മലപ്പുറം: ചികിത്സാഉപയോഗത്തിനായി വിപണിയിലുള്ള 38 ശതമാനം മെഡിക്കൽ പ്രോട്ടീൻ പൗഡറുകളിലും ഉയർന്നതോതിൽ ഘനലോഹാംശങ്ങളും വിഷാംശവും ഉള്ളതായി പഠനറിപ്പോർട്ട്. ‘മിഷൻ ഫോർ എത്തിക്സ് ആൻഡ് സയൻസ് ഇൻ ഹെൽത്ത്‌കെയർ’ (മെഷ്) നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. അപകടകരമായ ഫംഗസുകളും കണ്ടെത്തിയിട്ടുണ്ട്. ദേശീയ-അന്തർദേശീയ ആരോഗ്യവിദഗ്ധരുടെ കൂട്ടായ്മയാണ് ‘മെഷ്’.
വിപണിയിലുള്ള പ്രധാനപ്പെട്ട 34 ഇനം മെഡിക്കൽ, ഫിറ്റ്‌നസ് പ്രോട്ടീൻ പൗഡറുകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കരൾ, വൃക്കരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നതാണ് മെഡിക്കൽ പ്രോട്ടീൻ. ശരീരസൗന്ദര്യ വർധനയ്ക്ക് ഉപയോഗിക്കുന്നത് ഫിറ്റ്‌നസ് പ്രോട്ടീനാണ്.
38 ശതമാനം മെഡിക്കൽ പ്രോട്ടീൻ പൗഡറുകളിൽ കാഡ്മിയം, ആർസനിക്, ചെമ്പ് എന്നിവയുടെ അംശം കൂടുതലാണെന്നാണ് കണ്ടെത്തൽ. ഫിറ്റ്‌നസ് പ്രോട്ടീനുകളിൽ ഇത് 25 ശതമാനമാണ്. 11 ശതമാനം മെഡിക്കൽ പ്രോട്ടീനുകളിലും അപകടകരങ്ങളായ ഫംഗസുകളും കണ്ടെത്തി. ഫിറ്റ്‌നസ് പ്രോട്ടീനുകളിൽ അതില്ല.
കരൾരോഗമുള്ള ഒരാൾക്ക് ദിവസം 30 ഗ്രാം പ്രോട്ടീൻ ലഭിക്കാൻ ദിവസവും 250 ഗ്രാമോളം മെഡിക്കൽ പ്രോട്ടീൻ കഴിക്കണം. അതിന് മാസം 11,000 മുതൽ 15,000 രൂപവരെ ചെലവാകും. ഫിറ്റ്‌നസ് പ്രോട്ടീനാണെങ്കിൽ മാസം 4,300 രൂപയോളമാണ് വരിക. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ‘മെഷ്’ പ്രധാനമായും നടത്തുന്നത്.
ഡോ. അബി ഫിലിപ്പ്, ഡോ. ടി. ആരിഫ്ഹുസൈൻ, ഡോ. ആര്യലക്ഷ്മി, ശ്രീമോഹൻ, ഡോ. അമ്പിളി, ബേബി, ഡോ. ഷൈൻസ് മോൻ തുടങ്ങിയവരടങ്ങിയ സംഘമാണ് ക്ലിനിക്കൽപഠനം നടത്തിയത്.
മറ്റു പ്രധാനവിവരങ്ങൾ
മെഡിക്കൽ പ്രോട്ടീൻ പൗഡറുകളിൽ നൂറുഗ്രാമിൽ വെറും 10-45 ഗ്രാം മാത്രമേ പ്രോട്ടീൻ ഉള്ളൂ. ഫിറ്റ്‌നസ് പ്രോട്ടീനുകളിൽ ഇത് 60-90 എന്ന നിലയിലുണ്ട്.
അമിനോ ആസിഡുകളുടെ ഗുണനിലവാരവും വളരെ കുറവാണ്.
11 ശതമാനം പൗഡറുകളിലും സ്റ്റിറോയ്ഡ് ഹോർമോൺ ആയ പ്രൊജസ്‌ട്രോൺ കാണപ്പെട്ടു. ഫിറ്റ്‌നസ് പ്രോട്ടീനുകളിൽ ഇത് ആറു ശതമാനമേയുള്ളൂ.
44 ശതമാനത്തിലും സുക്രോസ് എന്ന പഞ്ചസാര ചേർത്തിട്ടുണ്ട്.
ഗുണകരമല്ലാത്ത ഫ്രക്ടോസ് എന്ന പഞ്ചസാര 33 ശതമാനത്തിലുമുണ്ട്. ഫിറ്റ്‌നസ് പ്രോട്ടീനുകളിൽ ഇതു രണ്ടും അപൂർവമാണ്.
89 ശതമാനം കമ്പനികളും കൂടുതൽ പ്രോട്ടീനുണ്ടെന്ന് കാണിക്കാൻ വിലകുറഞ്ഞ ടോറിൻ ചേർക്കുന്നു.
(കടപ്പാട്: മാതൃഭൂമി ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











