കാർഷിക ടൂറിസവും വലിയകുളം ടൂറിസവും പ്രഖ്യാപനത്തിലൊതുങ്ങി
പാറശ്ശാല : ടൂറിസം ഭൂപടത്തിൽ സ്ഥാനംപിടിക്കാനുള്ള ചെങ്കൽ പഞ്ചായത്തിന്റെ അവസരങ്ങൾ അധികൃതരുടെ അവഗണനമൂലം നഷ്ടമാകുന്നു. ചെങ്കലിന്റെ സമഗ്രവികസനത്തിനുതന്നെ കാരണമാകുമായിരുന്ന ചെങ്കൽ കാർഷിക ടൂറിസവും, വലിയകുളം ടൂറിസം പദ്ധതികളും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി.
തലസ്ഥാനജില്ലയുടെ കാർഷികതലസ്ഥാനമായി അറിയപ്പെടുന്ന ചെങ്കൽ പഞ്ചായത്തിൽ കാർഷിക ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപനമുണ്ടായിട്ട് കാലങ്ങളേറെയായി. പ്രത്യേക പദ്ധതികളൊന്നും നടപ്പായില്ലെങ്കിലും ചെങ്കലിന്റെ കാർഷികമേഖലകൾ തേടി സഞ്ചാരികളെത്തുന്നുണ്ട്.
വലിയതോതിൽ നെൽക്കൃഷിയുള്ള കീഴമ്മാകം പാടശേഖര മേഖലയിലേക്കാണ് ഇപ്പോൾ സഞ്ചാരികളെത്തുന്നത്. പ്രദേശവാസികൾക്കു പുറമേ കീഴമ്മാകത്തിന്റെ സൗന്ദര്യം കേട്ടറിഞ്ഞ് മറ്റു ജില്ലകളിൽനിന്നുപോലും സഞ്ചാരികളെത്തുന്നുണ്ട്. എന്നാൽ ഇവർ കീഴമ്മാകം മാത്രം കണ്ട് മടങ്ങുകയാണ്. മനോഹരമായ കാഴ്ചകൾ നൽകുന്ന ചെങ്കലിലെ വ്‌ളാത്താങ്കര ചീരക്കൃഷി തോട്ടങ്ങളടക്കമുള്ളവ സഞ്ചാരികൾക്ക് അറിയില്ല.
വൈവിധ്യമാർന്ന ചെങ്കലിലെ വിവിധ പ്രദേശങ്ങളിലെ കാർഷികക്കാഴ്ചകൾ കോർത്തിണക്കിക്കൊണ്ട് കാർഷിക ടൂറിസം പദ്ധതികൾ രൂപവത്‌കരിക്കുമെന്നാണ് പഞ്ചായത്ത് പ്രഖ്യാപനം നടത്തിയിരുന്നത്. ചെങ്കൽ ഗ്രാമപ്പഞ്ചായത്തിന്റെ അതിർത്തിയിൽക്കൂടി ഒഴുകുന്ന നെയ്യാറും ടൂറിസം സാധ്യത തുറന്നിടുന്നുണ്ടെങ്കിലും അധികൃതരുടെ ശ്രദ്ധ പതിയുന്നില്ല. നെയ്യാറിൽക്കൂടി ബോട്ടിങ് സംവിധാനം ഒരുക്കിയാൽ വലിയതോതിൽ സഞ്ചാരികൾ ഇവിടേക്കെത്തുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നിലവിൽ ചെങ്കൽ മഹാദേവർ ക്ഷേത്രത്തിലേക്കും വ്‌ളാത്താങ്കര തീർഥാടനകേന്ദ്രത്തിലേക്കും ദിവസേന നിരവധി സഞ്ചാരികളാണെത്തുന്നത്. ഈ തീർഥാടനകേന്ദ്രങ്ങളെയും കാർഷികമേഖലകളെയും നെയ്യാറിനെയും യോജിപ്പിച്ചുകൊണ്ട് വലിയൊരു ടൂറിസം പദ്ധതിക്കുള്ള പ്രാരംഭനടപടികൾ മുൻപ് ആരംഭിച്ചെങ്കിലും അവയൊന്നും തന്നെ യാഥാർഥ്യമായില്ല.
ജില്ലയിലെ വലിയ കുളമായ ചെങ്കൽ വലിയകുളം കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച ടൂറിസം പദ്ധതിയുടെ അവസ്ഥയും വ്യത്യസ്തമല്ല. കുളത്തിന്റെ തീരത്ത് പദ്ധതിയുടെ ഭാഗമായി കുറച്ച് വൈദ്യുതിവിളക്കുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊരു പരോഗതിയുമുണ്ടായില്ല.
നിരവധി സഞ്ചാരികൾ ഇവിടെ എത്തിയിരുന്നെങ്കിലും ശൗചാലയമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളില്ലാതെ വന്നതോടെ സഞ്ചാരികളുടെ വരവും നിലച്ചു. കാരോട്-മുക്കോല ബൈപ്പാസ് തുറന്നുനൽകിയതോടെ ചെങ്കലിന്റെ ടൂറിസം സാധ്യതകൾക്ക് ചിറകു മുളച്ചിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group