പാരമ്പര്യ രീതിയിലേക്ക് മാറാൻ കഴിയില്ലെങ്കിലും മാറിയ കാലത്തിൻ്റെ സാഹചര്യങ്ങളും പാരമ്പര്യ അറിവുകളും സമഞ്ജസമായി സമ്മേളിപ്പിച്ച് ആരോഗ്യകരമായ ഒരു ഭക്ഷണശീലം വളർത്തിയെടുക്കേണ്ടതാണ്. കേരളത്തിൽ നെൽകൃഷി വളരെയധികം കുറഞ്ഞിട്ടുണ്ടെങ്കിലും നാമമാത്രമായെങ്കിലും പല സ്ഥലങ്ങളിലും നിലനിൽക്കുന്നുണ്ട്. ആയിരക്കണക്കിന് ഏക്കർ നെൽവയലുകൾ തരിശായി കിടക്കുന്നുമുണ്ട്. തരിശു നില കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെൻ്റ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ആവശ്യത്തിന് അനുസരിച്ച് ഫലപ്രദമാകാത്തതാണ്. നമ്മുടെ ഭക്ഷണത്തിൻ്റെ സിംഹഭാഗവും അരിയാന്നെന്നിരിക്കെ അതിൻ്റെ ഉദ്ല്ലാദനം തുലോം തുച്ഛമാണ്. അരിക്ക് നമ്മൾ മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. വൻ കിട മില്ലുകളിൽ നിന്ന് പോളീഷ് ചെയ്ത്
വിവിധ ബ്രാൻ്റുകളിൽ മാർക്കറ്റിൽ കിട്ടുന്ന അരിയാണ് ഭൂരിഭാഗം കേരളിയരും ഉപയോഗിക്കുന്നത്. അല്പം പോലും തവിടില്ലാത്തതും കൃത്രിമമായി രാസവസ്തുക്കൾ ഉപയോഗിച്ച് പോളീഷ് ചെയ്തതുമായ അരി ഒരിക്കലും ശുദ്ധഭക്ഷണത്തിൻ്റെ ഗണത്തിൽപ്പെടുന്നതല്ല. ഈ സാഹചര്യത്തിൽ നെൽകൃഷി വർദ്ധിപ്പിക്കാനും പാഠശേഖര സമിതികൾ സജീവമാക്കാനും പരമാവധി തരിശു നിലങ്ങളിൽ കൃഷി ചെയ്യാനും വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ഗവൺമെന്റ് ചെയ്യും എന്ന് വിചാരിച്ച് നിഷ്ക്രിയരായിരുന്നാൽ പോരാ. ബഹുജന പങ്കാളിത്തത്തോടെ ഇത് ചെയ്യാൻ ഒരു ചാലകശക്തിയായി പ്രവർത്തിക്കാൻ "ഭക്ഷ്യശ്രീക്ക് "-- കഴിയണം.
ഭക്ഷ്യവസ്തുക്കൾ കേടാകാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നവയാണ്, പ്രിസർവേറ്റീവ്സ് എന്നറിയപ്പെടുന്ന രാസവസ്തുക്കൾ, അതേ പോലെ ഭക്ഷ്യവസ്തുക്കൾ ആകർഷകമാക്കാൻ വേണ്ടി നിറങ്ങളും ഉപയോഗിക്കുന്നു. കൃത്രിമ നിറങ്ങളുടെയും പ്രിസർവേറ്റീവുകളുടെയും അനിയന്ത്രിതമായ ഉപയോഗം കേൻസർ, ഡയബറ്റീസ്, മുതലായ രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് നിരോധിക്കപ്പെട്ട പ്രിസർവേറ്റീവുകളും, നിറങ്ങളും, വരെ ബ്രെഡ്, സോസ് മറ്റ് റെഡി ദി ഈറ്റ് , ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ ഉപയോഗിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇതിനെതിരെ വ്യാപകമായ പ്രചാരണങ്ങൾ നടത്തേണ്ടതുണ്ട്. ഈ വിഷയത്തിൽ വിദഗ്ധരായവരെ പങ്കെടുപ്പിച്ച് കൊണ്ട് സെമിനാറുകളും മറ്റ് പ്രചാരണ പ്രവർത്തനങ്ങളും നടത്താവുന്നതാണ്.
