
കുമ്പളങ്ങി : 'കഴിഞ്ഞതവണ ഞാറുനട്ടത് യന്ത്രത്തിലാണ്. ഇക്കുറി
വിത്തുവിതയ്ക്കാനും യന്ത്രമായി. ഓരോ കൊല്ലവും പുതിയ പരിഷ്കാരമാണ്.' മാഞ്ചപ്പൻ ചേട്ടൻ ചിരിക്കുന്നു. കുമ്പളങ്ങിയിലെ രണ്ടര ഏക്കർ വരുന്ന പാടത്ത് പൊക്കാളികൃഷിക്ക് ഒരുങ്ങുകയാണ് 81-കാരനായ മാഞ്ചപ്പൻ ചേട്ടൻ. കുട്ടിക്കാലം മുതൽ ഒരൊറ്റ വർഷവും മുടങ്ങാതെ പാടത്ത് പൊക്കാളി വിതച്ച് ചരിത്രം സൃഷ്ടിച്ചയാളാണ് മാഞ്ചപ്പൻ. ഇതിനിടയ്ക്ക് എത്രയോ പരീക്ഷണങ്ങൾ.
കാലം പിന്നിട്ടതോടെ പൊക്കാളി കൃഷിചെയ്യാൻ മാഞ്ചപ്പൻ മാത്രമായി. 300 ഏക്കറിൽ പരന്നുകിടക്കുന്നതാണ് കുമ്പളങ്ങി മണക്കൂർ പാടശേഖരം. അവിടെ ഇക്കുറി കൃഷിചെയ്യുന്നത് മാഞ്ചപ്പൻ മാത്രമാണ്. വിശാലമായ പാടശേഖരത്തിൽ രണ്ടര ഏക്കറിൽ മാത്രം കൃഷി. 'ഇത് മുടക്കാനാവില്ല. അപ്പച്ചൻ പഠിപ്പിച്ചതാണ്. ഞങ്ങളുടെ കുടുംബത്തിലെ പട്ടിണി മാറ്റിയത് ഈ കൃഷിയാണ്. മരിക്കുവോളം ഞാൻ ഇവിടെ കൃഷിചെയ്യും.' മാഞ്ചപ്പൻ്റെ വാക്കുകളിലുണ്ട് നിശ്ചയദാർഢ്യം. കുമ്പളങ്ങിയിൽ അവശേഷിക്കുന്ന പച്ചപ്പാടമാണിത്. ആറു മാസം ഇവിടെ ചെമ്മീൻ കൃഷിചെയ്യും. അതു കഴിഞ്ഞാൽ പൊക്കാളി നെല്ല്.
ഓരോ വർഷവും പുതിയ നെല്ല് കൃഷി വകുപ്പ് മാഞ്ചപ്പന് കൊടുക്കും. അതുതന്നെ വിതയ്ക്കും. ഇത്തവണ വൈറ്റില -9 എന്ന ഇനമാണ് കിട്ടിയത്. അത് വിതയ്ക്കുന്നതിന് ഡ്രോൺ കൊണ്ടുവന്നത് കൃഷി വകുപ്പ് ഉദ്യോഗസ്ഥരാണ്. കൃഷിയിടത്തിലെ മരുന്നുതളിക്കും വളമിടിലിനും ഡ്രോൺ ഉപയോഗിക്കാറുണ്ടെങ്കിലും വിത്ത് വിതയ്ക്കാൻ ഇത് ഉപയോഗിക്കുന്നത് സാധാരണമല്ല. കൃഷിവകുപ്പ് അസി. ഡയറക്‌ടർ അനു, കൃഷി ഓഫീസർ ശോഭഎന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഡ്രോൺ പ്രവർത്തനം. വിത്തുകൾ കൃത്യമായി വിതച്ചു. സാധാരണപോലെ ഞാറു മാറ്റിനടൽ ഇനി ആവശ്യമില്ല. കൂലിച്ചെലവ് കുറയും. സമയലാഭവുമുണ്ട്. കഴിഞ്ഞ തവണ ഞാറ് നട്ടത് യന്ത്രം ഉപയോഗിച്ചായിരുന്നു. അതും കൃഷിവകുപ്പ് മുൻകൈ എടുത്താണ് കൊണ്ടുവന്നത്.
പാടശേഖരത്തിൽ മറ്റാരും കൃഷി നടത്താത്തതിനാൽ വെള്ളം വേണ്ടരീതിയിൽ വറ്റിച്ചിട്ടില്ല. ചുറ്റും നല്ല ഉയരത്തിൽ വെള്ളം നിൽക്കുമ്പോഴാണ് മാഞ്ചപ്പൻ ചേട്ടൻ കൃഷിചെയ്യാനിറങ്ങുന്നത്. വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പക്ഷേ, നെൽകൃഷിയിൽനിന്ന് മാറിനിൽക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.
'മാണിക്യമാണ് പൊക്കാളി എന്നാണ് മാഞ്ചപ്പൻ ചേട്ടൻ പറയുന്നത്. വളമില്ലാതെ, കീടനാശിനി അടിക്കാതെയാണ് പൊക്കാളി കൃഷിചെയ്യുന്നത്. രാസപദാർഥമൊന്നും ഉപയോഗിക്കാതെ കൃഷിചെയ്യുന്നതിനുള്ള സർട്ടിഫിക്കറ്റും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
എല്ലാ പുതിയ സംവിധാനങ്ങളും ഉപയോഗിച്ച് ജീവിച്ചിരിക്കുന്നകാലത്തോളം പൊക്കാളി കൃഷി ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group