വണ്ടിപ്പെരിയാർ (ഇടുക്കി) : ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നത് കാരണം ഏലം കൃഷി പ്രതിസന്ധിയിലാകുന്നു. പുതുതായി വിരിയുന്ന പൂവും തണ്ടുമൊക്കെ തിന്നുനശിപ്പിക്കുകയാണ്. പൂവ് നശിച്ചു പോകുന്നതിനാൽ കായകൾ ഉണ്ടാകുന്നില്ല. വിളവ് വല്ലാതെ കുറയുന്നു.
ഏലം കൃഷി നാളുകളായി പ്രതിസന്ധിയിലാണ്. ഉത്പാദന ചെലവിന് അനുസരിച്ച് വില ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. ഇക്കഴിഞ്ഞ കടുത്ത വേനലും ഏലം കർഷകർക്ക് വലിയ ദുരിതം സമ്മാനിച്ചു. ഏലച്ചെടികളെല്ലാം ഉണങ്ങി നശിച്ചു.
മഴ പെയ്തപ്പോൾ ചിലത് കിളിർത്തു. ഭൂരിഭാഗവും നശിച്ചുപോയി. പ്രതീക്ഷ കൈവിടാതെ കർഷകർ വീണ്ടും ചെടി നട്ടു. ഇതാണ് ഇപ്പോൾ ഒച്ച് തിന്ന് നശിപ്പിക്കുന്നത്. പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, ഉടുമ്പൻചോല, നെടുങ്കണ്ടം, ആനവിലാസം, പാമ്പാടുംപാറ, പൂപ്പാറ, ശാന്തൻപാറ, വണ്ടൻമേട്, പുളിയൻമല തുടങ്ങിയ മിക്കമേഖലകളിലും ഒച്ചിന്റെ ശല്യമുണ്ട്.
ജയൻറ് ആഫ്രിക്കൻ ലാൻഡ് സ്നെയിൽ എന്ന് അറിയപ്പെടുന്ന ഈ ഒച്ച് രാത്രിയാണ് തോട്ടത്തിലേക്ക് ഇറങ്ങുന്നത്. ദിവസങ്ങൾക്കുള്ളിൽ പൂക്കൾ മുഴുവൻ തിന്നുതീർക്കും.
ഒച്ച് ശല്യത്തിന് പ്രതിവിധി കാണാൻ കൃഷിവകുപ്പ് പഠനം തുടങ്ങിയിട്ടുണ്ട്. എന്നാൽ, സ്പൈസസ് ബോർഡ് യാതൊരു സഹായവും ചെയ്യുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. ഒച്ചുകളെ തുരത്താൻ ശാസ്ത്രീയമായ പഠനം നടത്തി പരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യം.
ജൈവമാർഗത്തിലൂടെ ഒച്ചിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഏലച്ചെടികളുടെ സമീപത്തായി ചണ ചാക്കുകൾ വിരിച്ച് അതിൽ കാബേജ് പോലുള്ളവയുടെ ഇലകൾ നിരത്തും. ഇത് തിന്നുന്നതിനായി ഒച്ചുകൾ വന്ന് കയറുന്പോൾ കുമ്മായമോ ഉപ്പുവെള്ളമോ ഒഴിച്ച് നശിപ്പിക്കുകയാണ് പതിവ്. എന്നാൽ, ഇതുകൊണ്ട് മാത്രം ഒച്ചുകൾ പൂർണമായും പോകുന്നില്ല.
മറ്റ് പാർശ്വഫലങ്ങളുണ്ടാകുന്നതും വലിയ ചെലവ് വരുന്നതും കാരണം രാസമാർഗങ്ങളിലേക്ക് കർഷകർ ഇതുവരെ പോയിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group