
കൊല്ലം: കേരളത്തിൽ വളരെ അപൂർവമായി ദേശാടനത്തിനെത്തുന്ന ഇസബെല്ലൻ നെന്മണിക്കുരുവിയെ ജില്ലയിൽ വെള്ളനാതുരുത്തിൽ കണ്ടെത്തി. തെക്കൻ കേരളത്തിൽ ഈ പക്ഷിയെ രണ്ടാമത്തെ തവണയാണ് കണ്ടെത്തുന്നത്. ജില്ലയിൽ ആദ്യമായാണ് ഇസബെല്ലൻ്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. പ്രകൃതി ഗവേഷണ സംഘടനയായ വാർബ്ളേർസ് ആൻഡ് വെയ്ഡേഴ്‌സിന്റെ്റെ ദേശാടനപക്ഷികളുടെ കണക്കെടുപ്പിലാണ് പക്ഷിയെ കണ്ടത്.
ഒൻപത് വർഷംമുൻപ് തിരുവനന്തപുരത്തെ പുഞ്ചക്കരിയിലാണ് തെക്കൻ കേരളത്തിൽ ഇസബെല്ലൻ നെന്മണിക്കുരുവിയെ ആദ്യമായി കാണുന്നത്. തെക്കുകിഴക്കൻ യൂറോപ്പ് മുതൽ മംഗോളിയവരെയുള്ള പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന ഇവ ശൈത്യകാലത്തിൽ ആഫ്രിക്കയിലേക്കും അറേബ്യൻ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും ദേശാടനം ചെയ്യും.
ഇന്ത്യയിൽ പടിഞ്ഞാറ്, മധ്യ, വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ സാധാരണയായി കാണാറുണ്ട്. ദക്ഷിണേന്ത്യയിൽ വടക്കൻ കേരളത്തിൽ കണ്ണൂർ മാടായിപ്പാറയിൽ ഇവയെ പതിവായി ദേശാടനകാലത്ത് കാണാറുണ്ട്. നിലത്ത് ഓടിനടന്ന് പ്രാണികളെയും കീടങ്ങളെയും ആഹാരമാക്കുന്ന ഭക്ഷണരീതിയാണ് ഇവയ്ക്ക്.
ഒരേ നിറവും വലുപ്പവുമായതിനാൽ ആൺ-പെൺ പക്ഷികളെ വേർതിരിച്ചറിയുക പ്രയാസമാണ്. എപ്പോഴും ഓടിനടക്കുന്നതിനിടെ വല്ലപ്പോഴും മാത്രമേ മണൽത്തിട്ടകളിലോ പാറകളിലോ വിശ്രമിക്കാറുള്ളൂവെന്നതിനാൽ നിരീക്ഷകർക്ക് ഇവയെ ക്യാമറയിൽ പകർത്തുക പ്രയാസമാണ്. ദേശാടനക്കാലത്ത് സാധാരണയായി തനിച്ചാണ് കാണാറുള്ളത്. മണ്ണിലെ മാളങ്ങളിലാണ് കൂട് നിർമിക്കുക.
വരണ്ട മണൽപ്രദേശങ്ങളോട് പ്രതിപത്തിയുള്ള ഇവയെ തെക്കൻ കേരളത്തിൽ കണ്ടത് ചൂട് കൂടുന്നതിന്റെ സൂചനയാകുമോയെന്ന ആശങ്കയുണ്ടാക്കുന്നതായി കണക്കെടുപ്പിന് നേതൃത്വം നൽകിയ സി. സുശാന്ത് പറഞ്ഞു.
പക്ഷിനിരീക്ഷകരായ ഡോ. ബ്ലെസൻ സന്തോഷ് ജോർജ്, ജി. സന്തോഷ് കുമാർ, ജോബി കട്ടേല, എസ്. സാജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കണക്കെടുപ്പിൽ കല്ലുരുട്ടിക്കാട, തെറ്റിക്കൊക്കൻ, വരയൻ മണലൂതി, തിരക്കാട, മണൽക്കോഴി, ടെറക്ക് മണലൂതി, നീർക്കാട, കടൽ മണ്ണാത്തി എന്നീ ദേശാടകപക്ഷികളെയും വെള്ളനാതുരുത്തിൽ കണ്ടെത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group