തൃശ്ശൂർ: രസതന്ത്രത്തിൽ പത്ത് വർഷത്തിൽ പത്തു ഗവേഷകരെ വാർത്തെടുത്ത് സ്വകാര്യ കലാലയത്തിലെ അധ്യാപകൻ. തൃശ്ശൂരിലെ സെയ്ന്റ് തോമസ് കോളേജിലെ മുൻ വൈസ് പ്രിൻസിപ്പലും രസതന്ത്ര വിഭാഗം മുൻ മേധാവിയുമായ ഡോ. ജോബി തോമസ് കാക്കശ്ശേരിയാണ് നേട്ടത്തിന് പിന്നിൽ. ശാസ്ത്രവിഷയങ്ങളിൽ 10 പിഎച്ച്.ഡി.ക്കാരെ സൃഷ്ടിക്കുകയെന്നത് സർവകലാശാലകളിലും മറ്റു ഗവേഷണ സ്ഥാപനങ്ങളിലും സാധ്യമാണെങ്കിലും സ്വകാര്യ കലാലയത്തിൽ അത്യപൂർവമാണ്.
1978-ൽ കേരളത്തിലെ തന്നെ സ്വകാര്യ മേഖലകളിലെ ആദ്യത്തെ ഗവേഷണ ഡിപ്പാർട്ട്മെൻറ് ആയി സെയ്ന്റ് തോമസ് കോളേജ് രസതന്ത്ര വിഭാഗത്തിനു അംഗീകാരം കിട്ടി. എന്നാൽ മികച്ച ഉപകരണങ്ങളുടെ അഭാവം ഗവേഷണത്തെ ബാധിച്ചു. 1989-ൽ സെയ്ൻറ് തോമസ് കോളേജിൽ അധ്യാപകനായെത്തിയ ഡോ. ജോബി രസതന്ത്ര ഗവേഷണത്തിനായി ശ്രമം നടത്തിയെങ്കിലും ഉപകരണങ്ങളുടെയും ലാബിന്റെയും പോരായ്മ തടസ്സമായി. 2009-ൽ കേന്ദ്രസർക്കാർ 41 ലക്ഷത്തിന്റെ ഫണ്ട് അനുവദിച്ചതോടെ സെയ്ന്റ് തോമസ് കോളേജിൽ ഗവേഷണ ലാബ് സ്ഥാപിച്ചു. പത്ത് ഗവേഷണ വിദ്യാർഥികളെ കണ്ടെത്തി പഠനം ആരംഭിച്ചു.
ലോഹഭാഗങ്ങൾ തുരുമ്പിക്കുന്നത് കുറയ്ക്കാനുള്ള ഗവേഷണം നടത്തി. 2014-ൽ ഇപ്പോഴത്തെ കാൽഡിയൻ സിറിയൻ സ്കൂൾ പ്രിൻസിപ്പലായ ഡോ. അബി പോളിന് ആദ്യ പിഎച്ച്.ഡി. ലഭിച്ചു.
2024 വരെ ഒൻപതുപേർകൂടി ഡോ. ജോബിയുടെ കീഴിൽ പിഎച്ച്.ഡി. നേടി. ഡോ.പി. വിനോദ് റാഫേൽ (പ്രൊഫസർ, ഗവൺമെൻറ് എൻജിനീയറിങ് കോളേജ്, തൃശ്ശൂർ), ഡോ. കെ.എസ്. ഷാജു (പ്രിൻസിപ്പൽ, പനമ്പിള്ളി മെമ്മോറിയൽ ഗവൺമെൻറ് കോളേജ്, ചാലക്കുടി), ഡോ. നിമ്മി കുരിയാക്കോസ് (അസിസ്റ്റന്റ് പ്രൊഫസർ, വിമല കോളേജ്, തൃശ്ശൂർ), ഡോ. ബിൻസി എം. പോൾസൺ, ഡോ. സി. സിനി വർഗീസ്( അസിസ്റ്റൻറ് പ്രൊഫസർ, സെയ്ൻറ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട), ഡോ. റീജ ജോൺസൺ (അസിസ്റ്റൻറ് പ്രൊഫസർ, സെയ്ൻറ് തോമസ് കോളേജ്, തൃശ്ശൂർ), ഡോ. കെ. രാഗി ( അസിസ്റ്റൻറ് പ്രൊഫസർ, ശ്രീ വ്യാസ എൻ.എസ്.എസ്. കോളേജ്, വടക്കാഞ്ചേരി), ഡോ. കെ. വിദ്യാ തോമസ് ( അസിസ്റ്റൻറ് പ്രൊഫസർ, സെയ്ൻറ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട), ഡോ. എൻ. രമേശ് ബാബു (സയൻറിസ്റ്റ് - സി സ്പൈസസ് ബോർഡ്, ചെന്നൈ) എന്നിവരാണ് മറ്റു പിഎച്ച്.ഡി. ക്കാർ. പത്തു പേരും ഈയിടെ ഗവേഷണ ഗുരുവിനെ കാണാനെത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group