
ആലപ്പുഴ: ജില്ലാ ഭരണകൂടം, കനിവ്, ടിഡി മെഡിക്കൽ കോളേജ് എന്നിവയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ ഹൃദയരോഗ ക്യാമ്പ് നടത്തി. 36 കുട്ടികൾ പരിശോധനയ്ക്കു വിധേയരായി. 10 പേർക്ക് ഹൃദയശസ്ത്രക്രിയയ്ക്കു നിർദേശിച്ചു. ആസ്റ്റർ മെഡ്സിറ്റിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്തുനൽകും.
വണ്ടാനം അൽ ഹുദാ ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന ക്യാമ്പ് കളക്‌ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പൽ ബീനാ സെബാസ്റ്റ്യൻ അധ്യക്ഷയായി. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ എജിഎം ലത്തീഫ് കാസിം, ടിഡി മെഡിക്കൽ കോളേജ് കാർഡിയോളജിസ്റ്റ് അബ്‌ദുൾ സലാം എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ഹൃദ്രോഗവിദഗ്‌ധരായ ഡോ. ബിജേഷ്, ഡോ. നബീൽ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. സൗജന്യ എക്കോ പരിശോധനയും നടന്നു. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ്റെ ഹാർട്ട് ടു ഹാർട്ട് പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ലഹരിവിരുദ്ധബോധവത്‌കരണ ക്ലാസ്
ആലപ്പുഴ: എസ്എൻഡിപി യോഗം യൂത്ത് മൂവ്‌മെൻ്റ് അമ്പലപ്പുഴ യൂണിയൻ കമ്മിറ്റിയുടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ 29, 30 തീയതികളിൽ നടക്കും. വിദ്യാർഥികൾ, രക്ഷിതാക്കൾ, യുവജനങ്ങൾ എന്നിവർക്കായാണ് ക്ളാസ് നടത്തുന്നത്. ലഹരിവിരുദ്ധ പ്രചാരകനും മുതിർന്ന പോലീസ് ഓഫീസറുമായ ഫിലിപ്പ് മമ്പാടാണ് ക്ലാസുകൾ നയിക്കുന്നത്.
29-നു രാവിലെ 9.30-ന് തോണ്ടൻകുളങ്ങര ഉഡുപ്പി ഓഡിറ്റോറിയത്തിൽ ആലപ്പുഴ ഡിവൈഎസ്‌പി എം.ആർ. മധുബാബു, രണ്ടുമണിക്ക് പറവൂർ കമ്യാണിറ്റി ഹാളിൽ അമ്പലപ്പുഴ ഡിവൈഎസ്‌പി കെ.എൻ. രാജേഷ്, 30-നു രാവിലെ 9.30-ന് വടക്കനാര്യാട് 351-ാം നമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ മണ്ണഞ്ചേരി ഇൻസ്പെക്‌ടർ ടോൾസൺ പി. ജോസഫ്, രണ്ടുമണിക്ക് കലവൂർ ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ആലപ്പുഴ അസി എക്സൈസ് കുമ്മിഷണർ ഇ.പി. സിബി എന്നിവർ ക്ളാസ് ഉദ്ഘാടനം ചെയ്യും.
കാറ്റിൽ തെങ്ങുവീണു പരിക്കേറ്റു
അമ്പലപ്പുഴ: ശനിയാഴ്‌ച രാത്രിയുണ്ടായ കാറ്റിൽ തെങ്ങുവീണ് വീടിന്റെ
തിണ്ണയിൽ ഇരുന്നയാൾക്കു പരിക്കേറ്റു. തകഴി വിരുപ്പാല കിഴക്കേച്ചിറയിൽ സുനിൽകുമാറിനാണു പരിക്കേറ്റത്. എടത്വായിൽ ബേക്കറി ജീവനക്കാരനാണ്. കാലുകൾക്കു സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ഇദ്ദേഹം തീവ്രപരിചരണവിഭാഗത്തിലാണ്
നവസമൂഹസൃഷ്ട്‌ടിയാകണം ലക്ഷ്യം - ഡോ. തോമസ് എബ്രഹാം
ആലപ്പുഴ: നവസമൂഹസൃഷ്‌ടിയാകണം സമുദായ സംഘടനകളുടെ ലക്ഷ്യമെന്ന്
അന്താരാഷ്ട്ര സംഘടനയായ ബട്ടർഫ്ലൈസ് ഇൻ്റർനാഷണൽ മെന്ററും മഹാത്മാഗാന്ധി സർവകലാശാല തേർഡ് ഏജ് പീഫ് കോഡിനേറ്ററുമായ ഡോ തോമസ് എബ്രഹാം. നവസമൂഹരചന ആരംഭിക്കേണ്ടത് ഓരോ വ്യക്തിയുടെയും മനസ്സിലായിരിക്കണം. കുടുംബത്തിൽനിന്നാരംഭിക്കുന്ന വെളിച്ചമായിരിക്കണം സമൂഹത്തിലേക്കു പകർന്നു നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടി എൻഎസ്എസ് കരയോഗം 1790-ൻ്റെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുടുംബക്കൂട്ടായ്മ്മ കരയോഗം പ്രസിഡൻ്റ് വി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ ഇ.പി. സിബി ലഹരിവിരുദ്ധ സന്ദേശം നൽകി. കരയോഗം ഹ്യൂമൻ റിസോഴ്‌സ് സെൽ കൺവീനർ ചന്ദ്രദാസ് കേശവപിള്ള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.
തുറവൂർ വിപഞ്ചിക ചിരി ക്ലബ്ബ് സെക്രട്ടറി വിജയനാഥ് ചിരിയോ ചിരി പരിപാടി അവതരിപ്പിച്ചു. കരയോഗം സെക്രട്ടറി പി. രാജപ്പൻ പിള്ള എസ്. മുരളീധരൻനായർ, വി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group