
വെളിച്ചെണ്ണയിൽ
തെന്നി അടുക്കള ബജറ്റ്
തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിക്കുന്നത് അടുക്കളയില്‍ അറിഞ്ഞുതുടങ്ങി. ജനുവരി ആദ്യം ലിറ്ററിന് 200 രൂപയ്ക്ക് താഴെ നിന്നിരുന്ന വെളിച്ചെണ്ണ വില ഇന്ന് 450-ഉം കടന്നു. പൊതിച്ച തേങ്ങയ്ക്ക് കിലോ 75-90 രൂപയിലുമെത്തി. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഉപയോഗം കുറച്ച്, രുചിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ വീടുകളും ഭക്ഷണവിതരണ സ്ഥാപനങ്ങളും ഹോട്ടലുകളും നിര്‍ബന്ധിതരാകുകയാണ്. പല വിഭവങ്ങളും ഇപ്പോള്‍ മെനുവില്‍ നിന്ന് പുറത്തായി.
രുചിയില്‍ വിട്ടുവീഴ്ചയ്ക്ക് പരിമിതി
കഴിഞ്ഞവര്‍ഷം ജൂലായില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 170 രൂപയായിരുന്നു. ഒരു കിലോ തേങ്ങയുടെ വില 32-ഉം. അവശ്യസാധനങ്ങളുടെ വിലക്കയറ്റംകൊണ്ട് പല കാറ്ററിങ്ങുകളും പൂട്ടിത്തുടങ്ങി. വെളിച്ചെണ്ണയും തേങ്ങയും കുറച്ച് പാചകം ചെയ്യാന്‍ ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. രുചിയുള്ള ഭക്ഷണം വിളമ്പിയാലേ ഞങ്ങള്‍ക്ക് വീണ്ടും ഓര്‍ഡറുകള്‍ കിട്ടൂ. ഏതു വിഭവവും അതിന്റെ ചേരുവകള്‍ ചേര്‍ത്തുതന്നെ പാകംചെയ്യേണ്ടതുണ്ട്. എന്റെ കാറ്ററിങ് യൂണിറ്റ് മീന്‍കറി വെക്കാന്‍ തേങ്ങാപ്പാലാണ് ഉപയോഗിക്കുന്നത്. അതിന്റെ രുചിയതാണ്. പക്ഷേ, എത്രകാലം പറ്റുമെന്നറിയില്ല. വെളിച്ചെണ്ണയില്‍ താളിക്കാതെ കറികള്‍ നല്‍കാനാകില്ല. ഒരു മാസം മുന്‍പ് ഓര്‍ഡര്‍ സ്വീകരിച്ചപ്പോഴുള്ള വിലയല്ല സാധനങ്ങള്‍ക്കൊന്നുംതന്നെ. ഇത്തരത്തില്‍ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കൂടിയാല്‍ മിക്ക യൂണിറ്റുകളും പൂട്ടിപ്പോകും. - ബാലന്‍ കല്യാണി ,കാറ്ററിങ് അസോ. ജില്ലാ ജനറല്‍സെക്രട്ടറി.
മീന്‍ മുളകിട്ടുതുടങ്ങി, പൂരി ഔട്ട്
നാലാളുകളുള്ള കുടുംബമാണ്. തേങ്ങയും വെളിച്ചെണ്ണയുമില്ലാതെ ഒരു ദിവസംപോലും കഴിഞ്ഞുപോകില്ലെന്നറിയാലോ. എത്ര പിശുക്കിയാലും ദിവസം രണ്ടു തേങ്ങയോളം വേണം. നേരത്തേ തേങ്ങാപ്പാല്‍ ഒഴിച്ചായിരുന്നു മീന്‍കറി വെച്ചിരുന്നത്. ഇപ്പോള്‍ തേങ്ങ അരച്ചുതുടങ്ങി. മീന്‍ മുളകിടുകയെന്നത് പതിവില്ലായിരുന്നു. അതും പരീക്ഷിച്ചുതുടങ്ങി. പുട്ട്, വെള്ളേപ്പം, അട തുടങ്ങിയ പലഹാരമെല്ലാം തത്കാലം ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. മാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണയോളം വേണ്ടിവരാറുണ്ട്. പഴയ വെളിച്ചെണ്ണയുടെ മണമോ രുചിയോ ഒന്നുമില്ല. ചിലതു വേഗം പുകയുകയും കരിയുകയും ചെയ്യുന്നു. സൂക്ഷിച്ചുപയോഗിച്ചോളൂട്ടോ എന്ന ഉപദേശത്തോടെ ഭര്‍ത്താവ് ഓരോ തവണ വെളിച്ചെണ്ണ വാങ്ങുമ്പോഴും വില ഓര്‍മിപ്പിക്കാറുണ്ട്. കുട്ടികളുടെ ഇഷ്ടപലഹാരമായ പൂരിയും എണ്ണക്കടികളും കുറച്ചുകാലം വേണ്ടെന്നു വെക്കേണ്ടിവരും. - വിജി സുരേഷ്, ചെണ്ടിക്കാട്ടുപറമ്പില്‍, കുഴൂര്‍.
