ഉദുമ : നാല് പതിറ്റാണ്ട് മുൻപ് സ്കൂളിൽനിന്ന് പടിയിറങ്ങിയവർ ചേർന്ന് പിൻഗാമികൾക്ക് മരത്തണലിൽ തുറന്ന ക്ലാസ്‌മുറി ഒരുക്കുന്നു. ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഗുരുകുല മാതൃകയിൽ പഠനസൗകര്യം ഒരുക്കുന്നത്.
1982-ൽ പത്താം ക്ലാസ് കഴിഞ്ഞവരാണ് ഈ പ്രകൃതിസൗഹൃദ പഠനവേദിയുടെ നിർമാണത്തിനുപിന്നിൽ. മൂന്ന് മാസം മുൻപ് ‘സൗഹൃദം’ എന്നപേരിൽ 1982-ലെ 10-ാം ക്ലാസ് വിദ്യാർഥികൾ ഒത്തുചേർന്നിരുന്നു. സംഗമത്തിനെത്തിയ 88-ലധികം പേർ ചേർന്നെടുത്ത തീരുമാനമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.
ടൈലുകൾ പാകിയ തറയിൽ എട്ട് ഇരുമ്പ് ബെഞ്ചുകൾ ഉറപ്പിച്ചാണ് പഠനവേദി ഒരുക്കുന്നത്.
നിർമാണം പൂർത്തിയാക്കാൻ ഒരുലക്ഷത്തോളം രൂപ വേണ്ടിവരുമെന്ന് പ്രവർത്തകർ പറഞ്ഞു. കൂട്ടായ്മയിലെ തിരഞ്ഞെടുക്കപ്പെട്ട 15 പേരടങ്ങുന്ന ഒരു സംഘമാണ് നിർമാണത്തിന് മേൽനോട്ടംവഹിക്കുന്നത്.
വികസനപ്രവർത്തനങ്ങൾ സ്കൂളിന് സംഭാവനയായി പൂർവവിദ്യാർഥികൾ മുൻപും നൽകിയിട്ടുണ്ടെന്ന് പ്രഥമാധ്യാപിക എൽ. ഷില്ലിയും മുതിർന്ന അധ്യാപിക എം. അനിതയും പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group