കാലാവസ്ഥ വില്ലനായി; ഗ്രാമ്പു കർഷകർ ദുരിതത്തിൽ

കാലാവസ്ഥ വില്ലനായി; ഗ്രാമ്പു കർഷകർ ദുരിതത്തിൽ
കാലാവസ്ഥ വില്ലനായി; ഗ്രാമ്പു കർഷകർ ദുരിതത്തിൽ
Share  
2026 Feb 09, 09:25 AM

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ മലയോരപ്രദേശങ്ങളായ മുറ്റത്ത്പ്ലാവ്, പശുക്കടവ്, വട്ടിപ്പന, ചാപ്പൻതോട്ടം എന്നീ സ്ഥലങ്ങൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഗ്രാമ്പുവിൻ്റെ സുഗന്ധം പരന്നൊഴുകുന്ന സമയമായിരുന്നു. എന്നാൽ, ഈ വർഷം കർഷകരുടെ പ്രതീക്ഷകൾ തകർന്നുതരിപ്പണമായ അവസ്ഥയാണ്. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് ഗ്രാമ്പു വിളവെടുപ്പ് ഇത്രയും കുറയുന്നത്.


അപ്രതീക്ഷിതമായി വേനൽമഴ കൂടുതൽ ലഭിച്ചതാണ് കർഷകർക്ക് തിരിച്ചടിയായത്. സാധാരണ ഗ്രാമ്പു വിളവെടുക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. വിളവെടുത്തതിനുശേഷം മരത്തിന് കുറച്ചുമാസം നനവുകുറഞ്ഞ് ക്ഷീണം വരണം. എന്നാൽ, ക്ഷീണം സംഭവിക്കേണ്ട സമയത്ത് കഴിഞ്ഞവർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ മഴ ആരംഭിച്ചതാണ് വിളവെടുപ്പ് കുറയാൻ കാരണം. വിളവെടുപ്പ് കുറഞ്ഞതോടെ കർഷകരാണ് ദുരിതത്തിലായത്. കേരളത്തിൽ മലബാർമേഖലയിൽ ഏറ്റവുംകൂടുതൽ ഗ്രാമ്പു കൃഷിചെയ്യുന്നത് കാവിലുംപാറ പഞ്ചായത്തിലെ മുറ്റത്ത്പ്ലാവ്, വട്ടിപ്പന, പൂതംപാറ, പൊയിലോംചാൽ, കരിങ്ങാട്, ചാപ്പൻതോട്ടം എന്നിവിടങ്ങളിലാണ്.


ഇവിടങ്ങളിലെ ഓരോവീട്ടിലും ഗ്രാമ്പു കൃഷിചെയ്യുന്നുണ്ട്. നിലവിൽ കിലോയ്ക്ക് 900-1000 വരെ വില ലഭിക്കുന്നുമുണ്ട്. പക്ഷേ, പറഞ്ഞിട്ട് എന്ത് ഫലം കാലാവസ്ഥ ചതിച്ചില്ലേയെന്നാണ് കർഷകർ ചോദിക്കുന്നത്. ഈ വർഷം വെറും പത്തുശതമാനം മാത്രമാണ് വിളവെടുപ്പ് നടന്നതെന്ന് കർഷകർ പറഞ്ഞു.


ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും ഇത്തവണ വിളവെടുപ്പ് കുറവാണ്. 26 ഹെക്‌ടറിലാണ്‌ കോഴിക്കോട് ജില്ലയിൽ ഗ്രാമ്പു കൃഷിചെയ്യുന്നത്. ഇടുക്കി, കോട്ടയം ജില്ലകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. പിന്നെ കൊല്ലം, കണ്ണൂർ, വയനാട് ജില്ലകളിലും കൃഷിചെയ്യുന്നുണ്ട്. വന്യമൃഗശല്യം ഇല്ലാത്തതുകൊണ്ട് ഏറെ പ്രതീക്ഷയിലാണ് കർഷകർ ഗ്രാമ്പുകൃഷി ആരംഭിച്ചിരുന്നത്. വന്യമൃഗശല്യം കൂടുതലുള്ള പ്രദേശത്തും കൃഷിചെയ്യാൻപറ്റുന്ന വിളയായതുകൊണ്ട് കാവിലുംപാറയിലെ മലയോരപ്രദേശത്ത് ഒട്ടേറെ കർഷകരാണ് ഗ്രാമ്പു കൃഷിചെയ്‌തിരുന്നത്.