അതിവേഗം മാറി കൊണ്ടിരിക്കുന്ന ജീവിത രീതിയുടെ ഒരു പ്രത്യേകതയാണ്. "നൈറ്റ് ലൈഫ് " എന്നത്. ടൂറിസത്തിൻ്റെയും മറ്റും ഭാഗമായി ഗവൺമെൻ്റ് തലത്തിൽ വരെ ഇത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. രാത്രി വളരെ വൈകി കഴിക്കുന്ന കൂടുതലും മാംസാധിഷ്ഠിതമായ ഭക്ഷ്യവസ്തുക്കൾ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ് പ്രത്യേകിച്ച് യുവജനങ്ങളുടെ കാര്യത്തിൽ. ഭക്ഷണം കഴിച്ച് ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞേ ഉറങ്ങാവൂ എന്ന് ആരോഗ്യ വിദഗ്ദ്ധർ നിഷ്കർഷിക്കുന്നു. എന്നാൽ രാത്രി വളരെ വൈകി വയറു നിറയെ "ജങ്ക് "ഫുഡ് കഴിച്ച് ഉടനെ ഉറങ്ങുന്ന ഒരു പതിവ് ഇന്ന് കാണുന്നു. ദഹനപ്രക്രിയ താറു മാറാവുകയാണ് ഇത് കൊണ്ട് സംഭവിക്കുന്നത്. ഈ ശീലത്തിനെതിരെ ബോധവൽക്കരണം നടത്തേണ്ടതാണ്.
ശുദ്ധമായ ഭക്ഷണം പരമാവധി ജനങ്ങൾക്ക് ലഭിക്കാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കുക ഭക്ഷ്യവസ്തുക്കളിലെ രാസവിഷങ്ങൾ പ്രിസർവേറ്റീവുകൾക്കെതിരെ ബോധവൽക്കരണം നടത്തുക, മായം കലർന്ന ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുക തെറ്റായ ഭക്ഷ്യ ശീലങ്ങൾ ഒഴിവാക്കാൻ വേണ്ട പ്രചാരണം നടത്തുക എന്നിങ്ങനെ ശുദ്ധമായ ഭക്ഷണം എന്ന സ്വപ്നം സാക്ഷാകരിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുക എന്നതാണ് സാമാന്യമായി ഭക്ഷ്യ ശ്രീ എന്ന ഈ പ്രസ്ഥാനം ദൗത്യമായി ഏറ്റെടുക്കുന്നത്.
അന്നത്തെ നിന്ദിക്കരുത് അന്നം വേണ്ടെന്ന് പറയരുത്, ധാരാളം അന്നം കൃഷി ചെയ്തുണ്ടാക്കണം അത് വിതരണം ചെയ്യണം. അന്നം കൊണ്ടാണ് സകല ജീവജാലങ്ങളും പ്രാണൻ നിലനിർത്തുന്നത്. അന്നം ഈശ്വരൻ തന്നെയാണ് എന്നെല്ലാമുള്ള ആർഷവചനം ഭക്ഷ്യ ശ്രീക്ക് പ്രചോദനം നല്കുന്നതാണ്. അന്നമയമാണ് മനസ്സ്, ജലമയമാണ് പ്രാണൻ, തേജോമയമാണ് വാക്ക് എന്ന് ഉപനിഷത്ത്.
പി. പി.ഉണ്ണികൃഷ്ണൻ
റിട്ട:ഡി.വൈ.എസ്.പി&
വൈസ് ചെയർമാൻ,
"ഭക്ഷ്യശ്രീ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








