പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു; 4000 അധ്യാപക തസ്തിക കുറയും

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു; 4000 അധ്യാപക തസ്തിക കുറയും
പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു; 4000 അധ്യാപക തസ്തിക കുറയും
Share  
2024 Oct 19, 10:33 AM
VASTHU
MANNAN
laureal

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതോടെ, ഈ അധ്യയനവർഷം ഇല്ലാതാവുന്നത് നാലായിരത്തിലേറെ അധ്യാപക തസ്തികകള്‍.അധ്യയനവർഷാരംഭത്തിലെ ആറാം പ്രവൃത്തിദിനത്തില്‍ കുട്ടികളുടെ കണക്കെടുത്തപ്പോള്‍ ഇത്തവണ മുൻവർഷത്തെക്കാള്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. തസ്തിക നിർണയ റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.


വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ കണക്കനുസരിച്ച്‌ ഈ വർഷം ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 3400 ഡിവിഷനുകള്‍ ഇല്ലാതാവും. സർക്കാർ പ്രൈമറി സ്കൂളുകളില്‍മാത്രം 715 തസ്തികകള്‍ നഷ്ടപ്പെടും.


ഹൈസ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകരെ പ്രത്യേകം നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചുള്ള ഡിവിഷൻ നിർണയം പുരോഗമിക്കുകയാണ്. അതിനാല്‍ അന്തിമ റിപ്പോർട്ടിന്റെ ഭാഗമായി കുട്ടികളുടെ എണ്ണത്തിലും അധ്യാപക തസ്തികകളിലും ഏറ്റക്കുറച്ചിലുകള്‍ വന്നേക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.


ഒന്നാംക്ലാസില്‍ ചേർന്ന കുട്ടികളുടെ എണ്ണത്തില്‍ മുൻവർഷത്തെക്കാള്‍ 7163 പേരുടെ കുറവാണുണ്ടായത്. 2023-24-ല്‍ 2,58,149 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ഒന്നാംക്ലാസില്‍ ചേർന്നിരുന്നു. ഈ വർഷം ഇത് 2,50,986 പേരായി കുറഞ്ഞു.


രണ്ടുമുതലുള്ള ക്ലാസുകളില്‍ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞതോടെ, പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ മറ്റു സ്കൂളുകളിലേക്ക് പുനർവിന്യസിക്കാമെങ്കിലും സർക്കാർ സ്കൂളുകളില്‍ തസ്തിക നഷ്ടപ്പെടുന്നവരെ സംരക്ഷിച്ചുനിർത്തേണ്ടിവരുമെന്നതാണ് സ്ഥിതി.


സർക്കാർ സ്കൂളില്‍ കഴിഞ്ഞവർഷം ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 12.23 ലക്ഷം കുട്ടികളുണ്ടായിരുന്നു. ഈ വർഷമുള്ളത് 11.60 ലക്ഷമാണ്. എയ്ഡഡ് സ്കൂളില്‍ കഴിഞ്ഞവർഷം 21.81 ലക്ഷമായിരുന്നത് ഈ വർഷം 21.27 ലക്ഷവുമായി. എയ്ഡഡിനെ അപേക്ഷിച്ച്‌ സർക്കാർ സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയുമ്പോള്‍ ആനുപാതികമായി അധ്യാപക തസ്തികകളില്‍ വലിയ നഷ്ടമുണ്ടാവും. ഇതു സർക്കാരിനു ബാധ്യതയും കൂട്ടും.


ഹയർസെക്കൻഡറിയിലും തസ്തികഭീഷണി


ഹയർസെക്കൻഡറി സ്കൂളുകളില്‍ സർക്കാർ തസ്തികനിർണയം നടത്തിയപ്പോള്‍ ഭീഷണി നേരിടുന്നത് 350 അധ്യാപകർ. 2023-24 അധ്യയനവർഷത്തെ തസ്തികനിർണയമാണ് പൂർത്തീകരിച്ചത്.


പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കുട്ടികള്‍ കുറഞ്ഞെന്നാണ് കണക്കുകള്‍. ഇവിടങ്ങളില്‍ 25 കുട്ടികള്‍പോലുമില്ലാത്ത ഒട്ടേറെ ബാച്ചുകളുണ്ടെന്നും കണ്ടെത്തി. ഈ ജില്ലകളിലെ സ്കൂളുകളില്‍ 350 അധ്യാപകർ തസ്തികപ്രശ്നം നേരിടുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2