വെള്ള വാലുകുലുക്കി തൃത്താലയിലെത്തി
പട്ടാമ്പി : വടക്കൻ യൂറോപ്യൻ രാജ്യമായ ലാത്വിയയുടെ ദേശീയപക്ഷിയായ വെള്ള വാലുകുലുക്കി (വൈറ്റ്‌വാഗ് ടെയിൽ) ദേശാടനത്തിനിടെ തൃത്താല നിളാതടത്തിലെ നെൽവയലിലെത്തി. ജില്ലയിൽ മലമ്പുഴ ഉൾപ്പെടെയുള്ള വലിയ ജലാശയങ്ങൾക്കുസമീപം മുൻപ് കണ്ടിട്ടുണ്ടെങ്കിലും തൃത്താലമേഖലയിൽ ഭാരതപ്പുഴയോടുചേർന്ന പ്രദേശങ്ങളിൽ ആദ്യമായാണ് ഇവയെ കാണുന്നത്. പക്ഷിനിരീക്ഷകനായ ഷിനോജേക്കബ് കൂറ്റനാട് തൃത്താലയിൽനിന്ന് പക്ഷിയുടെ ചിത്രം ഞായറാഴ്ച പകർത്തി.
യൂറോപ്പിലും ആഫ്രിക്കയുടെയും ഏഷ്യയുടെയും വടക്കൻപ്രദേശങ്ങളിലും പ്രജനനം നടത്തുന്ന പക്ഷിയാണിത്. മൊറ്റാസില ആൽബ എന്നാണ് ശാസ്ത്രീയനാമം. വെളുപ്പും കറുപ്പും ചാരനിറവും ചേർന്നതാണ് ദേഹം. മൈനയേക്കാൾ വലുപ്പം കുറവാണ്. ശരീരത്തിന്റെ നീളം 16 മുതൽ 21 സെൻറീമീറ്റർവരെയാണ്. 25 ഗ്രാംവരെ ഭാരമുണ്ടാകും. 12 വർഷംവരെയാണ് ആയുസ്സ്. വെള്ളത്തിലും കരയിലുമുള്ള ചെറുജീവികളാണ് ഭക്ഷണം.
സെപ്റ്റംബർ അവസാനത്തോടെ കേരളത്തിൽ വിരുന്നെത്തി മാർച്ച് അവസാനത്തോടെ തിരിച്ചുപോവുകയാണ് പതിവ്. പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ പാലക്കാട് ലാൻഡ് അക്വിസിഷൻ ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാരാണ് ഷിനോ ജേക്കബ് കൂറ്റനാട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group