അമ്പലവയൽ: ‘‘പുഴുങ്ങിക്കുത്തിയ അരി പച്ചവെള്ളത്തിൽ 45 മിനിറ്റോ ഇളംചൂടുവെള്ളത്തിൽ 20 മിനിറ്റോ കുതിർത്തുവച്ചാൽ ചോറു പാകമായിവരും. അടുപ്പോ തീയോ ഒന്നുംവേണ്ട. ഇതാണ് അഘോനി ബോറ എന്ന മാജിക്കൽ റൈസ്’’ -തന്റെ കൃഷിയിടത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തുകയാണ് ചീരാൽ മാത്തൂർക്കുളങ്ങര സുനിൽകുമാർ.
പാടശേഖരം പരീക്ഷണശാലയാക്കിമാറ്റിയ സുനിൽകുമാറിന്റെ വയലിലെ പുതിയ അതിഥിയാണ് പഞ്ചാബിൽനിന്നെത്തിയ അഘോനി ബോറ. അസം, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രചാരമുള്ള നെല്ലിനം വേവിക്കാതെ ഭക്ഷിക്കാമെന്നതാണ് പ്രത്യേകത. കറുത്തയിനം അഘോനി ബോറയുടെ ആദ്യപരീക്ഷണം വിജയിച്ചതിന്റെ സന്തോഷത്തിലാണ് യുവകർഷകനായ സുനിൽകുമാർ. മഞ്ഞയും വയലറ്റും നിറത്തിൽ കതിരിട്ട നെൽച്ചെടികൾ കാഴ്ചയ്ക്കും മനോഹരമാണ്. ഔഷധഗുണമുള്ള നെല്ലിന് കിലോയ്ക്ക് 300 രൂപവരെ വിലയുണ്ടെന്ന് സുനിൽകുമാർ പറയുന്നു.
മട്ടയും വെള്ളയുമല്ല, തനി കറുപ്പ്
നാടനും മറുനാടനുമുൾപ്പെടെയുള്ള കൃഷിയിൽ ഈവർഷം വിരുന്നെത്തിയതാണ് അഘോനി ബോറ. പഞ്ചാബിൽനിന്ന് സുഹൃത്തുവഴിയാണ് വിത്തുകിട്ടിയത്. സാധാരണ ഈ ഇനത്തിലെ വെള്ളയും മട്ടയും കൃഷി വ്യാപകമാണെങ്കിലും സുനിലിന്റെ പാടത്തുള്ളത് തനി കറുത്തയിനം നെല്ലാണ്. ഇത് വയനാട്ടിലാദ്യമാണെന്ന് സുനിൽ പറയുന്നു. ചീരാലിലെ സ്വന്തം കൃഷിയിടത്തിൽ അരയേക്കറോളം സ്ഥലത്താണ് അഘോനി ബോറ പരിപാലിക്കുന്നത്. പച്ചവെള്ളത്തിൽ ഇട്ടുവെച്ചാൽ അരി വേവിക്കാതെ കഴിക്കാനാകും.
ഇക്കുറി 30 ഏക്കർ നെൽക്കൃഷി
വിവിധയിനം വിത്തുകൾ സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ‘പ്ലാന്റ് ജീനോം സേവിയർ’ പുരസ്കാരം നേടിയ സുനിൽകുമാർ കൃഷിപരീക്ഷണം തുടരുകയാണ്. പാരമ്പര്യക്കർഷകനായ സുനിൽ നെൽക്കൃഷി മുടങ്ങാതെ ചെയ്യുന്നതിനൊപ്പം പുതിയ പരീക്ഷണങ്ങളും നടത്തുന്നുണ്ട്. സ്വന്തം വയലിലും പാട്ടത്തിനെടുത്തതുമായി 30 ഏക്കർ സ്ഥലത്താണ് ഇക്കുറി കൃഷിയുള്ളത്. ഇതിൽ 170-ൽപ്പരം വിത്തിനങ്ങൾ കൃഷിചെയ്യുന്നു.
പഠിക്കാനുണ്ട് ഈ പാടത്തുനിന്ന്
മഴ ഇക്കുറി കൃഷിയെ പ്രതികൂലമായി ബാധിച്ചെങ്കിലും മുൻവർഷത്തേക്കാളേറെ വിത്തിനങ്ങൾ സുനിൽകുമാർ പരീക്ഷിക്കുന്നുണ്ട്. മറുനാടൻ ഇനങ്ങളായ കരിഗജബല, കലാബത്തി തുടങ്ങി ഇരുപതിൽപ്പരവും വയനാടിന്റെ സ്വന്തം മുള്ളൻകൈമ, കോതാളി, ചെന്നെല്ല്, മരനെല്ല് തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്.
കൃഷിക്കൊപ്പം പാരമ്പര്യവിത്തുകളുടെ സംരക്ഷകൻകൂടിയാണ് സുനിൽ. കൃഷി നേരിൽക്കാണാനും വിത്തുകൾ പരിചയപ്പെടാനും ഒട്ടേറെപ്പേർ ഇദ്ദേഹത്തെ തേടിയെത്തുന്നുണ്ട്. കാർഷികവിദ്യാർഥികൾക്കും പുതുതലമുറയിലെ കർഷകർക്കും നല്ലൊരു പാഠമാണ് സുനിലിന്റെ പാടശേഖരം.
കാലാവസ്ഥയിൽ പ്രകടമായ മാറ്റം
പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണ് നെൽക്കൃഷി. പുതിയ പരീക്ഷണങ്ങളുടേതാണ് ഓരോ വർഷവും. ഇക്കുറി തോരാമഴ വലിയപ്രതിസന്ധി സൃഷ്ടിച്ചു.
മാറിയ കാലാവസ്ഥയിൽ ഏതിനം നെല്ലാണ് നന്നായി വിളയുകയെന്നുള്ള പരീക്ഷണത്തിലാണ്. വയനാടിന്റെ കാലാവസ്ഥയ്ക്കനുയോജ്യമായ കൂടുതൽ നെല്ലിനങ്ങൾ കണ്ടെത്തണം. പരിപാലിക്കണം. അതാണ് ലക്ഷ്യം.
എം. സുനിൽകുമാർ
കർഷകൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group