തൃശ്ശൂർ : പശ്ചിമഘട്ടത്തിൽ അപൂർവ ഇനത്തിൽപ്പെട്ട തേരട്ടയെ കണ്ടെത്തി ജർമൻ ഗവേഷകസംഘം. പറമ്പിക്കുളം കടുവാസങ്കേതത്തിലെ മുതുവാരച്ചാൽ റേഞ്ചിലെ ദ്രവിച്ച മരത്തടിയിൽ കണ്ട തേരട്ടയ്ക്ക് സിഫോണോറിനസ് പറമ്പിക്കുളം എന്നാണ് പേര് നൽകിയത്.
ഈ മിലിപീഡ് ഇനം 77 വർഷത്തിനിടെ ഇന്ത്യയിൽനിന്നുള്ള ആൺ സിഫോണോറിനസ് ഇനത്തെക്കുറിച്ചുള്ള ആദ്യത്തെ കണ്ടെത്തലാണെന്ന് പഠനസംഘത്തെ നയിക്കുന്ന മലയാളി പൂജ എ. അനിൽകുമാർ പറയുന്നു.
ദക്ഷിണേന്ത്യയിൽ സിഫോണോറിനിഡേ കുടുംബത്തിന്റെ സാന്നിധ്യവും ആദ്യമായാണ് രേഖപ്പെടുത്തുന്നത്. നേരത്തേ ഇതേ ജനുസ്സിലെ എട്ടിനങ്ങളിൽ മൂന്നെണ്ണം ഹിമാലയത്തിലാണ് കണ്ടെത്തിയത്.
പുതിയ സ്പീഷീസുകളെ തിരിച്ചറിയാൻ സ്കാനിങ് ഇലക്ട്രോൺ മൈക്രോസ്കോപ്പി, മൈക്രോ സി.ടി. ഇമേജിങ്, എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യകളാണ് ഗവേഷകസംഘം ഉപയോഗിച്ചിരുന്നത്.
തോമസ് വെസ്‌നർ, ലീഫ് മോറിറ്റ്സ് എന്നിവരുമായി സഹകരിച്ചാണ് പൂജ പഠനം തയ്യാറാക്കിയത്. അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിലെ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഹോർമിഗ ലാബിൽ രണ്ടാംവർഷ പി.എച്ച്.ഡി. വിദ്യാർഥിയായ പൂജ, കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയാണ്. 2015-ൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽനിന്ന് ജീവശാസ്ത്രത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയ പൂജ നിയോട്രോപിക്കൽ വെൽവെറ്റ് വേമുകളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തിവരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group