
തിരുവനന്തപുരം: പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ
നിർമിതബുദ്ധിയുടെ (എഐ) സാധ്യതകൾ തേടി ആരോഗ്യവകുപ്പ്. രോഗീപരിചരണത്തിനും രോഗനിർണയത്തിനും എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ ഒരുങ്ങുന്നത്. എഐ ടൂളുകൾ ഉപയോഗിച്ച് സ്ട്രോക്ക് കണ്ടെത്തുന്ന ചികിത്സാരീതികൾ പൈലറ്റ് അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജുകളിലും മറ്റു പ്രധാന സർക്കാർ ആശുപത്രികളിലും ആരംഭിക്കും.
ഗർഭാശയഗള കാൻസർ നേരത്തേ കണ്ടെത്തുന്ന 'പിഎപി സ്മീർ സ്ലൈഡ് പരിശോധന വേഗത്തിലാക്കാനും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടും. കേരള ഡിവലപ്പ്മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻ്റെ (കെ ഡിസ്ക്) സഹായം ഇതിനായി ആരോഗ്യവകുപ്പ് തേടി. ഡേറ്റാ വാലിഡേഷൻ പ്രക്രിയയും ആരംഭിച്ചു.
ഡയബറ്റിക് റെറ്റിനോപതി പരിശോധനയ്ക്കുള്ള എഐ ടൂളുകൾ വികസിപ്പിക്കുന്നതും പരിഗണനയിലാണ്. നേത്രരോഗ പരിശോധനയ്ക്ക് സർക്കാർ ആരംഭിച്ച നയനമിത്രം പദ്ധതിയിൽ എഐ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
നടക്കാൻ പഠിപ്പിക്കുന്ന ജി ഗെയ്റ്റർ
സ്ട്രോക്ക്, നട്ടെല്ലിന് ക്ഷതം, പാർക്കിൻസൺസ്, അപകടങ്ങൾ എന്നിവ കാരണം ചലനശേഷി നഷ്ടമായവരെ നടക്കാൻ പഠിപ്പിക്കുന്ന ജി ഗെയ്റ്റർ നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പ് കമ്പനിയായ ജെൻ റോബോട്ടിക്‌സ് വികസിപ്പിച്ച ഇതിൽ നിർമിതബുദ്ധി പാറ്റേണുകളും ഉപയോഗിക്കുന്നു. നൂറുകണക്കിന് രോഗികൾക്കാണിത് ആശ്വാസമായത്. ജി ഗെയ്റ്റർ സ്ഥാപിച്ച രാജ്യത്തെ ആദ്യ സർക്കാർ ആശുപത്രിയാണിത്.
ഇൻഷുറൻസ് മേഖലയിലും
ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ലക്ഷ്യമിടുന്ന കൂടുതൽ വിദേശകമ്പനികൾ വരുംവർഷങ്ങളിൽ കേരളത്തിൽ ചുവടുറപ്പിക്കാൻ സാധ്യതയുണ്ട്. അവരെ സഹായിക്കാനുള്ള ഗ്ലോബൽ കപ്പാസിറ്റി സെന്ററുകളും സജീവമായേക്കും. കുടുംബത്തിന്റെ ജനിതകപ്രശ്നങ്ങളടക്കം പഠിച്ച് പ്രീമിയം നിശ്ചയിക്കാനുള്ള പുതുതലമുറയിലെ സാങ്കേതിക വിദ്യകളായിരിക്കും അവർ പ്രയോജനപ്പെടുത്തുക.
എന്നാൽ, കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള ചികിത്സകളെ ആധുനികചികിത്സയായി നിർവചിക്കുന്ന ഇൻഷുറൻസ് കമ്പനികൾ 100 ശതമാനം ചികിത്സച്ചെലവും നൽകാനിടയില്ലെന്ന് ഇൻഷുറൻസ് ഉപദേശകനായ വിശ്വനാഥൻ ഒടാട്ട് പറഞ്ഞു. ഇതിനായി കമ്പനികൾക്കാവശ്യമായ വിവരങ്ങൾ പങ്കുവെക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും, സർക്കാർ നയ രൂപവത്കരണവും വേണമെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group