വർക്കല : അയിരൂർ എം.ജി.എം. മോഡൽ സ്കൂൾ മുറ്റത്തെ പ്ലാവിന് ആയുർദൈർഘ്യത്തിനായി സുഖചികിത്സയൊരുക്കുന്നു. സ്കൂൾ ഓഡിറ്റോറിയത്തിനു മുന്നിലെ 50 വർഷത്തോളം പഴക്കമുള്ള പ്ലാവിനാണ് വൃക്ഷവൈദ്യ ചികിത്സ തുടങ്ങിയത്. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനുവിന്റെ നേതൃത്വത്തിലാണ് പ്ലാവിനെ സംരക്ഷിക്കുന്നത്. സ്‌കൂളിലെ ഇക്കോ, നേച്ചർ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികളും പങ്കാളികളായി.
ഔഷധക്കൂട്ടുകൾ മരത്തിൽ തേച്ചുപിടിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. പാടത്തെ മണ്ണ്, ചെളി, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, ചിതൽപ്പുറ്റ്, വിഴാലരി, പശുവിൻ പാൽ, ചാണകം, എള്ള്, ചെറുതേൻ, നെയ്യ്, കദളിപ്പഴം, ശർക്കര, രാമച്ചപ്പൊടി എന്നിവ ചേർത്ത് 14-ൽ അധികം ഔഷധക്കൂട്ടുകൾ കുഴച്ച് മരത്തിൽ തേച്ചുപിടിപ്പിക്കും. പ്ലാവിന്റെ തടിയിൽ മണ്ണ് കുഴച്ചുപൊത്തിയശേഷം തുണികൊണ്ട് ചുറ്റിക്കെട്ടും. ജൈവമിശ്രിതം വൃക്ഷച്ചുവട്ടിൽ തളിക്കും. തുടർന്ന് തടിയിൽ പാൽ സ്പ്രേ ചെയ്യുകയുമാണ് ചെയ്യുന്നത്.
നല്ല കായ്ഫലമുണ്ടായിരുന്ന പ്ലാവിന് അടുത്തിടെയാണ് കേടുണ്ടായത്. തുടർന്ന് വൃക്ഷവൈദ്യനായ കെ.ബിനുവിനെ ക്ഷണിച്ചുവരുത്തി ചികിത്സ ആരംഭിക്കുകയായിരുന്നു.
പ്ലാവ് സംരക്ഷിക്കാനുള്ള എല്ലാ പ്രവൃത്തികൾക്കും വിദ്യാർഥികളും സഹായികളായി. പ്ലാവിൽ മരുന്നു പുരട്ടി സ്‌കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ.സുകുമാരൻ ചികിത്സയ്ക്കു തുടക്കംകുറിച്ചു. പ്രിൻസിപ്പൽ ഡോ. എസ്.പൂജ, പി.ടി.എ. പ്രസിഡന്റ് ഹരിദേവ്, ഡോ. സജിത്ത് വിജയരാഘവൻ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group