മല്ലപ്പള്ളി: ശതാബ്ദി പിന്നിട്ട കീഴ്വായ്പൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബഹുനിലമന്ദിരം പണിയുന്നു. നാല് വർഷമായി പ്ലാൻ ഫയലിൽവെച്ച ജില്ലാ പഞ്ചായത്തിനെ നിർമാണ ചുമതലയിൽനിന്ന് ഒഴിവാക്കി. 154.90 ലക്ഷം രൂപയുടെ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പൊതുമരാമത്ത് വകുപ്പാണ് നിർമിക്കുന്നത്.
ഹയർസെക്കൻഡറി ക്ലാസുകൾ നടത്തുന്നതിന് കെട്ടിടം തീർക്കാൻ സംസ്ഥാന ബജറ്റിൽ നീക്കിവച്ച തുകയിൽനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 2018 ജൂലായ് 23-ന് ഭരണാനുമതി നൽകിയിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പിനായിരുന്നു അന്ന് നിർമാണച്ചുമതല. എസ്റ്റിമേറ്റ് എടുക്കാൻ ജില്ലാ പഞ്ചായത്ത് എൻജിനിയറിങ് വിഭാഗത്തിന് ഭരണാനുമതി കൈമാറിയിരുന്നു.
എന്നാൽ, കൺസൾട്ടൻസിയായി കൊല്ലം ടി.കെ.എം.എൻജിനിയറിങ് കോളേജിനെ ചുമതലപ്പെടുത്തുകയാണ് ഇവർ ചെയ്തത്. മണ്ണുപരിശോധന നടത്തി പ്ലാൻ തയ്യാറാക്കിയെങ്കിലും ഫീസ് ഇനത്തിൽ 1.64 ലക്ഷം രൂപ നൽകാതെ ജില്ലാ പഞ്ചായത്ത് ഒഴിഞ്ഞുമാറി. ഇതോടെ പ്രവൃത്തി കടലാസിൽ ഒതുങ്ങുകയുംചെയ്തു. മണ്ണുപരിശോധനയും മറ്റും നടത്താൻ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ നിർദേശിച്ചു. 1975-76 കാലഘട്ടത്തിൽ നിർമിച്ച ഓടിട്ട കെട്ടിടമാണ് ഒഴിവാക്കിയത്. ഇതിന്റെ ഉരുപ്പടികളും മറ്റും 2019 സെപ്റ്റംബറിൽ ലേലംചെയ്തു. ഹൈസ്കൂൾ ക്ലാസുകളും ലാബറട്ടറിയുമാണ് മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചപ്പോൾ തുടങ്ങിയത് ഇതിലായിരുന്നു.
പുതിയ ഭരണാനുമതിയിൽ ഉൾപ്പെടുത്തി മണ്ണുപരിശോധന നടത്തിയാണ് ടെൻഡർ വിളിച്ച് പ്രവൃത്തി നടപ്പാക്കുന്നതെന്ന് പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം എൻജിനിയർ അറിയിച്ചു. അഞ്ച് നിലയ്ക്കുള്ള അടിസ്ഥാനമിട്ടാണ് പുതിയ കെട്ടിടം പണിയുക. ഇപ്പോൾ മൂന്ന് നിലകൾക്കാണ് പണം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ സംവിധാനമുള്ള പത്ത് ക്ലാസ് മുറികളും ലാബും സെമിനാർ ഹാളും ഓഫീസും പ്രഥമശുശ്രൂഷാമുറിയും ശൗചാലയങ്ങളും ഇവിടെയുണ്ടാകും. അടുത്ത അധ്യയനവർഷം പുതിയ കെട്ടിടം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group