സുഭിക്ഷയുടെയും താളം തെറ്റും
ദിവസം എഴുന്നൂറോളം പേരാണ് ഊണ് കഴിക്കാനെത്തുന്നത്. 20 രൂപയ്ക്കാണ് ഊണ് കൊടുക്കുന്നത്. പലഹാരങ്ങള്‍ക്ക് 10 രൂപ വീതവും. സാമ്പത്തികബാധ്യതകളെല്ലാം തീര്‍ത്ത് കരകയറിവരുകയായിരുന്നു. വിലക്കയറ്റം കാരണം ഊണിന് 30 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. പക്ഷേ, വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കുതിക്കുമ്പോള്‍ പേടിയുണ്ട്. ദിവസം 12 ലിറ്ററോളം എണ്ണയാണ് വേണ്ടിവരുന്നത്. മീന്‍വിഭവങ്ങളും ബീഫും ചിക്കനുമൊക്കെയാണ് ലാഭമുണ്ടാക്കാനുള്ള വഴികള്‍. 30 രൂപയ്ക്കാണ് ഇവ നല്‍കുന്നത്. വെളിച്ചെണ്ണ ഉപയോഗിച്ചില്ലെങ്കില്‍ ഇവയ്ക്ക് രുചിവ്യത്യാസമുണ്ടാകും. എന്നാല്‍, അയ്യായിരത്തിനുമേലെ രൂപ വെളിച്ചെണ്ണയ്ക്കുവേണ്ടി നീക്കിവെക്കണം. അത് സാധ്യമല്ല. നിവൃത്തിയില്ലാതെ സണ്‍ഫ്‌ളവര്‍ ഓയില്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. പലഹാരങ്ങള്‍ക്കും കറികള്‍ക്കും തോരനുമൊക്കെയായി 15 കിലോയോളം തേങ്ങയും ആവശ്യമായിവരുന്നു. - അനിതാ സജിത്ത്, സുഭിക്ഷ ഹോട്ടല്‍ ഇന്‍ചാര്‍ജ്, കുന്നംകുളം.
ഹോട്ടലുകള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്
സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം കാരണം ഹോട്ടല്‍മേഖല നേരത്തേതന്നെ നഷ്ടത്തിലാണ്. അതിനിടെയാണ് പ്രതിസന്ധി കൂട്ടി തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലക്കയറ്റം. വില താങ്ങാനാകാതെ വന്നതോടെ ഹോട്ടലുകള്‍ പാമോയിലിലേക്കും സണ്‍ഫ്‌ലവര്‍ ഓയിലിലേക്കും മറ്റും മാറുകയാണ്. രുചി കുറയുമെന്നതില്‍ സംശയമില്ല. അത് കച്ചവടത്തെ ബാധിക്കും. പക്ഷേ, മറ്റു മാര്‍ഗമില്ല. തേങ്ങയുടെ കാര്യത്തില്‍ ഇത്തരത്തില്‍ പകരം മാര്‍ഗമില്ല. പുട്ടും വെള്ളേപ്പവും പോലുള്ള പലഹാരങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ഇഡ്ഡലിക്കാണെങ്കില്‍ ചട്ണി വേണം. സാമ്പാറില്‍ വറുത്തരച്ച തേങ്ങ കുറച്ച് പരിപ്പുകൂട്ടിയും തേങ്ങ ആവശ്യമായി വരുന്ന കറികളൊഴിവാക്കിയുമൊക്കെയാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. - സി. ബിജുലാല്‍,(ആര്യഭവന്‍, ഗുരുവായൂര്‍), സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍.(കടപ്പാട് :മാതൃഭൂമി)





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group