സൂര്യകാന്തിത്തോട്ടം ജില്ലയിൽ ആദ്യം
പാറശ്ശാല: സൂര്യകാന്തിപ്പാടങ്ങളുടെ മനോഹാരിത ആസ്വദിക്കാൻ ആയിരങ്ങൾ ചെലവഴിച്ച് ഇനി തമിഴ്നാട്ടിലേക്കു പോകേണ്ടാ. തിരുവനന്തപുരം നഗരത്തിൽനിന്ന് ഒരു മണിക്കൂറിൽത്താഴെ മാത്രം സഞ്ചരിച്ചാൽ സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പാടങ്ങൾ കാണാം.
ജില്ലയിലെ കുളത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ഊരംവിളയെന്ന കൊച്ചുഗ്രാമത്തിലാണ് കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ മനോഹരമായ സൂര്യകാന്തിപ്പാടം തയ്യാറാക്കിയിട്ടുള്ളത്.രണ്ടേക്കറോളം ഭൂമിയിൽ പൂത്തുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ കാണുന്നതിനായി സഞ്ചാരികളുടെ വലിയ തിരക്കാണ് ഊരൻവിളയിൽ അനുഭവപ്പെടുന്നത്. കൃഷിക്കു യോഗ്യമല്ലെന്നു വിധിയെഴുതി തരിശിട്ട ഭൂമിയിലാണ് കർഷകക്കൂട്ടായ്മ സൂര്യകാന്തിപ്പൂക്കൾ വിരിയിച്ച് വിജയിച്ച് വിജയം നേടിയത്.കെ.എസ്.ആർ.ടി.സി. പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടറായ സിജുവിന്റെയും വിമുക്തഭടൻ വിനോദിന്റെയും നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന കർഷകരുടെ സംഘമാണ് ഈ പൊറ്റപ്പുറത്ത് വർണവൈവിധ്യം തീർത്തത്.
പരമ്പരാഗത കാർഷികരീതികൾ കർഷകരെ നഷ്ടത്തിലേക്ക് നയിച്ചതോടെയാണ് വ്യത്യസ്ത കൃഷിയുമായി ഈ കർഷകക്കൂട്ടായ്മ രംഗത്തെത്തിയത്. പിന്തുണയുമായി കുളത്തൂർ കൃഷിഭവനിലെ ജീവനക്കാരും ഒത്തൊരുമയോടെ എത്തിയതോടെ ഊരംവിളയിലെ ഭൂമിയിൽ അദ്‌ഭുതങ്ങൾ ദൃശ്യമായി. കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും അതിനെയൊക്കെ മറികടന്ന് സൂര്യകാന്തിപ്പൂ വിരിയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ കൂട്ടായ്മ. തിരുവനന്തപുരം ജില്ലയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ വലിയതോതിൽ സൂര്യകാന്തിപ്പൂ കൃഷിചെയ്യുന്നത്.
സഞ്ചാരികൾക്ക് സൂര്യകാന്തിപ്പൂക്കൾ കാണുന്നതിനും ചിത്രങ്ങളെടുക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സൂര്യകാന്തിപ്പാടത്തിന്റെ അതിരുകൾ ചോളച്ചെടികൾകൊണ്ടാണ് നിർമിച്ചിട്ടുള്ളത്. ഇവിടെ വിളവെടുപ്പിനു തയ്യാറായിനിൽക്കുന്ന ചോളച്ചെടികൾ കണ്ട് സൂര്യകാന്തിപ്പാടത്തേക്കു സഞ്ചരിക്കാം. രണ്ടുതരത്തിലുള്ള ചോളമാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്.
തമിഴ്നാട്ടിലേതിൽനിന്നു വ്യത്യസ്തമായി വരമ്പുകളെടുത്താണ് സൂര്യകാന്തി കൃഷി ചെയ്തിരിക്കുന്നത്. ഇതുമൂലം സഞ്ചാരികൾക്ക് ചെടികൾക്കിടയിലേക്കു കയറാനും ഫോട്ടോ എടുക്കാനുമുള്ള പ്രത്യേക സൗകര്യമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group