അപൂർവ രോഗവുമായെത്തിയ 66-കാരന് പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയനേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്

അപൂർവ രോഗവുമായെത്തിയ 66-കാരന് പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയനേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്
അപൂർവ രോഗവുമായെത്തിയ 66-കാരന് പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയനേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്
Share  
2025 Jul 17, 09:47 AM
mannan

അമ്പലപ്പുഴ മഹാധമനിയിൽനിന്നു തലച്ചോറിലേക്കുള്ള രക്തധമനിക്ക് വീക്കം കണ്ടെത്തിയ 66 കാരന് പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാവിഭാഗം. സ്വകാര്യ ആശുപത്രികളിൽ പതിനഞ്ചു ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ ആരോഗ്യപദ്ധതിപ്രകാരം തികച്ചും സൗജന്യമായാണ് നടത്തിയത്.


ലക്ഷത്തിൽ ഒരാൾക്കുമാത്രം കണ്ടുവരുന്ന അപൂർവ രോഗാവസ്ഥയാണിതെന്ന് ഡോക്ടർമാർ പറയുന്നു. കാർത്തികപ്പള്ളി പുത്തൻ മണ്ണേൽ രണദേവാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. ശബ്ദവ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞ മേയ് മാസത്തിൽ ഇഎൻടി ഒപിയിലെത്തിയ ഇദ്ദേഹത്തെ സ്കാനിങ് പരിശോധനയ്ക്കുശേഷം ഹൃദയശസ്ത്രക്രിയാവിഭാഗത്തിലേക്കു മാറ്റി.


എക്കോ, ആൻജിയോഗ്രാം തുടങ്ങിയ പരിശോധന നടത്തി ഡോക്‌ടർമാർ ശസ്ത്രക്രിയ നിശ്ചയിച്ചു. വിലപിടിപ്പുള്ള ശസ്ത്രക്രിയാ ഉപകരണങ്ങൾ സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലഭ്യമാക്കിയത്. രോഗിയുടെയും രോഗസാഹചര്യത്തിന്റെയും തീവ്രത മനസ്സിലാക്കിക്കൊണ്ട് ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാറിന്റെയും ജീവനക്കാരുടെയും അടിയന്തര ഇടപെടലിൽ ഉപകരണങ്ങൾ വേഗം ലഭിച്ചു. കഴിഞ്ഞമാസം 30 നായിരുന്നു അതിസങ്കീർണമായ ശസ്ത്രക്രിയ.


മഹാധമനിയുടെ പ്രധാനഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാൽ ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തി ഹാർട്ട് ലങ് മെഷിൻ്റെ സഹായം തേടി. തലച്ചോറിലേക്കും മറ്റു ശരീരഭാഗങ്ങളിലേക്കും ശരീരോഷ്‌മാവ് കുറച്ച് നിയന്ത്രിതമായ രീതിയിൽ തടസ്സമില്ലാതെ രക്തചംക്രമണം സാധ്യമാക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. നാലുമണിക്കൂറോളം ഇതെല്ലാം കൃത്യമായ രീതിയിൽ ഹാർട്ട് ലങ് മെഷിൻ്റെ സഹായത്തോടെ സാധ്യമാക്കുകയും വീക്കം വന്നഭാഗം നീക്കംചെയ്‌ത്‌ കൃത്രിമ രക്തധമനി വെച്ചുപിടിപ്പിക്കുകയും ചെയ്തു‌.


ശസ്ത്രക്രിയയ്ക്കുശേഷം 48 മണിക്കൂർ വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ രോഗിക്ക് പൂർണബോധം തിരിച്ചുവന്നതോടെ വെന്റിലേറ്ററിൽനിന്നു മാറ്റി അഞ്ചുദിവസത്തെ തീവ്രപരിചരണത്തിനുശേഷം വാർഡിലാക്കി. പൂർണമായും ആരോഗ്യനില കൈവരിച്ച ഇദ്ദേഹം ബുധനാഴ്ച ആശുപത്രി വിട്ടു. ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. വി. സുരേഷ്കുമാർ, അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. കെ.ടി. ബിജു, ഡോ. ആനന്ദക്കുട്ടൻ, അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. കൊച്ചുകൃഷ്‌ണൻ, അനസ്തീസ്യ വിഭാഗത്തിലെ മേധാവി ഡോ. വീണ, അസോസിയേറ്റ് പ്രൊഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എ. ഹരികുമാർ, അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ബിറ്റു, ഡോ. അനാമിക, ഡോ. ചുവാണ്ട്, പെർഫ്യൂഷനിസ്സുമാരായ പി.കെ. ബിജ്യ, ആൻസു മാത്യു, നഴ്സിങ് ഓഫീസർമാരായ രാജിമോൾ, സരിത വർഗീസ്, രാജലക്ഷ്മി, അർച്ചന, ഉബീന, ഹാഷിദ്, അനസ്‌തീസ്യ ടെക്‌നീഷ്യൻ ശ്രീജിത്ത്, നഴ്‌സിങ് അസിസ്റ്റന്റുമാരായ സുധർമ, സീന, വിനോദ് എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan