
കട്ടപ്പന: താപനില ഉയർന്നതോടെ ഏലം കർഷകർക്ക് നെഞ്ചിടിപ്പേറി. മുൻവർഷം ഉഷ്ണതരംഗത്തിൽ ചെറുകിട കർഷകരിൽ പലരുടേയും ഏലച്ചെടികൾ നശിച്ചിരുന്നു. ഇതാണ് ചൂട് കടുത്തതോടെ കർഷകരെ ഭയത്തിലാഴ്ത്തിയത്. ചൂട് കനത്തതോടെ നിലവിൽ ഹൈറേഞ്ചിൻ്റെ വിവിധ മേഖലകളിലെ തോട്ടങ്ങളിൽ ഏലം വാടിത്തുടങ്ങി, കൂടാതെ കീടങ്ങൾ പെരുകിയതും മണ്ഡരി ബാധ, വേരുകൾക്ക് നിമാവിരയുടെ ആക്രമണം, പൂവ് കൊഴിച്ചിൽ തുടങ്ങിയ രോഗങ്ങൾ മൂലം വിളവും ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്.
മുൻവർഷം ഉഷ്‌ണ തരംഗത്തിൽ ഒട്ടേറെ തോട്ടങ്ങളിലാണ് ഏലച്ചെടികൾ പൂർണമായും കരിഞ്ഞു നശിച്ചത്. എന്നാൽ മരങ്ങളുടെ ചില്ലകൾ വെട്ടിനീക്കാതിരുന്ന തോട്ടങ്ങളിലെ ഏലച്ചെടികൾ ഉണങ്ങിയിരുന്നില്ല. ഇത്തവണ കൊടുംചൂട് മുന്നിൽക്കണ്ട് കർഷകരിൽ പലരും തോട്ടങ്ങളിലെ മരച്ചില്ലകൾ വെട്ടി നീക്കിയില്ല. എന്നാൽ, തെളിഞ്ഞു കിടക്കുന്ന അതിർത്തി പ്രദേശങ്ങളിലെ ഏലച്ചെടികൾ വാടുന്നുണ്ട്. ശക്തമായി വെയിലടിക്കുന്ന പ്രദേശങ്ങളിൽ പച്ചവല കെട്ടിയും പടുതാക്കുളങ്ങളിൽ നിന്നും തോടുകളിൽ നിന്നും വെള്ളമെടുത്തും വേനലിനെ കർഷകർ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, വേനൽമഴ ലഭിച്ചില്ലെങ്കിൽ പടുതാക്കുളങ്ങൾ വറ്റും. തോടുകൾ വറ്റുന്നതോടെയും പടുതാക്കുളങ്ങളിലെ വെള്ളം തീരുന്നതോടെയും ചെറുകിട കർഷകർ ദുരിതത്തിലാകും. വൻകിട കർഷകർക്ക് മാത്രമേ വലിയ സംഭരണ ശേഷിയുള്ള പടുതാക്കുളങ്ങൾ സ്വന്തമായുള്ളൂ. (പ്രതീക്ഷ നൽകാതെ വില
വിളവ് കുറയുമ്പോൾ വില വർധിക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ വില നേരിയ തോതിൽ ഉയർന്നതല്ലാതെ വലിയ കുതിപ്പുണ്ടായില്ല. 3000 രൂപയാണ് കട്ടപ്പന കമ്പോളത്തിൽ ഉയർന്ന വിലയായി ലഭിക്കുന്നത്. വൻകിട കമ്പനികളും ലേല ഏജൻസികളും ലേലകേന്ദ്രങ്ങളിൽ ഗുണനിലവാരമില്ലാത്ത ഏലക്കായ ലേലത്തിനെത്തിച്ച് കുറഞ്ഞവില കാണിക്കുകയും ഇത് വിലയിടിവിന് കാരണമാകുകയും ചെയ്യാറുണ്ട്. ലേലത്തിൽ പതിഞ്ഞ ഏലയ്ക്ക തന്നെ വീണ്ടും ലേലത്തിനെത്തിച്ച് (റിപൂളിങ്) ഏലയ്ക്കായയുടെ ഉത്പാദനം ഉയർത്തി കാണിച്ചും വിലയിടിക്കുന്നത് പതിവാണ്.
ഉത്പാദനം കുറഞ്ഞ സമയത്ത് വിലയിടിച്ച് വാങ്ങാൻ ലേല ഏജൻസികൾ തട്ടിപ്പ് നടത്തുകയാണെന്ന് ആക്ഷേപമുണ്ട്. 2019 ഓഗസ്റ്റിൽ ഏലയ്ക്ക വില 7000 രൂപ ആയതോടെ വളം കീടനാശിനി വിലകൾ മൂന്നിരട്ടിയായി ഉയർന്നിരുന്നു. തദ്ദേശീയരായ തൊഴിലാളികളും തമിഴ് തൊഴിലാളികളും കൂലി കൂട്ടി. ഇതോടെ ഉത്പാദനച്ചെലവും ഇരട്ടിയായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group