
ജൈവ ജീവിത ദൈനംദിനം: മണ്ണിന്റെ സ്പർശമറിയുന്ന ആവാസ വ്യവസ്ഥ
:സത്യൻ മാടാക്കര
പരിചരണത്തിൻ്റെ തണൽ: ദിബ്ബയിലെ വാടകവീടിൻ്റെ മുറ്റത്ത്, മുപ്പത് വർഷം തികഞ്ഞ ഒരു വേപ്പുമരമുണ്ട്. അതിൻ്റെ ചുവട്ടിലെ ഇരിപ്പ് ഒരു അനുഭവം തന്നെയാണ്. വെളുപ്പിന് സൂര്യൻ ഉദിക്കുമ്പോൾ, വെളിച്ചം വേപ്പിൻ ചില്ലകളിൽ തട്ടി വരാന്തയിലേക്ക് എത്തുന്നു. അവിടെയിരുന്ന് ഞങ്ങൾ കിളികളുടെ പാട്ടിലും, കാക്കകളുടെ കലമ്പലിലും, മരത്തിൽ പൊത്തിപ്പിടിച്ചു കയറുന്ന പൂച്ചയിലും ശ്രദ്ധയൂന്നുന്നു. ചെറുതൈ വൃക്ഷമായി വളർന്നു നിൽക്കുമ്പോൾ അത് ജീവൻ്റെ ആവാസം നമ്മെ കൺതുറപ്പിക്കുന്നു. ചിത്രശലഭം തനിക്ക് വേണ്ടത് മാത്രം ആഹരിച്ച് മുന്നോട്ട് പോകുമ്പോൾ, ജീവിതത്തിൻ്റെ പുലരിയിലേക്ക് ജീവിതത്തെ എത്തിക്കുന്ന പ്രകൃതിയുടെ പാഠമാണ് നാം പഠിക്കുന്നത്.
മണ്ണും മനസ്സും തമ്മിലുള്ള രഹസ്യം: ആകാശത്തുനിന്ന് മണ്ണിലേക്ക് ഇറങ്ങി വരുന്ന ഓരോ ജീവജാലങ്ങളിലും ജീവനോടുള്ള കൂപ്പുകൈയുണ്ട്. മനസ്സും മണ്ണും തമ്മിലുള്ള പരമ രഹസ്യം മിസ്റ്റിക്കുകൾ അവരുടേതായ ഭാഷയിൽ പറഞ്ഞു വെച്ചിരിക്കുന്നു. സാധാരണ മനുഷ്യരും കേട്ടറിവുകളിലൂടെയും നാട്ടറിവുകളിലൂടെയും സ്വയം ബോധ്യപ്പെട്ട് മണ്ണറിയുന്നു. നല്ലൊരു കർഷകൻ ഇലകൾ കത്തിക്കാറില്ല. കാരണം, അതിൽ അടങ്ങിയിരിക്കുന്ന സൗരോർജ്ജ ജൈവത്തിൻ്റെ പ്രാധാന്യം അവനറിയാം. മനുഷ്യരെപ്പോലെ ഭൂമിയും ശ്വാസോശ്വാസം നിർവ്വഹിക്കുന്നുണ്ട്.
വൃക്ഷസംരക്ഷണം എല്ലാ സംസ്കാരങ്ങളിലും നിലനിന്നതിന് തെളിവുണ്ട്. ഭാരതീയ സംസ്കാരത്തിലും വിശുദ്ധ ഖുർആനിലും ബൈബിളിലുമെല്ലാം വൃക്ഷങ്ങളെക്കുറിച്ച് പരാമർശിക്കുന്നു. ഒരു തൈ നടുക എന്ന അനുഷ്ഠാനത്തോടെ വൃക്ഷസ്നേഹം തീരുന്നില്ല. പ്രകൃതിയെക്കുറിച്ച് ആർക്കെങ്കിലും സംസാരിക്കാൻ കഴിയുമെങ്കിൽ, ആ ഉത്തരം വളരെ സൂക്ഷ്മമായിരിക്കും; അത് മണ്ണിൻ്റെ പരിപാലനത്തിലേക്കും ജൈവ ജീവിത പ്രകൃതിയിലേക്കുമുള്ള യാത്രാചുവടാണ്. ഏകാന്തതയുടെ ഊടുവഴികളിൽ വൃക്ഷങ്ങൾ തണലായി നിലകൊള്ളുന്നു. വിത്ത് മുളച്ച് ചെടിയായി, മരമായി, മഹാ വൃക്ഷമായി ഭൂമിയിൽ കായ്കളും തണലും നൽകുന്നു.
സെൻ കവി എഴുതിയതുപോലെ: "ഒരിടത്തുനിന്നു വൃക്ഷം എല്ലാം ചെയ്യുന്നു. ഗാനമോ നൃത്തമോ ഇല്ലാതെ ഒരു വൃക്ഷം, ഒന്നും ചെയ്യാതെ എല്ലാം ചെയ്യുന്നു."
