സ്റ്റിറോയ്ഡില്ലെങ്കിൽ പടിക്കുപുറത്ത്

സ്റ്റിറോയ്ഡില്ലെങ്കിൽ പടിക്കുപുറത്ത്
സ്റ്റിറോയ്ഡില്ലെങ്കിൽ പടിക്കുപുറത്ത്
Share  
2025 Jul 10, 10:12 AM
mannan

ശരീര സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നവർക്കും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധകിട്ടണമെന്നു ആഗ്രഹിക്കുന്നവർക്കുമാണ് അനബോളിക് സ്റ്റിറോയ്‌ഡുകളോട് താത്‌പര്യം. കുത്തിവെക്കുന്ന മരുന്ന് എന്തിന് ഉപയോഗിക്കുന്നതാണെന്നോ അത് ഓരോ ശരീരത്തിലും ഉപയോഗിക്കുന്നതിനു അളവുകൾ എത്രയുണ്ടെന്നോ കുത്തിവെപ്പെടുക്കുന്നവനും നൽകുന്നവനും അറിയുന്നില്ല എന്നതാണ് വസ്തുത.


ഇതൊന്നും ഉപയോഗിക്കാതെ മത്സരത്തിൽ പങ്കെടുത്തുകൂടേ എന്ന ചോദ്യത്തിനു ലഭിച്ച മറുപടിയാണ് മേഖലയിൽ സ്റ്റിറോയ്ഡ് എന്ന ഭീകരൻ എത്രത്തോളം ആഴത്തിൽ ഇറങ്ങിക്കഴിഞ്ഞു എന്നു വെളിവാക്കുന്നത്.


'എല്ലാവരും ഇത് കുത്തിവെച്ചാണ് പങ്കെടുക്കുന്നത്. ഞാൻ മാത്രം ഒന്നും ചെയ്തില്ലെങ്കിൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്താകും. മറ്റുള്ളവരുടെ മുൻപിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇതുംകൂടി വേണം', ആരോഗ്യമുള്ള ശരീരം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മത്സരത്തിലാണ് മരുന്ന് കുത്തിവെച്ച കാലുകൾ എത്തുന്നത്.


എല്ലാ ജിംനേഷ്യങ്ങളും സ്റ്റിറോയ്‌ഡിനെ പ്രോത്സാഹിപ്പിക്കുന്നവയല്ല. ചില ഫിസിക്കൽ ട്രെയിനർമാരാണ് സ്റ്റിറോയ്‌ഡ് മരുന്ന് ഉപയോഗിക്കുന്നതിന്റെ മെച്ചങ്ങൾ പറയുക. ശരീരത്തെ ബാധിക്കുന്ന ഈ മരുന്നുകൾ ഉപയോഗിക്കുന്നതിനു മുൻപ് ഒരു ഫിസിയോളജിസ്റ്റിനെ കാണുന്നതിനെക്കുറിച്ച് വളരെ വിരളമായ ആളുകൾ മാത്രമാണ് ചിന്തിക്കുന്നത്.


പാർശ്വഫലങ്ങളും വാഷ്‌ഔട്ടും


ഹൃദയാഘാതമാണ് അനബോളിക് സ്റ്റിറോയ്‌ഡ് ഉപഭോക്താക്കൾ നേരിടുന്ന വെല്ലുവിളി. ജിമ്മിൽ മണിക്കൂറോളം വർക്കൗട്ട് ചെയ്‌ത ചെറുപ്പക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന വാർത്ത കേൾക്കാറില്ലേ. അതിലൊരു വിഭാഗം ഈ മരുന്നിൻ്റെ ഇരകളാണ്. മസിലിൻ്റെ മാസ് കൂടി രക്തസമ്മർദ്ദം കൂടും. ഈ സമയം ചുവന്ന രക്താണുക്കളുടെ കട്ടി കൂടും. അപ്പോൾ രക്തവാൽവിൽ പ്രഷർ ചെലുത്തുമ്പോൾ പൊട്ടി ഹൃദയാഘാതം സംഭവിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ, ലിവർ സിറോസിസ്, തലമുടികൊഴിച്ചിൽ, ശരീരഭാഗങ്ങളിൽ കൂടുതൽ രോമവളർച്ച, കുരു വളരൽ, ലൈംഗികപ്രശ്‌നം, മാനസികപ്രശം (ദേഷ്യപ്പെടൽ, ആത്മഹത്യാ പ്രവണത) തുടങ്ങിയവ സ്റ്റിറോയ്‌ഡുകളുടെ പാർശ്വഫലങ്ങളാണ്. പെൺകുട്ടികൾ ഉപയോഗിച്ചാൽ പിരിയേഡ്‌സ് സൈക്കിൾ തെറ്റുകയോ വരാതിരിക്കുകയോ ചെയ്യും.


നിശ്ചിത കാലത്തെ കോഴ്‌സ് അവസാനിച്ച് ശരീരത്തിൽനിന്ന് സ്റ്റിറോയ്ഡുകളുടെ അംശങ്ങൾ കളയാൻ വാഷ്ഔട്ട് എന്ന പേരിൽ അറിയപ്പെടുന്ന 'പോസ്റ്റ് സൈക്കിൾ തെറാപ്പി' എന്നൊരു കോഴ്‌സുണ്ട്. പിറ്റിയൂട്ടറി ഗ്രന്ഥി ഉത്തേജിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നതിനെക്കുറിച്ചും കാര്യമായ പഠനങ്ങളില്ല.


ജിമ്മുകളിൽ വേണം പരിശോധന


07 മുതലാണ് കേരളത്തിൽ ഫിറ്റ്‌നസ് സെൻ്റർ എന്ന ആശയം വ്യാപകമായതെന്ന് എറണാകുളത്ത് ഫിറ്റ്നസ് 4 എവർ നടത്തുന്ന വിപിൻ സേവ്യർ പറഞ്ഞു. ആരോഗ്യമുള്ള മനസ്സും ശരീരവും വേണമെന്ന ചിന്ത പുതുതലമുറയ്ക്ക് കൂടിയപ്പോൾ ഫിറ്റ്നസ് സെൻ്ററുകളുടെ എണ്ണവുംകൂടി. ഫിറ്റ്നസ് ട്രെയിനർമാർക്ക് ശരീരത്തേക്കാളുപരി നല്ല മനസ്സാണ് വേണ്ടത്. ഓരോ വ്യക്തിയുടേയും ശരീര പ്രത്യേകതയനുസരിച്ചാണ് പരിശീലനം നൽകേണ്ടത്. നിർഭാഗ്യവശാൽ ആരോഗ്യം വളർത്തോണ്ട് ചില കേന്ദ്രങ്ങൾ അവ നശിപ്പിക്കുന്ന കാഴ്ചയാണുള്ളത്. ഇത്തരം കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന നടത്തണം. ബോഡി ബിൽഡിങ് മത്സരങ്ങൾക്കുശേഷം കിഡ്‌നി അസുഖം ബാധിച്ച നിരവധിപേരാണ് സമൂഹത്തിലുള്ളത്. ഒരു ബോഡി ബിൽഡറും തന്റെ മക്കൾക്ക് സ്റ്റിറോയ്‌ഡ് നൽകില്ല. അക്കാര്യം മാത്രംമതി അതിന്റെ ഗൗരവം എത്രയുണ്ടെന്ന് മനസ്സിലാക്കാൻ വിപിൻ പറഞ്ഞു.


(കായിക മത്സരങ്ങളിൽ മരുന്ന് പരിശോധന നടത്താൻ പണമൊരു പ്രശ്നമാണ്. അതിനെക്കുറിച്ച് നാളെ)

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan