സെപ്റ്റംബർ 5 നാളെ
ദേശീയ അധ്യാപക ദിനം
;പ്രതിഭകളെ തേടി
ഒരാധ്യപകൻ
:ദിവാകരൻ ചോമ്പാല
ഈ ദിനത്തിൽ കേരളത്തിലെ പൊതുവിദ്യാലങ്ങളുടെ ഉന്നമനത്തിനായി വേറിട്ട പദ്ധതികളുമായി മുന്നേറുന്ന ഒരാധ്യാപകനെ പരിചയപ്പെടാം.
ആലപ്പുഴ താമരക്കുളം വിജ്ഞാന വിലാസിനി ഹയർസക്കണ്ടറി സ്കൂളിലെ അധ്യാപകൻ സുഗതൻ മാഷാണ് ആ വേറിട്ട വ്യക്തിത്വം.
കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി അധ്യാപനം ഒരു തപസ്യയായി തന്നെ മുന്നോട്ട് കൊണ്ട് പോവുകയാണ്. കേവലം പുസ്തകത്താളുകളിൽ നിന്ന് ലഭിക്കുന്ന അറിവുകൾക്കപ്പുറം കുട്ടികളെ സമൂഹത്തിന് ഉതകുന്ന തരത്തിൽ കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളിലൂടെ അടിസ്ഥാനപരമായി അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തിയുള്ള വിദ്യാലയ പ്രവർത്തനങ്ങൾ ആണ് അദ്ദേഹം നടത്തിവരുന്നത്.
കേരളത്തിലെ ഭൂരിപക്ഷം പ്രൈമറി സ്കൂളുകളിലും ഇദ്ദേഹം ആഹ്വാനം ചെയ്ത പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്....
സുഗതൻ ശൂരനാട്
പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവർത്തകയും ആയിരുന്നു സുഗതകുമാരി ടീച്ചറിന്റെ സ്വപ്നങ്ങൾക്ക് ചിറകുവിടർത്തുക എന്ന ഉദ്ദേശത്തോടുകൂടി കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ചെയർമാൻ കൂടിയായ അദ്ദേഹം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിരവധി പദ്ധതികളാണ് നടത്തിവരുന്നത്. അതിൽ ഏറ്റവും പ്രധാനമാണ്
കുട്ടികളിൽ സഹജീവി സ്നേഹം വളർത്തിയെടുക്കുന്നതിനായി സ്കൂളിലും കുട്ടികളുടെ വീടുകളിലും നടപ്പാക്കി കൊണ്ടിരിക്കുന്ന കുരുവിക്കൊരു തുള്ളി പദ്ധതി. കുരുവികൾക്ക് വെള്ളം കൊടുക്കുന്നതിലുപരി ദാഹിച്ചു വലയുന്ന ഒരാൾക്ക് കുടിവെള്ളം കൊടുക്കുന്ന ഒരു വ്യക്തി ഒരിക്കലും ഒരു ക്രിമിനൽ ആകില്ല എന്ന തത്വം ഇതിന്റെ പിന്നിലുണ്ട്.
കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി സ്കൂളുകളിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന മറ്റൊരു പദ്ധതിയാണ് ഇക്കോ സ്റ്റോൺ ചലഞ്ച്.
വീട്ടിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കുപ്പികളിൽ ആക്കി സ്റ്റോണുകളായി ഉപയോഗിച്ച് മരങ്ങൾക്ക് ഇരിപ്പിടം കെട്ടുന്ന പദ്ധതിയാണിത്.
ഇത് പങ്കാളിയാകുന്ന കുട്ടികൾ ഒരിക്കലും പ്ലാസ്റ്റിക് കവറുകൾ ഭൂമിയിലേക്ക് വലിച്ചെറിയില്ല എന്നുള്ളതാണ് വസ്തുത.
കുട്ടികളിൽ പാരിസ്ഥിതിക അവബോധം ഉണ്ടാക്കുന്നതിനും അവരെ പരിസ്ഥിതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടും നടപ്പിലാക്കി കൊണ്ടിരിക്കുന്ന മറ്റൊരു പദ്ധതിയാണ് പ്രതിഭാമരപ്പട്ടം അവാർഡ്.
