ജോലിയിൽനിന്ന് വിരമിച്ചവർക്ക് പെട്ടെന്ന് പ്രായമാകാതിരിക്കാൻ എന്തെങ്കിലും കുറുക്കുവഴികൾ ഉണ്ടോയെന്ന് തിരക്കുന്നവർക്ക് അതിനുള്ള ഉത്തരം തേടി കലഞ്ഞൂർ തെക്കേടത്ത് വളവുകയത്തിൽ സിനി ബാബു ജോർജിന്റെ അരികിലേക്ക് എത്താം. പ്രായമാകാതിരിക്കുക മാത്രമല്ല ജീവിതത്തിൽ എങ്ങനെയാണ് സന്തോഷം നിറയ്ക്കുക എന്നതും ഇവിടെനിന്ന് കണ്ടറിഞ്ഞുപോകാം. ഒപ്പം ഹരിതാഭമായ സുന്ദരമായ കോർണർസ്റ്റോൺ എന്ന അവരുടെ ഫാമിന്റെ വിശേഷങ്ങളും അറിയാം.
കാടായിക്കിടന്നിടം ഇന്ന് മനംകുളിർപ്പിക്കുന്നിടം
കലഞ്ഞൂർ വാഴപ്പാറയിൽനിന്ന് ഒരു കിലോമീറ്ററോളം ഓഫ് റോഡ് യാത്രചെയ്താൽ മാത്രമാണ് കൊല്ലപാറയിലുള്ള കോർണർ സ്റ്റോൺ എന്ന ഹരിതാഭമായ ഫാമിലെത്താൻ സാധിക്കുക. ഇത്രയും യാത്രചെയ്ത് ഒരു മലമുകളിലേക്ക് എത്തുമ്പോൾ കാണുന്നത് ചുറ്റും നിരവധി വെള്ളച്ചാട്ടങ്ങളാൽ സമൃദ്ധമായ ഒരിടമാണ്. ഇതിന് നടുക്കായി ഏറുമാടത്തിനും മുളങ്കമ്പുകളാൽ നിർമിച്ച ഫാമിനും എല്ലാം പ്രകൃതിയോടിണങ്ങിനിൽക്കുന്ന ചന്തമാണ്. ഇവിടെയാണ് സിനി ബാബു ജോർജ് സ്വന്തം കോർണർസ്റ്റോൺ. 20 പോത്തുകൾ, ഇരുപത് ആടുകൾ, രണ്ട് ജർമൻ ഷെപ്പേർഡ് നായകൾ ഒരു രാജപാളയം, ഒരു ഗ്രേറ്റ് ഡേയിൻ, ഒരു റോക്ക് വീലർ നായകൾ എന്നിവയും സ്വതന്ത്രമായി ഈ ഫാമിനകത്ത് വിഹരിക്കുന്നു. മൂക്കുകയറില്ലാതെ കഴുത്തിൽ കയറില്ലാതെ ഹരിതാഭമായ ഈ പ്രകൃതി അവരുടേതുംകൂടിയാണെന്ന വിശ്വസത്തിലാണ് ഇവരെ തുറന്നുവിട്ടിരിക്കുന്നത്. സിനി ടീച്ചർ ആദ്യം ഇവിടെയെത്തുമ്പോൾ ചുറ്റും കാടുകയറി കിടക്കുന്നിടമായിരുന്നു. ഓരോവർഷവും നാല് പ്രാവശ്യം കാട് എടുപ്പിക്കുമ്പോൾതന്നെ ലക്ഷക്കണക്കിന് രൂപ ചെലവുവരുമായിരുന്നു. ഈ സമയത്താണ് ഒരു സുഹ്യത്ത് പറഞ്ഞത് കാട് നീക്കം ചെയ്യുന്നതിന് ഇത്രയധികം രൂപ ചെലവഴിക്കാതെ കുറച്ച് പോത്തുകളെ വാങ്ങി വളർത്തിക്കൂടെ എന്ന്. ഈ ചോദ്യമാണ് ജീവിതത്തിൽ ഒരു പുതിയ സംരംഭത്തിന് നിയോഗമാതെന്നാണ് സിനി ടീച്ചർ പറയുന്നത്. അന്ന് അഞ്ച് പോത്തുകളെ വാങ്ങി ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ വളർത്താൻ തുടങ്ങി. പിന്നീടത് പത്തായി ഇപ്പോൾ ഇരുപത് പോത്തിലും ഇരുപത് ആടിലും കുറെ നായ്‌ക്കകളിലുമായി എത്തിനിൽക്കുന്നു. ഉടൻതന്നെ ഹരിയാനയിൽനിന്ന് കുറച്ച് പോത്തുകളെക്കൂടി ഇവിടേക്ക് എത്തിക്കുന്നുണ്ടെന്നും സിനി ടീച്ചർ പറഞ്ഞു.
വലിയ ടൂറിസം സാധ്യതയും
കൊല്ലപാറയിലെ ഈ പ്രദേശം വലിയ ടൂറിസം സാധ്യതയുള്ളയിടവുമാണ്. സംസ്ഥാന സർക്കാരിന്റെ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കിയാൽ വലിയ രീതിയിൽ പ്രയോജനപ്പെടുത്താവുന്നിടവുമാണിത്. ഫാമിനോടുചേർന്നാണ് ഇരുതോട് അരുവി ഒഴുകുന്നത്. ആ ഫാം തുടങ്ങുന്നിടത്തുതന്നെയാണ് ഉരക്കുഴി വെള്ളച്ചാട്ടവും. നാല്പതടിയോളം ഉയരത്തിൽനിന്ന് തട്ടുതട്ടുകളായി വെള്ളം താഴേക്ക് പതിക്കുന്നിടത്തേക്ക് ഇപ്പോഴും നിരവധി ആളുകളാണ് എത്തുന്നത്. ഇതിനൊപ്പം മറ്റ് നിരവധി ചെറിയ വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. വേനൽക്കാലത്തുപോലും ഇവിടെ വെള്ളത്തിന് ക്ഷാമം ഉണ്ടാകാറില്ല. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഓഫ് റോഡ് യാത്രയും ഹരിതാഭമായ പ്രദേശവും വെള്ളച്ചാട്ടങ്ങളും അരുവിയും ഒപ്പം ഫാമും എല്ലാംകൂടി ചേർത്ത് ഒരുദിനം സുന്ദരമാക്കുന്നതിനുള്ള എല്ലാ വിഭവങ്ങളും ഇവിടെയുണ്ട്.
പത്തനാപുരം സെയ്‌ന്റ് സ്റ്റീഫൻസ് സ്‌കൂളിലെ അധ്യാപന ജീവിതത്തിനുശേഷം തന്റെ സമയം വീട്ടിലിരുന്ന് വെറുതേ കളയാൻ സിനി ടീച്ചറിന് കഴിയില്ലായിരുന്നു. അതിനായി ആദ്യംചെയ്തത് കുറച്ചുപേർക്ക് തയ്യൽതൊഴിലിൽ ജോലിസാധ്യത ഉറപ്പുവരുത്തി വീടിനോടുചേർന്ന് ക്വീൻ സീബാ എന്ന പേരിൽ ഒരു ബൊട്ടീക് ആരംഭിക്കുകയായിരുന്നു. ഇതിന്റെ വിജയത്തെത്തുടർന്നാണ് പിന്നീട് ഫാമിന്റെ പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും തിരക്കുള്ള ഭർത്താവ് ബാബു ജോർജ് വലിയ പിന്തുണയുമായി ഒപ്പമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group