ജോയിൻറ് കൗൺസിലിന്റെ നെൽക്കൃഷിക്ക് നൂറുമേനി
വർക്കല : ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ജീവനക്കാർ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പുത്സവം നടന്നു. ചെമ്മരുതി പനയറ പാടശേഖരത്തിലാണ് മേഖലയിലെ വിവിധ കാര്യാലയങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ നെൽക്കൃഷി ചെയ്ത് നൂറുമേനി വിളയിച്ചത്. തരിശായി കിടന്ന ഒരേക്കറോളം വരുന്ന പാടത്ത് കഴിഞ്ഞ ജൂലായിലാണ് ഞാറുനട്ടത്. കൃഷിയുടെ ഓരോ ഘട്ടത്തിലും ജീവനക്കാരുടെ ശ്രദ്ധയെത്തി.
പാട്ടത്തിനെടുത്ത തരിശുപാടത്താണ് 120 ദിവസം കൊണ്ട് വിളയുന്ന ഉമ ഇനത്തിൽപ്പെട്ട അത്യുത്‌പാദന ശേഷിയുള്ള നെൽവിത്ത് വിതച്ചത്. നിലമൊരുക്കിയത് മുതൽ വിളവെടുപ്പുവരെയുള്ള മുഴുവൻ ഘട്ടങ്ങളിലും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിത്തമുണ്ടായി. പൂർണമായും ജൈവരീതി അവലംബിച്ചാണ് കൃഷി ചെയ്തത്. കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ, കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ഭാരവാഹികളുടെ നേതൃത്വവും കൃഷി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും കൂടിയായപ്പോൾ നെൽക്കൃഷി വിജയമായി.
കൊയ്ത്തുത്സവം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർപേഴ്‌സൺ എം.എസ്.സുഗൈദകുമാരി, വി.ബാലകൃഷ്ണൻ, ആർ.സരിത, ടി.അജികുമാർ, ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ്.സജീവ്, സെക്രട്ടറി സതീഷ് കണ്ടല, ട്രഷറർ സി.രാജീവ് തുടങ്ങിയവരും പങ്കെടുത്തു. കൊയ്തെടുത്ത നെല്ല് സപ്ലൈകോയ്ക്ക് വിൽക്കുമെന്നും ലഭിക്കുന്ന തുക 'വിശക്കരുതാരും സാന്ത്വന സ്പർശം' പദ്ധതിയിലേക്ക് സംഭാവനയായി നൽകുമെന്നും ജോയിന്റ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group