ആവാസവ്യവസ്ഥയുടെ കെട്ടുറപ്പ്: മരം മാത്രമല്ല ആവാസ വ്യവസ്ഥ. സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മജീവികളും അജൈവ ഘടകങ്ങളും എല്ലാം ചേർന്നതാണ് പാരിസ്ഥിതിക വ്യവസ്ഥ. കോടാനുകോടി സൂക്ഷ്മജീവികൾ താമസിക്കുന്ന ജീവൻ്റെ വാസസ്ഥാനമാണ് മണ്ണ്. മണ്ണുമായുള്ള ഊഷ്മള ബന്ധത്തിൻ്റെ ഭൂമിയിലെ അടയാളമാണ് കൃഷി. മണ്ണിനും, ജലാശയത്തിനും, സസ്യങ്ങൾക്കും അപചയം സംഭവിക്കുമ്പോൾ നിലനിൽക്കുന്ന നൈസർഗ്ഗിക പ്രക്രിയയാണ് താറുമാറാകുന്നത്. അതുകൊണ്ടാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞത്: "മണ്ണിനെ വേണ്ടവിധം പരിപാലിക്കാൻ മറക്കുന്നത് നമ്മെത്തന്നെ സ്വയം മറക്കുന്നതിന് തുല്യമാണ്."
മണ്ണിന് ജീവനുണ്ടായാലേ മനുഷ്യന് ജീവൻ നിലനിർത്താൻ കഴിയൂ. വന്ധ്യതയ്ക്കല്ല, ഉർവ്വരതയ്ക്കാണ് നമ്മൾ ശ്രമിക്കേണ്ടത്. കീടാംശമല്ല, ജൈവാംശമാണ് നിലനിർത്തേണ്ടത്. നഗരവൽക്കരണം അത്യാവശ്യം തന്നെ, എന്നാൽ അത് മണ്ണിൻ്റെ സ്വതന്ത്ര രചനാ ഘടനയെ തടഞ്ഞു നിർത്തുന്ന തരത്തിലാകരുത്. എല്ലാവരും പ്രകൃതി ഉപാസകരാകണം എന്ന് നിർബന്ധമില്ല. പക്ഷേ, പ്രകൃതിയെ മലിനപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവർക്കും കഴിയണം.
വേപ്പും ജൈവധർമ്മവും: പ്രവാചക സൂക്തത്തിൽ പറയുന്നതുപോലെ: "ഒരു ചെടി നടുന്നതിനെ തുടർന്ന് ലഭ്യമാകുന്ന കായ്കനികൾ ജന്തുജാലങ്ങളോ മനുഷ്യരോ ഉപയോഗിച്ചാൽ അതെല്ലാം നടുന്നവൻ ചെയ്യുന്ന ദാനമായി പരിഗണിക്കപ്പെടും." ഇതിലൂടെ മണ്ണിനോടും മനുഷ്യനോടും വൃക്ഷങ്ങളോടും മനുഷ്യർ പുലർത്തേണ്ട പ്രവാചകത്വ സിദ്ധാന്തം വ്യക്തമാക്കുന്നു. സുന്ദർലാൽ ബഹുഗുണ പറയുന്നതുപോലെ, ചില വൃക്ഷങ്ങൾ ഭക്ഷിക്കാവുന്ന കായ്കനികൾ നൽകുന്നു, ചിലത് കന്നുകാലികൾക്ക് തീറ്റ നൽകുന്നു, ചിലത് വസ്ത്രമുണ്ടാക്കാൻ ഉതകുന്നു, മറ്റു ചിലത് വളമായും വിറകായും ഉപയോഗിക്കുന്നു.
യു.എ.ഇയിൽ മിക്ക സ്ഥലത്തും കാണുന്ന ആര്യവേപ്പ് കേവലം തണൽ മരം മാത്രമല്ല. ഇലകൾ ചൂടുവെള്ളത്തിലിട്ട് കുളിക്കാം, ചിക്കൻപോക്സ് വന്നാൽ വിരിച്ച് കിടക്കാം, തണ്ട് പല്ല് തേക്കാൻ ഉപയോഗിക്കാം. ഇതിലപ്പുറം, "മരുന്നായും, രോഗനിവാരണ ഔഷധമായും, മണ്ണിന് നൈട്രജൻ നൽകുന്ന വൃക്ഷമായും ആര്യവേപ്പ് നിലനിൽക്കുന്നു."
