അങ്കമാലി: കൃഷി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകേണ്ടത് കൃഷിഭവനുകളിലല്ലെന്നും കൃഷിയിടങ്ങളിലാണെന്നും മന്ത്രി പി. പ്രസാദ്. സംസ്ഥാന സർക്കാരിന്റെ നാലാം 100 ദിന പരിപാടിയുമായി ബന്ധപ്പെട്ട് കർഷകർക്ക് അനുവദിക്കുന്ന തിരിച്ചറിയൽ കാർഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൃഷി ഓഫീസുകൾ സ്മാർട്ടാകണമെങ്കിൽ കൃഷി ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിൽ എത്തണം. മീറ്റിങ്, റിപ്പോർട്ട്, ഫയൽ എന്നിങ്ങനെയുള്ള സാങ്കേതികത്വം പറഞ്ഞ് കർഷകർക്ക് ലഭിക്കേണ്ട സേവനങ്ങൾക്ക് തടസ്സമുണ്ടാകാൻ പാടില്ല.ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനും കർഷകർക്ക് വേഗത്തിൽ സേവനം ലഭ്യമാകുന്നതിനും സോഫ്റ്റ്‌വേർ തയ്യാറാക്കിയിട്ടുണ്ട്. കർഷകരുടെ കണ്ണ് നിറഞ്ഞാൽ സർവനാശമാണ്. അവരുടെ മനസ്സാണ് നിറയേണ്ടത്.
സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും പ്രവർത്തനങ്ങൾ നേരിട്ട് കർഷകരിലേക്ക് എത്തിക്കുന്നതിനും സേവനങ്ങൾ എളുപ്പം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ‘കതിർ’ എന്ന പേരിൽ മൊബൈൽ ആപ്പ് സജ്ജമാക്കിയിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പത്മശ്രീ ജേതാവ് സത്യനാരായണയ്ക്ക് നൽകിയാണ് തിരിച്ചറിയൽ കാർഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചത്.
അങ്കമാലി സി.എസ്.എ. ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ റോജി എം. ജോൺ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൃഷി അഡീഷണൽ ഡയറക്ടർ ബിൻസി എബ്രഹാം പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുൻ എം.എൽ.എ. പി.ജെ. ജോയി, അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സക്കറിയാസ് തുടങ്ങിയവർ സംസാരിച്ചു.
കർഷകർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group