കുണ്ടാറിൽ കാർഷിക പഠന-വ്യൂ പോയിന്റ്, കാർഷിക ഉത്പന്ന വിപണന കേന്ദ്രം
മുള്ളേരിയ : പൂക്കളും ഫലവൃക്ഷങ്ങളും നിറഞ്ഞ വഴിയിലൂടെ കുന്നിൻമുകളിലേക്ക് കയറാം. മുകളിലെത്തിയാൽ സദാസമയ ഇളംകാറ്റേറ്റ് 360 ഡിഗ്രി കാഴ്ചകളും കണ്ട് ഇരിക്കാം. മലയോരത്ത് കാറഡുക്ക കുണ്ടാറിൽ കാർഷിക പഠന-വിനോദസഞ്ചാരകേന്ദ്രം വരുന്നു. 2.77 കോടി രൂപ ചെലവിലാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. നുതന കാർഷികവിദ്യകൾ പഠിക്കാനും ടൂറിസം സാധ്യതകൾ ഉപയോഗിക്കാനും ലക്ഷ്യമിട്ടാണ് കാറഡുക്ക കുണ്ടാറിൽ കാർഷിക പഠനകേന്ദ്രം, വ്യൂപോയിൻ്റ്, ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നത്.
കാർഷിക ഉത്പന്ന വിപണനകേന്ദ്രവും തുടങ്ങും. കാർഷിക പഠനകേന്ദ്രത്തിലൂടെ വിദ്യാർഥികൾക്കും യുവ കർഷകർക്കും നവീന കൃഷിരീതികൾ, ജൈവകൃഷി, മൂല്യവർധന, സംരംഭകത്വം എന്നിവയിൽ പരിശീലനം നൽകും. ചെർക്കള-ജാൽസൂർ സംസ്ഥാനപാതയിൽ കാറഡുക്ക കുണ്ടാറിൽ കൃഷിവികസന കർഷകക്ഷേമ ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള കാഷ്യു പ്രജനി ഓർക്കാർഡ് കേന്ദ്രത്തിൻ്റെ സ്ഥലത്താണ് പദ്ധതി വരുന്നത്. പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കാർഷിക ഉത്പന്ന വിപണനകേന്ദ്രം വഴി പ്രാദേശിക കർഷകർക്ക് നേരിട്ട് ഉത്പന്നങ്ങൾ എത്തിക്കാൻ സൗകര്യമൊരുക്കും.
കശുമാവിൻതൈകൾ, ഫലവൃക്ഷത്തൈകൾ, പഴവർഗങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവ ഇവിടെ ലഭ്യമാകും. ഇതിലൂടെ ഇടനിലക്കാരില്ലാതെ കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുമെന്നതാണ് ലക്ഷ്യം. ടൂറിസം പദ്ധതിയുടെ ഭാഗമായി വരുന്ന വ്യൂപോയിന്റ് കുണ്ടാർ മാവിലാൻ കോട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലത്താണ്.
സഞ്ചാരികൾക്കുള്ള ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റ്, പൂന്തോട്ടം എന്നിവയാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കും. അതിനുശേഷം സഞ്ചാരികൾക്കു തുറന്നുകൊടുക്കും. 71 ലക്ഷം രൂപയുടെ പണി ഇതുവരെയായി പൂർത്തീകരിച്ചു. ക്യാഷ്യു ഡവലപ്പ്മെൻ്റ് ഓഫീസർ മനു നരേന്ദ്രൻ, ഫാം ഓഫീസർ എൻ. സൂരജ്, കൃഷി അസിസ്റ്റൻ്റുമാരായ കെ. പ്രകാശൻ, പി. ശ്രീഹരി എന്നിവരാണ് വികസന പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്.
താമസിച്ച് പഠിക്കാനുള്ള സൗകര്യം ഒരുക്കും
കുന്നിൻമുകളിൽ ടെൻ്റ് താമസസൗകര്യം ഭാവിയിൽ ഒരുക്കും. ക്യാമ്പ് സൗകര്യവും ഉണ്ടാകും. ഫാമിന്റെ സമഗ്രവികസനവും വരുമാനവും കണ്ടത്താനുള്ള വിവിധ പദ്ധതികൾ ഭാവിയിൽ നടപ്പാക്കും എന്ന് ഫാം ഓഫീസർ പറഞ്ഞു.
1.82 കോടി രൂപ ചെലവിൽ കശുവണ്ടി സംസ്‌കരണശാല
കശുവണ്ടിമേഖലയെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമായാണ് അത്യാധുനിക കശുവണ്ടി സംസ്കരണശാല സ്ഥാപിക്കാൻ തീരുമാനം. പദ്ധതിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. കാഷ്യു പ്രജനനി ഫാമിൻ്റെ കീഴിൽ കുണ്ടാർ, ഗാളിമുഖ മേഖലയിൽ വ്യാപിച്ച് കിടക്കുന്ന 250 ഏക്കർ കശുവണ്ടി തോട്ടത്തിലെ കശുവണ്ടിയാണ് തുടക്കത്തിൽ സംസ്കരണശാലയിലെ അസംസ്‌കൃതവസ്തുവായി ഉപയോഗിക്കുന്നത്. പദ്ധതിയിലൂടെ പ്രദേശവാസികൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിക്കും. ദിവസേന വലിയതോതിൽ കശുവണ്ടി സംസ്കരിക്കാനുള്ള ശേഷിയുള്ള പൂർണമായി ഓട്ടോമാറ്റിക്കായ അത്യാധുനിക മെഷീൻ ആണ് സ്ഥാപിക്കുന്നത്. ശാലയിൽ റോസ്റ്റിങ്, ഷെല്ലിങ്, പീലിങ്, ഗ്രേഡിങ്, പാക്കേജിങ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങൾക്കും ആധുനിക സംവിധാനങ്ങൾ ഒരുക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











