
കരിവെള്ളൂർ: കുണിയനിലെ ആകാശവും ഭൂമിയും ദേശാടന പക്ഷികളുടെ
വർണങ്ങൾ കൊണ്ടും മധുര ഗീതം കൊണ്ടും നിറയാൻ തുടങ്ങി. സാധാരണ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ദേശാടന പക്ഷികൾ കുണിയനിലെത്താറുള്ളൂയെങ്കിലും ഇത്തവണ അല്പം മരത്തേതന്നെ കിളികൾ എത്തിത്തുടങ്ങി,
വംശനാശഭീഷണി നേരിടുന്ന വർണക്കൊക്ക്, യൂറോപ്യൻ ദേശാടന പക്ഷിയായ പച്ചക്കാലി (ഗ്രീൻഷാങ്ക്), സൈബീരിയയിൽനിന്നുള്ള സ്റ്റോൺ ചാറ്റ്, യൂറോപ്പിൽനിന്നുള്ള ദേശാടന പക്ഷിയായ റെഡ് ഷാങ്ക്, സൈബീരിയയിൽനിന്നുള്ള പൊൻമണൽ കോഴി (ഗോൾഡൺ പ്ലോവർ), ചെമ്പൻ അരിവാൾ കൊക്കൻ (ഗ്ലോസി ഐബിസ്) തുടങ്ങി കുണിയനിലെത്തിയ ദേശാടനപ്പക്ഷികൾ പലതാണ്.
100-ഓളം ഇനങ്ങളിലുള്ള പക്ഷികളെ കുണിയൻ പുഴയോരത്ത് കാണാൻ കഴിയുമെന്നാണ് പക്ഷിനിരീക്ഷകർ പറയുന്നത്. ഇതിൽ നാൽപ്പതോളം ഇനങ്ങൾ ദേശാടനക്കിളികളാണ്. യൂറോപ്പ്, സൈബീരിയ, വടക്കെ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നുമാണ് ദേശാടനക്കിളികൾ എത്തുന്നത്. ഐയുസിഎൻ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയ പക്ഷികളും ഇതിൽ ഉൾപ്പെടും, അപകടകരമാംവിധം വശനാശഭീഷണി നേരിടുന്ന പക്ഷികളാണ് ചുവന്ന പട്ടികയിൽ ഉൾപ്പെടുന്നത്.
നാലുവർഷം മുൻപ് വടക്കെ അമേരിക്കയിലേയും യൂറേഷ്യയിലേയും തീരക്കടലിൽ മാത്രം കാണപ്പെടുന്ന പമ്പരക്കാട (റെഡ് നെക്ക്‌ഡ് ഫലാറോപ്പി) കുണിയനിലെത്തിയിരുന്നു. യൂറേഷ്യയിൽനിന്ന് അറേബ്യൻസമുദ്രത്തിലൂടെ പറന്നാണ് പമ്പരക്കാട കേരളത്തിലെത്തിയത്. 6000 കിലോമീറ്റർ നിർത്താതെ പറക്കാൻ ഇവയ്ക്ക് കഴിയും.
ദേശാടനപക്ഷികളെ കൂടാതെ ചായമുണ്ടി, ചാരമുണ്ടി, വിവിധ തരം കൊക്കുകൾ, കുഞ്ഞൻ നീർക്കാക്ക, മഞ്ഞക്കറുപ്പൻ, കാടക്കൊക്ക്, വംശനാശഭീഷണി നേരിടുന്ന മഞ്ഞക്കാലൻ പച്ചപ്രാവ് തുടങ്ങി 60 ഓളം ഇനം പക്ഷികളും കുണിയനിലെ സ്ഥിരതാമസക്കാരാണ്.
ഇഷ്ടഭക്ഷണലഭ്യതയും വിജനമായ ഭൂപ്രദേശവുമാണ് കുണിയനെ പക്ഷികളുടെ ഇഷ്ടകേന്ദ്രമാക്കിയത്. കുണിയൻ പുഴ, പാടിയിൽ പുഴ, വെള്ളൂർ പുഴ ഇവയുടെ സംഗമസ്ഥലവും ചുറ്റുമുള്ള കണ്ടൽക്കാടുകളും ചതുപ്പുനിലങ്ങളുമാണ് പക്ഷികളുടെ ആവാസകേന്ദ്രം.
ഇത്തവണത്തെ അതിഥി കടൽക്കാട
ഓരോ വർഷവും പുതുതായി ഒരു ദേശാടന പക്ഷിയെങ്കിലും കുണിയനിലെത്താറുണ്ട്. ഉത്തരധ്രുവപ്രദേശങ്ങൾ, സൈബീരിയ, അലാസ്ക എന്നിവ ജന്മദേശങ്ങളായ കടൽക്കാടയാണ് ഈ വർഷം വളരെ നേരത്തേതന്നെ കൂണിയനിലെത്തിയത്. പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ കരിവെള്ളൂർ ചെറുമൂലയിലെ അഭിലാഷ് പദ്‌മനാഭനാണ് മണിക്കൂറുകളോളം പുഴക്കരയിലെ ചതുപ്പ് പ്രദേശത്ത് കാത്തുനിന്ന് കടൽക്കാടയുടെ ചിത്രം പകർത്തിയത്. താഴേക്ക് വളരുന്ന നീളമുള്ള കൊക്ക്, നീളമുള്ള കഴുത്ത്, കാലുകൾ ഇവയാണ് കടൽ കാടയുടെ പ്രത്യേകത. കേരളത്തിൽ വിരളമായേ ഇവയെ കാണാറുള്ളൂ. 1975 മുതൽ 2009 വരെ ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും കടൽക്കാടയുടെ എണ്ണം 40 ശതമാനം കുറഞ്ഞതായി പഠനമുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group