ഇറക്കുമതി കൂടുതൽ


കൂനുമേൽ കുരുവന്ന അവസ്ഥയാണ് കാവിലുംപറയിലെ ഗ്രാമ്പു കർഷകർക്ക്. ഇത്തവണ കാലാവസ്ഥ എതിരായതും പുറംരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വൻതോതിൽ ഗ്രാമ്പു ഇറക്കുമതിചെയ്യുന്നതും ഗ്രാമ്പു പറിക്കാൻ തൊഴിലാളികളെ കിട്ടാത്തതുമെല്ലാം കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു.


ഇതരസംസ്ഥാന തൊഴിലാളികളികളാണ് പൂവ് പറിക്കുന്നത്. അവർക്ക് 1000 രൂപ കൂലിയും കൊടുക്കണം. വിളവെടുപ്പ് കുറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മിക്കവരും. ഇൻഡൊനീഷ്യ, മഡഗാസ്‌കർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഗുണമേന്മകുറഞ്ഞ ഗ്രാമ്പു കിലോയ്ക്ക് 650 മുതൽ 750 വരെ വിലയ്ക്ക് ഇറക്കുമതിചെയ്യുന്നത് തിരിച്ചടിയാണെന്നും കർഷകർ പറയുന്നു. കഴിഞ്ഞ 45 വർഷത്തിനിടെ ഏറ്റവുംകുറഞ്ഞ വിളവെടുപ്പ് അധികമഴ വിളവെടുപ്പ് കുറച്ചു


ഇന്ത്യയിൽ ഗ്രാമ്പു കൃഷിചെയ്യുന്ന മിക്കസ്ഥലങ്ങളിലും വിളവെടുപ്പ് കുറവാണ്. കന്യാകുമാരി, നാഗർകോവിൽ എന്നിവിടങ്ങളിലും ഇതേ അവസ്ഥയാണ്. ഇവിടെ ആവശ്യത്തിന് ഉത്പാദനം ഇല്ലാത്തതുകൊണ്ട് പുറംരാജ്യങ്ങളിൽനിന്ന് ഇറക്കുമതിചെയ്യുന്നുണ്ട്. ഗുണമേന്മയിൽ വലിയമാറ്റമൊന്നുമില്ലാത്ത ഗ്രാമ്പുതന്നെയാണ് ഇറക്കുമതിചെയ്യുന്നത്. ഇവിടത്തെ ആവശ്യത്തിന് പുറത്തുനിന്ന് ഇറക്കുമതിചെയ്യാതെ പറ്റില്ല. കാരണം ഇന്ത്യയിൽ ആവശ്യത്തിന് ഗ്രാമ്പുകൃഷി ഇല്ല. പുറംരാജ്യങ്ങളിൽ ഉത്പാദനച്ചെലവ് കുറയുന്നതുകൊണ്ടാവാം വിലയിൽ മാറ്റംവരുന്നത്.


വി.കെ. മുഹമ്മദ് നിസാർ,

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്, സയന്റിസ്റ്റ്


തിരിച്ചടി ആദ്യം


കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യമായാണ് ഈ വർഷം ഗ്രാമ്പു വിളവെടുപ്പിൽ കർഷകർക്ക് തിരിച്ചടിയായത്. വന്യമൃഗശല്യം ഇല്ലാത്തതുകൊണ്ട് കൂടുതൽ കർഷകർ ഗ്രാമ്പുകൃഷിയിലേക്ക് വന്നിരുന്നു. എന്നാൽ, ഈ വർഷം കാലാവസ്ഥ കർഷകരെ ആകെ ചതിച്ചിരിക്കുകയാണ്. പുതുതലമുറയ്ക്ക് തൊഴിൽസാധ്യതയും വരുമാനവുമുണ്ടാക്കുന്ന കൃഷിയാണ് ഗ്രാമ്പു. ഈ വർഷം കാലാവസ്ഥ കർഷകരുടെ പ്രതീക്ഷയാണില്ലാതാക്കിയത്. പൂവ് പറിക്കാൻ ആളെ കിട്ടാത്തതും കർഷകർക്ക് തിരിച്ചടിയാണ്. കഴിഞ്ഞവർഷംവരെ ഉത്തരേന്ത്യയിൽനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നും കച്ചവടക്കാർ പഞ്ചായത്തിൽ ഓരോ വീടുകളിലുമെത്തി ഗ്രാമ്പു ശേഖരിച്ചിരുന്നു. എന്നാൽ, ഈ വർഷം വിളവെടുപ്പ് കുറഞ്ഞതോടെ അവരും വെറുംകൈയോടെ മടങ്ങി.


ഇല്ലിക്കൽ ജോസഫ്,

ഗ്രാമ്പു കർഷകൻ


(കടപ്പാട്: മാതൃഭൂമി ന്യൂസ്‌)

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles