
കാളികാവ്: മഴ ശക്തിപ്പെടാനുള്ള സാധ്യതകണ്ട് റബ്ബർ കർഷകർ
മുന്നൊരുക്കങ്ങൾ തുടങ്ങി. മഴയത്തും വിളവെടുപ്പ് തടസ്സപ്പെടാതിരിക്കാൻ റെയിൻ ഗാർഡ് നേരത്തേ സ്ഥാപിച്ചുതുടങ്ങി, കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് കഴിഞ്ഞ സീസൺ റബ്ബർ കർഷകർക്ക് പ്രതീക്ഷിച്ച വരുമാനം ലഭിച്ചിട്ടില്ല.
വൻകിടതോട്ടങ്ങളിലാണ് പതിവിലും ഒരു മാസം മുൻപ് റെയിൻ ഗാർഡ് പിടിപ്പിക്കുന്നത്. ഇങ്ങനെ ചെയ്‌താൽ മഴക്കാലത്ത് തൊഴിലാളികളുടെ പണി മുടങ്ങില്ല. ഉത്പാദനം പരമാവധി ഉയർത്തി ആദായം കൂട്ടാനാണ് തോട്ടം ഉടമകൾ ലക്ഷ്യമിടുന്നത്. മഴക്കാലങ്ങളിൽ റബ്ബറിന് ഉത്‌പാദനക്ഷമത കൂടുതലാണ്.
വേനൽമഴ നേരത്തേ തുടങ്ങിയതിനാലാണ് ഏപ്രിൽ പകുതിയോടെ പ്രവൃത്തി ആരംഭിച്ചത്. ചെറുകിട തോട്ടങ്ങളിൽ റെയിൻ ഗാർഡ് വെക്കുന്നില്ല. റെയിൻ ഗാർഡിനുള്ള പ്ലാസ്റ്റിക്, പശ തുടങ്ങിയ സാധനങ്ങളുടെ വില വൻതോതിൽ ഉയർന്നിട്ടുണ്ട്.
വൻകിട തോട്ടങ്ങളിൽപ്പോലും ഒരു മരത്തിന് റെയിൻ ഗാർഡ് വെയ്ക്കാൻ 35 രൂപയ്ക്ക് മുകളിൽ ചെലവുവരും. കഴിഞ്ഞ സീസണിലെ വരുമാനക്കുറവ് കാരണം ചെറുകിട തോട്ടങ്ങൾക്ക് റെയിൻ ഗാർഡ് സ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
റബ്ബർ ഷീറ്റിന് കിലോയ്ക്ക് 190 രൂപയും ഒട്ടുപാലിന് 135 രൂപയുമാണ് വില. റബർ പാലി (ലാറ്റക്‌സ്) ന് 170 രൂപയ്ക്ക് മുകളിലും ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിപണി വില കൂടുതലാണ്. വിപണിയിൽ കൂടുതൽ ഉണർവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വലിയ മുതൽ മുടക്കി റെയിൻ ഗാർഡ് വെയ്ക്കുന്നത്.
ഗാർഡ് സ്ഥാപിച്ചാൽ മഴയുള്ള ആറുമാസവും ടാപ്പിങ് നടത്താൻ കഴിയുന്നതിലൂടെ വരുമാന വർധനവ് കണ്ടെത്താനാകും. നിലവിലെ സാഹചര്യത്തിൽ റെയിൻ ഗാർഡ് സ്ഥാപിച്ചാൽ വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ് ചെറുകിട കർഷകർ പറയുന്നത്. വിലവർധനയുടെ സൂചന ലഭിച്ചാൽ ജൂണിന് മുൻപ് റെയിൻ ഗാർഡ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെറുകിട കർഷകർ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group