
ആരോഗ്യസുരക്ഷാരംഗം രോഗാതുരം ;മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലുകൾ രോഗാതുരമായ കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തിൻ്റെ നേർചിത്രമാണ് കാഴ്ചവെക്കുന്നത്.
ആരോഗ്യ സുരക്ഷയിലും സാക്ഷരത രംഗത്തും മൂന്നാം ലോക രാഷ്ടങ്ങൾക്കു മാതൃകയായിരുന്നു കേരളം. ഇത് ഒരു ദിവസം കൊണ്ട് കൈവന്ന നേട്ടമല്ല. മാറി മാറി വന്ന സർക്കാറുകളും സമർപ്പിതമായി പ്രവർത്തിച്ച ഡോക്ടർമാരും നേഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരുമെല്ലാം നടത്തിയ കൂട്ടായ പ്രയത്നത്തിൻ്റെ വിജയം.
ഇന്ത്യാ രാജ്യത്ത് മാത്രമല്ല, ലോക പ്രശസ്ത ആശുപത്രികളിലെല്ലാം മലയാളി ഡോക്ടർമാരെയും നേഴ്സുമാരെയും കാണാം.
ദൗർഭാഗ്യമെന്ന് പറയട്ടെ. കേരളത്തിലെ അതി പ്രശസ്തമായ മെഡിക്കൽ കോളേജുകൾ പോലും അവഗണയും അനാസ്ഥയും ഏറ്റുവാങ്ങിയാണ് മുന്നോട്ടു പോകുന്നത് എന്ന് വരുമ്പോൾ, സാധാരണ ജനങ്ങൾ എത്രമാത്രം ആശങ്കാകുലരാണ്.
സർക്കാർ ആശുപത്രികൾ ഒരു കാലത്ത് ധർമ്മാശുപത്രികൾ എന്നാണ് അറിയപ്പെട്ടത്. അശരണരായ രോഗികളുടെ അഭയകേന്ദ്രമായിരുന്നു അവയൊക്കെ.
കേരളത്തിലെ 12 മെഡിക്കൽ കോളേജുകളിൽ പ്രശസ്തമായ കോഴിക്കോട് മെഡിക്കൽ കോളേജ്, രോഗശുശ്രൂഷാ രംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച മഹത്തായ സ്ഥാപനമായിരുന്നു.
ഇന്ന് പരിമിതികളും പരാതികളുമായി മെഡിക്കൽ കോളേജ് മുന്നോട്ടു പോകുന്നുവെന്ന് കേൾക്കുമ്പോൾ, കടുത്ത ദുഃഖം തോന്നുകയാണ്. ഇത് തന്നെയാണ് കേരളത്തിലെ മിക്ക സർക്കാർ ആശുപത്രികളുടെയും അവസ്ഥ.
ജീവൻ രക്ഷാമരുന്നുകൾ പോലും ലഭ്യമല്ലാതെ, അത്യാവശ്യ ഉപകരണങ്ങൾ പോലും വാങ്ങാൻ ഫണ്ടില്ലാതെ ആരോഗ്യ മേഖല ശ്വാസം മുട്ടുകയാണെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
മെഡിക്കൽ കോളേജുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച തുകയിൽ നിന്ന് വെട്ടിക്കുറച്ചത് 145 കോടിയിലേറെ രൂപ എന്നത് നിസ്സാരമായി കാണാൻ കഴിയുമോ? തീർന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള ആശുപത്രികൾക്ക് വരെ നീക്കിവെച്ച തുകയിൽ 60 കോടി വെട്ടി എന്ന വാർത്തയും ഞെട്ടിപ്പിക്കുന്നതാണ്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നടപ്പു വർഷം 400 കോടി രൂപ അനുവദിച്ചെങ്കിലും അത് 254 കോടിയായി വെട്ടിക്കുറച്ചു എന്നതും എങ്ങിനെ ന്യായീകരിക്കും.
നാൾ ഇതുവരെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടക്കാത്ത ധൂർത്തും ധാരാളിത്തവും മാത്രമാണ് ഈ സർക്കാറിൻ്റെ കൊടി അടയാളം.
ഏത് രംഗത്താണ് അഴിമതിയും ധൂർത്തുമില്ലാത്തത്. ഒരു ചെറിയ ഉദാഹരണം മാത്രം പറയാം. കേരളം എന്ന ഈ കൊച്ചു സംസ്ഥാനത്താണ് ഏറ്റവുമധികം പി.എസ്.സി. അംഗങ്ങൾ ഉള്ളത് — 21 പേർ. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തരപ്രദേശിലും എത്ര പരിമിതമായ അംഗങ്ങൾ മാത്രമാണുള്ളത്. എത്ര കോടി ആണ് ഇവർക്ക് ശമ്പളവും ആനുകൂല്യവും പെൻഷനും മറ്റുമായി നൽകുന്നത്. എന്തിനാണ് ഈ കൊച്ചു സംസ്ഥാനത്ത് ഇത്രയും അംഗങ്ങൾ? ഉത്തരം കിട്ടാത്ത ചോദ്യമായി അത് അവശേഷിക്കുന്നു.
