
വടകര: ദേശീയപാതാ വികസനത്തിൽ കെട്ടിടവും സ്ഥലവും നഷ്ടപ്പെട്ട് പൂട്ടലിന്റെ വക്കിലായിരുന്ന മുട്ടുങ്ങൽ എൽ.പി. സ്കൂളിന് യു.എൽ.സി.സി.എസ്. സെന്റിനറി സ്കൂളായി പുനർജന്മം, നൂറുവർഷം പിന്നിട്ട ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) ശതാബ്ദി സമ്മാനമായാണ് സ്‌കൂൾ നാടിന് സമർപ്പിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ, കലാ, കായിക രംഗത്തെ പ്രമുഖർ അക്ഷരദീപം കൊളുത്തി സ്‌കൂൾ ഉദ്ഘാടനംചെയ്‌തു. 131 വർഷത്തെ പാരമ്പര്യമുള്ള സ്‌കൂളാണ് യു.എൽ.സി.സി.എസ്. ഏറ്റെടുത്ത് പുതിയ കെട്ടിടം പണിത് സംരക്ഷിച്ചത്.
സാഹിത്യകാരൻ എം. മുകുന്ദൻ, സ്കൂൾ നവീകരണത്തിൽ മാതൃക സൃഷ്ടിച്ച മുൻ എം.എൽ.എ. എ. പ്രദീപ് കുമാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കളരി ഗുരുക്കൾ മീനാക്ഷിയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ സി. മനോജ് കുമാർ, ചലച്ചിത്രനടി അനു സിതാര, കവി വീരാൻകുട്ടി, ഗായകൻ വി.ടി. മുരളി, ഗായിക വിഷ്ണുമായ രമേഷ് എന്നിവരാണ് ദീപം തെളിയിച്ചത്. ആദ്യക്ഷരമായ 'അ'യുടെ രൂപത്തിൽ ഒരുക്കിയ ദീപങ്ങൾ കൊളുത്തിയായിരുന്നു ഉദ്ഘാടനം, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ അധ്യക്ഷനായി.
ജനപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും സ്കൂൾ സംരക്ഷണസമിതി പ്രവർത്തകരും പങ്കെടുത്തു. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി സ്വാഗതവും എം.ഡി. എസ്. ഷാജു നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനു മുന്നോടിയായി നാടിളക്കിയുള്ള ഘോഷയാത്രയുണ്ടായി.
കെട്ടിടം നിർമിച്ച എക്‌സിക്യൂഷൻ ടീം ലീഡർ, എൻജിനിയറിങ് ടീം, ആർക്കിടെക്ട് ആൻഡ് ഡിസൈൻ ടീം എന്നിവരെ വേദിയിൽ ആദരിച്ചു. സ്‌കൂൾ കലോത്സവ കായിക, ശാസ്ത്ര-ഗണിത മേളകളിൽ വിജയികളായ പ്രതിഭകളെ അനുമോദിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group