
പെരിയ : പ്രഭാതസവാരിയും സായാഹ്നസവാരിയും ഒഴിവാക്കി കൃഷിയിടത്തിൽ വിയർപ്പൊഴുക്കി വിശ്രമജീവിതകാലത്ത് ഇവർ കനകം വിളയിക്കുന്നു.
ധനവകുപ്പിലെ മുൻ സീനിയർ ഫിനാൻസ് ഓഫീസർ കെ. കുഞ്ഞമ്പു നായരും പാക്കം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ പ്രിൻസിപ്പൽ ചെറുട്ടയിലെ പി. ശ്രീധരനും വെളുത്തോളി ചാലിലെ അഡ്വ. മേലത്ത് ചന്ദ്രശേഖരനും ശ്രീനഗറിൽ അനാദിക്കച്ചവടം നടത്തുന്ന മേലത്ത് രത്നാകരനുമാണ് കൃഷിയിടത്തിൽ സമൃദ്ധി ഒരുക്കാൻ ഒത്തുചേർന്നത്.
ഈ ഓണക്കാലം ഇവർക്ക് വിളവെടുപ്പിന്റെ കാലം കൂടിയാണ്. അതിവർഷത്തിന്റെ നഷ്‌ടങ്ങൾ സഹിച്ചും മണ്ണറിഞ്ഞ് പണിയെടുത്ത ഈ സൗഹൃദക്കൂട്ടത്തിന് കൈനിറയെ വിളവ് ലഭിച്ച് തുടങ്ങി. കക്കിരിയും വെള്ളരിയുമാണ് ഇപ്പോൾ വിളവെടുക്കുന്നത്. ഏഴ് ക്വിൻ്റൽ കക്കിരിയും രണ്ട് ക്വിന്റൽ വെള്ളരിയും വിളവെടുത്ത് കഴിഞ്ഞു. കക്കിരിക്ക് 40 രൂപയും വെള്ളരിക്ക് 45 രൂപയും വില ലഭിച്ചു. പനയാൽ കൃഷിഭവനിലും പള്ളിക്കരയിലെയും പെരിയയിലെയും വ്യാപാരികൾക്കുമാണ് പച്ചക്കറി നൽകുന്നത്.
രണ്ടുവർഷം മുൻപാണ് ഇവർ ചെർക്കാപ്പാറ ശ്രീനഗറിൽ നാലുപതിറ്റാണ്ടായി കാടുപിടിച്ചുകിടന്ന സ്ഥലം കൃഷിയിടമാക്കുന്നത്. പിന്നീട് ഓരോ വർഷവും ഇവിടെ കൂടുതൽ പച്ചക്കറിക്കൃഷി ഇറക്കുകയായിരുന്നു. ഈ വർഷം വെണ്ട, പയർ, പാവയ്ക്ക, പടവലം, നരമ്പൻ, വഴുതന, പച്ചമുളക് തുടങ്ങി മധുരക്കിഴങ്ങ് വരെ ഇവിടെ കൃഷിചെയ്‌തിട്ടുണ്ട്. കൃഷിയിടത്തിന് സമീപമുള്ള രത്നാകരന്റെ അനാദിക്കടയിലാണ് ഇവർ ഒത്തുകൂടുന്നത്.
ദിവസവും രാവിലെ 6.30-ഓടെ കൃഷിയിടത്തിലെത്തും. കാർഷിക പരിചരണത്തോടൊപ്പം വിത്തും വിളവും തിന്നാനെത്തുന്ന പ്രാവുകളെയും മയിലുകളെയും ഓടിക്കുകയും പ്രധാന പണിയാണ്. നാട്ടുവർത്തമാനം പറഞ്ഞും മണ്ണിൽ അധ്വാനിച്ചും ഒൻപതുവരെ കൃഷിയിടത്തിൽ തന്നെ തങ്ങും. കൃഷിയിടത്തിൽ സഹായവുമായി പി. ശ്രീധരൻ്റെ ഭാര്യ കെ. ജ്യോതിയും മേലത്ത് ചന്ദ്രശേഖരന്റെ ഭാര്യ എ.എം. രതിയും രത്നാകരൻ്റെ ഭാര്യ വി. കനകലതയും എത്താറുണ്ട്. തികച്ചും ജൈവരീതിയിലാണ് കൃഷി. വരുംമാസങ്ങളിൽ ഇസ്രയേലി കൃഷിരീതിയായ 'കൃത്യത' പരീക്ഷിക്കാനൊരുങ്ങുകയാണിവർ. ഓരോ ചെടിക്കും ആവശ്യമായ വളവും വെള്ളവും മാത്രം നൽകി പരിസ്ഥിതിയെ സംരക്ഷിച്ച് ഏറ്റവും മികച്ച വിളവ് നേടുന്ന നൂതന കൃഷിരീതിയാണിത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group