
കൊളത്തൂർ: പരിശ്രമവും അർപ്പണമനോഭാവവും വിതച്ച്, താത്പര്യം വളമായി
ചേർത്താൽ വിജയം വിളയിച്ചെടുക്കാമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് യൂത്ത് ഐക്കൺ പുരസ്‌കാരത്തിലൂടെ കൊളത്തൂർ ബറോട്ടി നിടുവോട്ടെ എം. ശ്രീവിദ്യ, വിവിധ മേഖലകളിൽ വ്യത്യസ്‌തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി വിജയിക്കുന്ന യുവജനങ്ങൾക്കാണ് സംസ്ഥാന യുവജന കമ്മിഷൻ യൂത്ത് ഐക്കൺ പുരസ്‌കാരം നൽകുന്നത്.
പൂങ്കാവനം അഗ്രി ഫാം എന്നാണ് ശ്രീവിദ്യയുടെ കൃഷിയിടത്തിൻ്റെ പേര്. 2020-ൽ സംസ്ഥാന സർക്കാരിൻ്റെ മികച്ച യുവകർഷക പുരസ്‌കാരം ലഭിച്ചു. സരോജിനി ദാമോദർ ഫൗണ്ടേഷൻ അക്ഷയശ്രീ ജില്ലാ പുരസ്‌കാരം, സമം പുരസ്‌കാരം, നബാർഡ് പുരസ്ക്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ഇവിടേക്ക് എത്തി. കുടുംബശ്രീ ജില്ലാ മിഷൻ മാസ്റ്റർ ഫാർമറായി പ്രവർത്തിക്കുന്നു. ഉത്തരവാദിത്വ വിനോദസഞ്ചാരവിഭാഗം സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണാണ്. ഇതിന്റെ പരിശീലനകേന്ദ്രം കൂടിയാണ് പൂങ്കാവനം അഗ്രി ഫാം. കൃഷിയിൽ കൂടുതൽ സാങ്കേതിക അറിവുനേടാൻ കൃഷിവകുപ്പിൻ്റെ സഹായത്തോടെ 2023 ഫെബ്രുവരിയിൽ 10 ദിവസം ഇസ്രയേൽ സന്ദർശിച്ചു.
കുടുംബസ്വത്തായി ലഭിച്ച നാലേക്കർ തരിശിൽ പാറപ്രദേശത്തുൾപ്പെടെ മണ്ണിട്ട് വ്യത്യസ്തത വിളകൾ കൃഷിയിറക്കി എട്ടുവർഷം മുൻപായിരുന്നു തുടക്കം. ഏറെ പണിപ്പെട്ട് ഭൂമി കൃഷിയോഗ്യമാക്കി. മണ്ണില്ലാത്തയിടങ്ങളിൽ മണ്ണെത്തിച്ചു. തട്ടുകളായി തിരിച്ച് മണ്ണൊലിപ്പ് തടയുന്നതിനും മഴവെള്ളം മണ്ണിലിറങ്ങുന്നതിനും സൗകര്യമൊരുക്കി. വിവിധയിനം പച്ചക്കറിക്കൃഷി തുടങ്ങി. തെങ്ങുകളും നട്ടുപിടിപ്പിച്ചു. കോഴി, മുയൽ, പശു എന്നിവ വളർത്തി.
മഴവെള്ള സംഭരണിയിൽ മീൻവളർത്തുന്നു, അസോള, തീറ്റപ്പുൽ, നെൽക്കൃഷി, തേനീച്ച വളർത്തൽ എന്നിവയും ഉണ്ട്. കാലിവളം, കോഴിവളം പച്ചിലവളം, വേപ്പിൻപിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് എന്നിവ വളമായി ഉപയോഗിക്കുന്നു. ബേഡഡുക്ക കൃഷിഭവൻ അനുവദിച്ച ഫെർടിഗേഷൻ യൂണിറ്റ് ഉപയോഗിച്ചാണ് ജലസേചനം. സ്വന്തമായുള്ള അഞ്ചേക്കറിലാണ് സ്ഥിരം കൃഷി, രണ്ടേക്കർ പാട്ടത്തിനെടുത്തും കൃഷിയിറക്കുന്നു.
നിടുവോട്ടെ എ.കെ. നാരായണൻ നായരുടെയും എം. ദാക്ഷായണിയുടെയും മകളാണ്. കാറഡുക്കയിലെ പ്രവാസി എം. രാധാകൃഷ്‌ണനാണ് ഭർത്താവ്. ഗ്രാഫിക് ഡിസൈൻ വിദ്യാർഥിനി എം. രേവതി കൃഷ്‌ണ, പൊയിനാച്ചി ഭാരത് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി എം. ശിവനന്ദ് എന്നിവർ മക്കളാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group