മറ്റൊരു കാര്യം കൂടി. കേരളത്തിൽ നിന്ന് റിട്ടയർ ചെയ്ത സീനിയർ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരിൽ എത്ര പേരെ വിവിധ തലങ്ങളിൽ പുനർനിയമിച്ചു. ഇവരിൽ ചിലരുടെ പേരിൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതും നാം കേട്ടതല്ലേ.
റിട്ടയർ ചെയ്ത ബ്യൂറോക്രാറ്റുകളുടെയും ഐ.പി.എസ്. കാരുടെയും മേൽച്ചിൽ പുറമായി കേരളത്തെ മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. അതി പ്രശസ്തരും വിദഗ്ധരുമായ ഉദ്യോഗസ്ഥരുടെ സേവനം ഒഴിച്ചുകൂടാനാവാത്ത സ്ഥിതിയിൽ ഉപയോഗിക്കപ്പെടുന്നതിൽ കുറ്റം പറയാൻ കഴിയില്ല. പക്ഷേ കേരളത്തിൽ അത്തരം ഒരു സ്ഥിതിവിശേഷം ഇല്ലെന്ന് ആർക്കാണ് അറിയാത്തത്. പാവപ്പെട്ടവർ നികുതി കൊടുത്ത് സംഭരിക്കുന്ന ഖജനാവിൽ നിന്നാണ് ഈ ധൂർത്തിന്റെ പണം.
വല്ലാത്തൊരു അരാജകാവസ്ഥയിലാണ് കേരളം ഇന്ന്.
ആരോഗ്യ രംഗത്തെക്കുറിച്ച് ഒരു പ്രധാന കാര്യം കൂടി പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
കൊവിഡ് മഹാമാരി കാലത്ത് ആരോഗ്യ രംഗത്തിന് മായ്ക്കാൻ കഴിയാത്ത നാണക്കേട് ഉണ്ടാക്കിയ സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. വാഴ്ത്ത് പാട്ടും അന്താരാഷ്ട്ര പ്രചാരണവും പത്രസമ്മേളനങ്ങളും പി.ആർ. ഏജൻസികളെ വെച്ചുകൊണ്ട് നടത്തിയ അന്താരാഷ്ട്ര പ്രചാരണവും. അമേരിക്ക പോലും കോവിഡ് കാലത്ത് കേരളത്തിൻ്റെ സഹായം അഭ്യർത്ഥിച്ചു എന്ന് പറഞ്ഞുവെച്ചില്ലേ.
അവസാനം ബാക്കി പത്രമെന്തായിരുന്നു? ഇന്ത്യാ രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികൾ മരിച്ച രണ്ടാമത്തെ സംസ്ഥാനം കേരളം.
കൊവിഡ് കൊയ്തു കാലമാക്കിയ ഒരു ഭരണം. ആ കാലത്തു നടന്ന ഞെട്ടിപ്പിക്കുന്ന അഴിമതി പുറത്ത് കൊണ്ടുവന്ന സി.എ.ജി. 1300 കോടി രൂപ കിറ്റ്, ഗ്ലൗസ് വാങ്ങിയ ഇനത്തിൽ മാത്രം ക്രമക്കേട് നടന്നതായി ചൂണ്ടിക്കാണിച്ചിരുന്നു.
ആരോഗ്യ രംഗത്തെ ഇന്നത്തെ കുറ്റകരമായ വീഴ്ചയും അലംഭാവവും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.
ഡോ. ഹാരിസ് ചിറക്കൽ നടത്തിയ പ്രസ്താവനയെ കേരളം അതീവ ഗൗരവത്തോടെ ആണ് വീക്ഷിക്കുന്നത്.
സത്യസന്ധനും മനുഷ്യസ്നേഹിയുമായ ഒരു ഡോക്ടറുടെ ആത്മനൊമ്പരമായി കേരളം ഡോ. ഹാരിസിൻ്റെ വെളിപ്പെടുത്തലിനെ കാണുന്നു.
അഭിനന്ദനങ്ങൾ ഡോ. ഹാരിസ്.
- മുല്ലപ്പള്ളി രാമചന്ദ്രൻ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group