പള്ളിക്കൽ : കൂൺകൃഷി ചെയ്യാൻ കുന്നോളം ചിന്തിക്കണ്ട. ഒരേ മനസ്സുള്ള നല്ല കൂട്ടുകാരെ കിട്ടിയാൽ മതി. ഇത്തരത്തിൽ മൂന്ന് വനിതകളുടെ കൂട്ടായ പ്രവർത്തനത്തിൽ തുടങ്ങിയ കൂൺകൃഷി ഇന്ന് നാട്ടിൽ സൂപ്പർ ഹിറ്റ്.
പള്ളിക്കൽ രണ്ടാംവാർഡ് കേന്ദ്രീകരിച്ച് ഒരു കുടുംബശ്രീ സംരംഭമായി പഞ്ചായത്തംഗം സുപ്രഭ, കെ.സ്മിത കുമാരി, എസ്.ബിജി എന്നീ വനിതകളുടെ നേതൃത്വത്തിലാണ് കൂൺകൃഷി നടത്തുന്നത്. എസ്.കെ.എസ്. എന്ന പേരിൽ തുടങ്ങിയ കൂൺ കൃഷിക്കായി സ്ഥലമൊരുക്കിയിരിക്കുന്നത് കെ. സ്മിതാകുമാരിയുടെ വീടായ പള്ളിക്കൽ ലക്ഷ്മിവിലാസം ബംഗ്ലാവിലാണ്.
പഴയ എരുത്തിൽ നന്നാക്കി എടുത്താണ് സൗകര്യം ഒരുക്കിയത്. അടുത്തടുത്തായി താമസിക്കുന്ന ഈ വനിതകൾക്ക് കൂൺകൃഷി പഠിക്കണമെന്നുള്ള ആഗ്രഹം കുറച്ചുനാളുകൾക്കു മുൻപുതന്നെ ഉണ്ടായിരുന്നതാണ്. എന്നാൽ ഇത് പഠിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മാസങ്ങൾ മുൻപ് തെങ്ങമം കൈതയ്ക്കൽ ബ്രെദേഴ്സ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കൂൺകൃഷി പരിശീലനം നടന്നത്. തുടർന്ന് ഈ പരിശീലന ക്യാമ്പിൽ പങ്കെടുത്ത് പത്തുദിവസംകൊണ്ട് കൃഷിചെയ്യുന്ന രീതി പഠിച്ചു.
ശേഷം ചെറിയരീതിയിലാണ് കൂൺ കൃഷി ആരംഭിച്ചു. വിളവെടുക്കുന്ന കൂണുകൾ സമീപത്തെ വീടുകളിലാണ് ആദ്യം നൽകിയത്. ഉപയോഗിച്ചവർ പിന്നീട് തുടർച്ചയായി വാങ്ങിക്കുകയും കേട്ടവർ ആവശ്യക്കാരായിവരുകയും ചെയ്തതോടെ കൂടുതൽ കൂൺ ഉത്പാദിപ്പിക്കുവാൻ തുടങ്ങി. ഇന്ന് രാവിലെയും വൈകീട്ടുമായി നടക്കുന്ന വിളവെടുപ്പിൽ ആറുകിലോ കൂണാണ് ഇവർക്ക് ലഭിക്കുന്നത്. ഇപ്പോൾ കടക്കാരും കൂൺ ചോദിച്ചുതുടങ്ങിയതായി പഞ്ചായത്തംഗം സുപ്രഭ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group