രാജപുരം : റാണിപുരം വനമേഖലയിൽ രണ്ടുദിവസമായി നടന്ന ചിലന്തിസർവേ സമാപിച്ചു. അപൂർവമായി കാണപ്പെടുന്ന ചാട്ടക്കാരൻ ചിലന്തി വിഭാഗത്തിൽ പെടുന്ന നാലിനങ്ങളെയും അഞ്ചോളം പുതിയ ഇനങ്ങളെയുമടക്കം വ്യത്യസ്തങ്ങളായ 111 ഇനം ചിലന്തികളെയാണ് സർവേയിൽ കണ്ടെത്താനായത്. സംസ്ഥാനത്ത് ആദ്യമായാണ് വനമേഖല കേന്ദ്രീകരിച്ച് ചിലന്തിസർവേ സംഘടിപ്പിച്ചത്.
റാണിപുരം വനസംരക്ഷണ സമിതി, പനത്തടി ഗ്രാമപ്പഞ്ചായത്ത് ജൈവ പരിപാലനസമിതി, ടീം സാലിക, കാസർകോട് ബേഡേഴ്‌സ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന വനം വന്യജീവി വകുപ്പ് ജില്ലാ ഡിവിഷന്റെ നേതൃത്വത്തിലായിരുന്നു സർവേ. ചിലന്തി വൈവിധ്യത്തെക്കുറിച്ച് പഠിക്കാനും ജൈവവൈവിധ്യ രജിസ്റ്ററിലേക്കുള്ള വിവരശേഖരണത്തിന്റെയും ഭാഗമായാണ് സർവേ സംഘടിപ്പിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 10 നിരീക്ഷകർ സർവേയിൽ പങ്കെടുത്തു.
അപൂർവമായ ചാട്ടക്കാരൻ ചിലന്തിവിഭാഗത്തിൽപ്പെട്ട നാലിനങ്ങളെ വനത്തിനകത്ത് കണ്ടെത്തിയിട്ടുണ്ട്. വനമേഖലകളിൽ ഒരുമീറ്റർ ചുറ്റളവിൽ സാധാരണയായി ആറുവരെ ചിലന്തികളെയാണ് കാണാറുള്ളത്.
എന്നാൽ റാണിപുരം മേഖലയിൽ പത്തിലധികം ഇനങ്ങളെ കണ്ടെത്താനായതായും കർണാടക ആസ്ഥാനമായി ചിലന്തികളെക്കുറിച്ച് ഗവേഷണം നടത്തുന്ന സംഘടന- ടീം സാലികാംഗവും ചിലന്തി ഗവേഷകനുമായ ഡോ. എ.പി.സി.അഭിജിത്ത് പറഞ്ഞു.
ചിലന്തികളെക്കുറിച്ച് റാണിപുരം കേന്ദ്രീകരിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും നിലവിലെ കണ്ടെത്തലുകൾ ചിലന്തി ഗവേഷണരംഗത്ത് മുതൽക്കൂട്ടാകുമെന്നും സർവേയുടെ കോഡിനേറ്റർ കെ.എം.അനൂപ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group