ആയുർവ്വേദ കാഴ്ചപ്പാട്: സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് സൂചിപ്പിച്ചതുപോലെ, "ജീവനില്ലാത്തതായി യാതൊരു പദാർത്ഥവും പ്രപഞ്ചത്തിലില്ല എന്നുള്ള പ്രാചീന സങ്കല്പത്തിൽ നിന്നുകൊണ്ടാണ് ഭാരതീയ ആയുർവ്വേദ പഠനങ്ങൾ തുടങ്ങുന്നത്." കല്ലിൽ പോലും ചേതനാംശങ്ങൾ ഉണ്ട്. സസ്യങ്ങളും ജന്തുക്കളും സേന്ദ്രിയങ്ങളാണ്. സസ്യങ്ങളെ ഔഷധികളായി കണ്ട് അമ്മയുടെ സ്ഥാനം നൽകിയിരുന്ന പൗരാണിക ഭാരതീയ തത്വം, സസ്യസംരക്ഷണം നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. 'പത്തു പുത്രന്മാർക്കു സമം ഒരു വൃക്ഷം' എന്ന പ്രമാണം സസ്യസംരക്ഷണം മനുഷ്യരാശിയുടെ ജൈവ ധർമ്മമായി കണ്ടിരുന്നുവെന്ന് അടിവരയിടുന്നു.
റീചാർജ്ജിംഗ് അനുഭവം: ഒരു ചെടി നടുമ്പോൾ നമ്മളും പ്രകൃതിയുടെ ഭാഗമാകുന്നു. അതിൻ്റെ വളർച്ചയ്ക്കൊപ്പം വെള്ളമൊഴിച്ചും, തടം വൃത്തിയാക്കിയും, ചില്ലകൾ വെട്ടിയും പരിചരിക്കുമ്പോൾ ലഭിക്കുന്ന ഊർജ്ജം ഒരുതരം റീചാർജ്ജിംഗാണ്. അതുകൊണ്ടാണ് ദിബ്ബയിലെ വാടകവീടിൻ്റെ മുറ്റത്ത് നട്ട വേപ്പ് മരത്തണലിൽ ഒത്തുകൂടാൻ നഗരവാസികളായ ചങ്ങാതിമാർ ഒഴിവു ദിവസങ്ങളിൽ എത്തുന്നത്. ശീതീകരിച്ച മുറിയിൽനിന്നൊഴിഞ്ഞ്, കസേരയുടെ കെട്ടിപ്പിടുത്തം ഒഴിവാക്കി, കണക്കുകളുടെ കൂട്ടലും കഴിക്കലും മാറ്റി വെച്ച് അവർ കഥയും കവിതയും സംഗീതവുമായി ഒത്തുചേരുന്നു.
പ്രകൃതിയെ ബഹുമാനിക്കുമ്പോൾ: നട്ടുവളർത്തിയ വേപ്പ് മരം തന്ന ഓർമ്മയാണ് ഈ കുറിപ്പിന് പ്രേരണ. പ്രകൃതി ഹത്യ കൊണ്ട് സംഭവിക്കുന്ന ഭീഷണി ചെറുതല്ല. ആഗോളതാപനം, ഓസോൺ പാളികളുടെ നാശം, മരുവത്ക്കരണം, ജീവികളുടെ വംശനാശം എന്നിവ സംഭവിക്കുന്നത് അതിരുവിട്ട ഹിംസയുടെ പാഠം നമ്മെ തിരിച്ചറിയിക്കുന്നു.
സുഗതകുമാരിയുടെ വരികളോടെ മരത്തെ പ്രാർത്ഥിക്കാം: "നീലകണ്ഠ സ്വാമിയെപ്പോൽ വിഷം താനേ ഭുജിച്ചിട്ട് പ്രാണവായു തരുന്നോനായ് ഇത തൊഴുന്നേൻ."
ഹരിത സംസ്കാര പഠനം (Green Cultural Studies) പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നു. റൂസ്സോ പ്രകൃതിയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്തു, വേഡ്സ് വർത്ത് പ്രകൃതിയിൽ കൂടി പാർത്തുകൊണ്ട് ജീവിതം കാണാൻ പറഞ്ഞു. അമേരിക്കൻ ഗോത്രത്തലവൻ ഓർമ്മിപ്പിച്ചതുപോലെ, "ഭൂമി നമ്മുടേതല്ല, നാം ഭൂമിയുടേതാണ്."
മസനോബു ഫുക്കുവോക്ക പറഞ്ഞതുപോലെ: "പ്രകൃതിയിൽ നിന്ന് അകന്നു മാറി നിൽക്കുന്ന ഒന്നാകരുത് നമ്മുടെ ജീവിതം. ആഹാരവും ശരീരവും ഹൃദയവും മനസ്സും പ്രകൃതിയുമായി ഐക്യപ്പെടുന്നിടത്താണ് പ്രകൃതി ഭക്ഷണം രൂപം കൊള്ളുന്നത്." പ്രകൃതിയോട് ബഹുമാനം പുലർത്തിക്കൊണ്ട് ജീവിക്കുക, അതുതന്നെയാണ് ഈ ജൈവ ജീവിത ദൈനംദിനത്തിലെ ഏറ്റവും വലിയ പാഠം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group