കമ്പല്ലൂർ : അധ്യയനവർഷം ആരംഭിച്ച് ഏഴുമാസമായിട്ടും ജില്ലയിലെ 64 സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ 22 ലും പ്രിൻസിപ്പൽമാരില്ല. ഒന്നരവർഷവും പ്രിൻസിപ്പൽമാരില്ലാത്ത വിദ്യാലയങ്ങൾ ജില്ലയിലുണ്ട്.
കമ്പല്ലൂർ, കുമ്പള, മൊഗ്രാൽ പുത്തൂർ, കക്കാട്, പഡ്രെ (എൻമകജെ), ബംഗര മഞ്ചേശ്വരം, സൗത്ത് തൃക്കരിപ്പൂർ, പട്‌ള, അംഗടിമുഗർ, ബേത്തൂർപാറ, ആദൂർ (ദേലമ്പാടി), ആഡൂർ (കാറഡുക്ക), പെരിയ, മൊഗ്രാൽ, കല്യോട്ട്, ഷിറിയ, ബേക്കൽ, മംഗൽപാടി, കൊട്ടോടി, പാക്കം, തൃക്കരിപ്പൂർ, പെരുമ്പട്ട എന്നീ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലാണ് പ്രിൻസിപ്പൽമാരില്ലാത്തത്. ഇത്തരം വിദ്യാലയങ്ങളിൽ ഇൻ ചാർജ് ഭരണമാണ് നടക്കുന്നത്. കമ്പല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നര വർഷമായി പ്രിൻസിപ്പലില്ല. ഹയർ സെക്കൻഡറി അധ്യാപകരെയും ഹൈസ്കൂൾ പ്രഥമാധ്യാപകരെയും സീനിയോറിറ്റി അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽമാരായി നിയമിക്കുന്നത്.
2024 ജനുവരി ഒന്നിന് ഹയർ സെക്കൻഡറി അധ്യാപകരുടെ അന്തിമ സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഉദ്യോഗക്കയറ്റം ലഭിക്കേണ്ടവർ മേയിൽ സി.ആർ. (കോൺഫിഡൻഷ്യൽ റിപ്പോർട്ട്) സമർപ്പിക്കുകയുംചെയ്തിരുന്നു. ആറുമാസം കഴിഞ്ഞിട്ടും പ്രിൻസിപ്പൽ നിയമനം നടത്തിയിട്ടില്ല.
സ്കൂളുകളിൽ ഫെബ്രുവരി ആദ്യവാരത്തോടെ വാർഷിക പരീക്ഷാ നടപടികൾ ആരംഭിക്കും.
രണ്ടാം വാരം ഹയർ സെക്കൻഡറി രണ്ടാം വർഷത്തെ പ്രായോഗിക പൊതുപരീക്ഷയും മാർച്ച് ആദ്യവാരം മുതൽ എഴുത്ത് പരീക്ഷയും ആരംഭിക്കും.
പരീക്ഷയുടെ ഉത്തരവാദിത്വം നിർവഹിക്കേണ്ട പ്രിൻസിപ്പലിന്റെ അഭാവം മറ്റ് അധ്യാപകരുടെ ജോലിഭാരം കൂട്ടും. ചാർജ് വഹിക്കുന്ന അധ്യാപകൻ 24 പീരിയഡ് അധ്യയനം നടത്തിയിട്ടുവേണം പ്രിൻസിപ്പലിന്റെ ചുമതല നിർവഹിക്കേണ്ടത്. അമിത ജോലിഭാരമാണ് ഇവർക്കുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group