കോഴഞ്ചേരി : കണ്ണിനും മനസ്സിനും കുളിർമപകർന്ന് പുഷ്പമേളയ്ക്ക് തിരക്കേറുന്നു. 19 വരെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പുഷ്പമേളയിൽ വിദേശ ഇനങ്ങൾ ഉൾപ്പെടെ അയ്യായിരത്തോളം ഇനം പുഷ്പങ്ങളാണ് ദൃശ്യവിസ്മയം ഒരുക്കാനായി സജ്ജീകരിച്ചിരിക്കുന്നത്. പൂക്കൾ കാണാൻ മാത്രമല്ല ആവശ്യക്കാർക്ക് അതുവാങ്ങാനുമുള്ള ക്രമീകരണമുണ്ട്.
ഇൻഡോർ ആന്തൂറിയം, എ.സി.പ്ലാന്റ്, സി.സി.പ്ലാന്റ്, ചൈനഡോൾ, കലാസിയ, പുണെ വെറൈറ്റി ബോഗയിൻവില്ല, ഡയാന്റിസ്, ടിയ, ഓസ്ട്രേലിയൻ വൈറ്റ്, ഡാലിയ, സൂര്യകാന്തി, ഗ്ലാഡിയോലസ്, ആർ. മാരിഗോൾഡ്, പെറ്റൂണിയ, ഡെൻഫീനിയ, പാൻസി, ട്യൂബ് റോസ്, സാൽവിയ, ഫ്ലോക്സ്, ഡയാന്തസ്, ഓർക്കിഡുകൾ, കാക്ടസുകൾ തുടങ്ങി സ്വദേശിയും വിദേശിയുമായ ഒട്ടേറെ ഇനങ്ങൾ നിറഞ്ഞ പുഷ്പമേള സന്ദർശകർക്ക് പുതിയ ദൃശ്യാനുഭവവും ഇവ സ്വന്തമാക്കാൻ അവസരവും ഒരുക്കുന്നു.
കുരുവികൾ, തത്തകൾ തുടങ്ങി വിവിധയിനം പക്ഷികൾ, വളർത്തുമത്സ്യങ്ങൾ, ഒരുവർഷം കൊണ്ടു കായ്ക്കുന്ന കുള്ളൻ തെങ്ങിൻ തൈകൾ മുതൽ വിവിധയിനം മാവുകൾ, പ്ലാവുകൾ, റംബുത്താൻ തൈകൾ തുടങ്ങി വിവിധയിനം തൈകൾ വാങ്ങാനും മേള സൗകര്യം ഒരുക്കുന്നു.
19 വരെ നടക്കുന്ന പുഷ്പമേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് കേരളത്തിന്റെ വിവിധയിടങ്ങളിലെയും കേരളത്തിനു പുറത്തെയും വൈവിധ്യവും രുചികരവുമായ ഭക്ഷ്യവിഭവങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ടാണ്. വിലക്കുറവുള്ളതും തത്സമയം തയാറാക്കുന്നതുമായ വിഭവങ്ങൾ കഴിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോഴഞ്ചേരി അഗ്രിഹോർട്ടി സൊസൈറ്റിയുടെയും കോഴഞ്ചേരിയിലെയും സമീപ പഞ്ചായത്തുകളുടെയും മധ്യതിരുവിതാംകൂർ വികസന കൗൺസിലിന്റെയും കോഴഞ്ചേരി സെയ്ന്റ് തോമസ് കോളേജ് അലുംമ്‌നി അസോസിയേഷന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group