കുട്ടനാട് : വേലിയേറ്റം ശക്തമായതോടെ കുട്ടനാട്ടിൽ പ്രളയസമാനമായ സാഹചര്യം. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ നെൽക്കൃഷിയിറക്കുന്ന പാടശേഖരങ്ങളിലെ കർഷകർ ദുരിതത്തിലായി. പാടശേഖരങ്ങളിൽ മട വീണു. ദുർബലമായ പുറംബണ്ടുകളുള്ള മറ്റു പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലുമാണ്.
പുറംബണ്ടുകൾ കവിഞ്ഞുംമറ്റും വെള്ളം പാടശേഖരത്തിലേക്കു കയറുന്നതുമൂലം വിത പൂർത്തിയാക്കിയ പാടശേഖരങ്ങളിലെ വിതച്ച നെല്ല് നാശത്തിന്റെ വക്കിലാണ്. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ എൺപതുംപാടം പാടശേഖരത്ത് തിങ്കളാഴ്ച മടവീണു. ശക്തമായ വേലിയേറ്റത്തിൽ ആദ്യം അള്ള വീഴുകയായിരുന്നു.
തടയാൻവേണ്ട വസ്തുക്കളെത്തിക്കാൻ വളരെയേറെ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ ബണ്ടിൽ നിൽക്കുന്ന തെങ്ങുകൾ വെട്ടിയും പൊക്കമുള്ള ബണ്ടിൽനിന്ന് യന്ത്രമുപയോഗിച്ച് മണ്ണുമാന്തി ചാക്കിൽ നിറച്ചും മട തടയാനുള്ള ശ്രമം കർഷകരും പാടശേഖരസമിതി ഭാരവാഹികളും നാട്ടുകാരും ചേർന്ന് നടത്തിയെങ്കിലും മട തടയാനായില്ല. 65 ഏക്കർ വരുന്ന പാടശേഖരത്തെ മുഴുവൻ കർഷകരും നാമമാത്രകർഷകരാണ്.
പാടശേഖരത്ത് മടവീണു വെള്ളം കയറിയതോടെ പുറംബണ്ടിനുള്ളിൽ താമസിക്കുന്നവരുടെ പുരയിടങ്ങളിലും വീടുകൾക്കുള്ളിലും വെള്ളം കയറുന്ന സ്ഥിതിയാണ്.
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മങ്കൊമ്പ് മേച്ചരിവാക്ക പാടശേഖരത്തെ പമ്പിങ്ങും നിർത്തിവെച്ചു. ശക്തമായ പുറം ബണ്ട് ഇല്ലാത്തതിനാൽ വെള്ളം കവിഞ്ഞുകയറുന്ന സ്ഥിതിയാണ്.
ഷട്ടറുകൾ പ്രവർത്തനക്ഷമമാക്കണം - എം.എൽ.എ.
കുട്ടനാട് : വേലിയേറ്റത്തെത്തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പുയർന്ന് വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ കൂടുതൽ ഷട്ടറുകൾ പ്രവർത്തനക്ഷമമാക്കാൻ നിർദേശം നൽകിയതായി തോമസ് കെ. തോമസ് എം.എൽ.എ. പറഞ്ഞു.
അടിയന്തരനടപടി വേണം-കൊടിക്കുന്നിൽ സുരേഷ് എം.പി.
കുട്ടനാട് : അതിരൂക്ഷമായ വേലിയേറ്റം മൂലമുള്ള കുട്ടനാട് പാടശേഖരങ്ങളുടെ മടവീഴ്ച ഭീഷണി പരിഹരിക്കാൻ അടിയന്തരനടപടി ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി. കളക്ടറുമായി ചർച്ച നടത്തി.
കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിന് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ സമയബന്ധിതമായി തുറന്നും അടച്ചും പ്രവർത്തിപ്പിക്കണമെന്ന് അദ്ദേഹം നിർദേശം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group