റാന്നി : സ്ഥലനാമം എണ്ണൂറാംവയൽ എന്നാണെങ്കിലും ഈ നാട്ടുകാർക്കൊരു വയൽ കാണണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം. ഇവിടെ എത്തുന്ന പലരുടെയും ആദ്യ ചോദ്യം ഈ ദേശത്ത് വയലുകളേറെയുണ്ടല്ലേ എന്നാണ്. എന്നാൽ, ചൂണ്ടിക്കാട്ടാൻ ഒരു പാടംപോലും ഇല്ലാത്ത നാട്ടിൽ വയലൊരുക്കാൻ ഒടുവിൽ കുട്ടിക്കർഷകർ വേണ്ടിവന്നു. എണ്ണൂറാംവയൽ സി.എം.എസ്. സ്‌കൂളിലെ കാർഷിക ക്ലബ്ബിലെ ചുണക്കുട്ടികളാണ് അധ്യാപകരുടെ പിന്തുണയോടെ ഇതിനായി മണ്ണിലിറങ്ങിയത്. സ്‌കൂൾമുറ്റത്ത് അവർ വിത്തുവിതച്ച് മനോഹരമായ വയലൊരുക്കി. നെല്ലുകൾ കതിരണിഞ്ഞുനിൽക്കുന്ന മനോഹര കാഴ്ചയാണിപ്പോൾ സ്‌കൂളിലെത്തുന്നവരെ എതിരേൽക്കുക. അങ്ങനെ എണ്ണൂറാംവയൽ നാട്ടിൽ വയലായി. വിത്തുവിതയ്ക്കലും ഞാറുനടലും, കള പറിക്കലും, വളമിടീലുമൊക്കെ കുട്ടികൾ ആഘോഷമാക്കിയിരുന്നു. ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷിക്കായി തിരഞ്ഞെടുത്തത്. ജൈവകൃഷി രീതിയാണ് പൂർണമായും അവലംബിച്ചത്. അധ്യാപകരായ ഷെൽബി ഷാജി, എൻ.ഹരികൃഷ്ണൻ, മെർലിൻ മോസസ്, അഖിൽമോൻ ഷാജി എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂളിലെ കാർഷിക ക്ലബ്ബിലെ പ്രവർത്തകരാണ് വയലൊരുക്കി പരിചരിക്കുന്നത്. കൊയ്ത്ത് ആഘോഷപൂർവമായി നടത്താനുള്ള ഒരുക്കത്തിലാണ് സ്‌കൂളിലെ കുട്ടിക്കർഷകരെന്ന് പ്രഥമാധ്യാപകൻ സാബു പുല്ലാട്ട് പറഞ്ഞു.
ആ വയലല്ല ഈ വയൽ
:മിഷനറിമാർ തങ്ങളുടെ പ്രവർത്തനമേഖലകളെ മിഷൻ ഫീൽഡുകൾ എന്ന് രേഖപ്പെടുത്തിയത് മലയാളീകരിച്ചപ്പോഴാണ് ഈ പ്രദേശത്തിന് എണ്ണൂറാംവയലെന്ന് പേരായത്. ഈ പ്രദേശം ചർച്ച് മിഷനറി സൊസൈറ്റിയുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് (വയൽപ്രദേശം) ആയി പ്രഖ്യാപിച്ചിരുന്നു. അങ്ങനെയാണ് സ്‌കൂളും സമീപപ്രദേശങ്ങളും ഈ പേരിൽ അറിയപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group