കേരളത്തിലെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രതിഭകളായ കുട്ടികളെ കണ്ടെത്തി
അവരുടെ സ്കൂളുകളിൽ എത്തി നൽകുന്ന അവാർഡ് ആണിത്. അവർ പഠിക്കുന്ന സ്കൂളിൽ ട്രസ്റ്റ് നൽകുന്ന മരം നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു വളർത്തുന്നതാണ് ഇതിലെ മുഖ്യ ആകർഷകത്വം.
കേരളത്തിൽ ഇത്തരം 18 കുട്ടികൾക്കാണ് ഇതിനാലകം അവാർഡ് നൽകിയിട്ടുള്ളത്. മിക്ക അവാർഡുകളും നൽകിയിട്ടുള്ളത് കളക്ടർമാരും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖരാണ്..
കേരളത്തിലെ കുട്ടികളുടെ സുരക്ഷിതത്വം മുന്നിലെടുത്ത് ബാലാവകാശ വിഷയങ്ങളിൽ ഇദ്ദേഹം ഇടപെട്ടിട്ടുണ്ട്.
അതിൽ ഏറ്റവും പ്രധാനമാണ് തിരക്കേറിയ പാതകളുടെ വശങ്ങളിലുള്ള സ്കൂളുകൾക്ക് മുൻവശം സുരക്ഷാ വേലിയും നടപ്പാതയും നിർമ്മിക്കുന്നതിന് സർക്കാർ ഉത്തരവിട്ടത്.
ഈ പദ്ധതി ആദ്യം നടപ്പിലാക്കിയത് സ്വന്തം സ്കൂളിലായിരുന്നത് ശ്രദ്ധേയമാണ്. സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഷം തീണ്ടി പച്ചക്കറി ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിരന്തരാവശ്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
കലാകായിക പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുത് എന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇദ്ദേഹത്തിന്റെ ശ്രമഫലമായി ഉണ്ടായതാണ്.
കുട്ടികളിലെ കായിക അഭിരുചി വർധിപ്പിക്കുന്നതിനായി കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള കളിക്കോപ്പുകൾ എല്ലാ സ്കൂളുകളിലും ആവശ്യാനുസരണം വിതരണം ചെയ്യണം എന്നുള്ള ഇദ്ദേഹത്തിന്റെ നിവേദനവും സർക്കാരിന്റെ പരിഗണനയിലാണ്.
കുട്ടികളിൽ മൊബൈലിന്റെ ആധിക്യം കുറയ്ക്കുന്നതിനായി ക്ലാസ് റൂം ലൈബ്രറി എന്ന ആശയം ആദ്യം തന്റെ സ്കൂളിൽ നടപ്പാക്കുകയും അത് കേരളത്തിലെ മറ്റു വിദ്യാലയങ്ങളിലും നടപ്പാക്കണം എന്ന അദ്ദേഹത്തിന്റെ ആവശ്യവും സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ശരിയായ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇദ്ദേഹം ഇനി മുന്നോട്ടുവയ്ക്കുന്നത്.
തന്റെ സ്കൂളിലെ വിവിധ മേഖലകളിൽ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും കണ്ടെത്തി ആധുനിക ടെക്നോളജിയുടെ സഹായത്തോടെ ലോകജനതയ്ക്ക് പരിചയപ്പെടുത്തുന്ന "വി വി ലിറ്റിൽ സ്റ്റാർസ് "എന്ന ചാനൽ ഇതിനാലകം കേരളക്കരയുടെ ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുകയാണ്. ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും നൽകി വരുന്നുണ്ട്.
ഇതിൽ നിന്നുമാണ് പള്ളിക്കൂടം ടി വി എന്ന ആശയം സുഗതൻ മാഷിന്റെ ചിന്തയിൽ ഉദിക്കുന്നത്. കേരളത്തിലെ മറ്റു സ്‌കൂളുകളിലെ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും കൂടാതെ പൊതുവിദ്യാലയങ്ങളുടെ മികവുകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനം നിർവഹിച്ച ഈ ഓൺലൈൻ ടി വി ചാനൽ പ്രവർത്തിച്ചു വരുന്നത്.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group