പണ്ടുമുതലേ പൊതുപരീക്ഷകളിൽ വിജയം നേടേണ്ടതിന്റെ പ്രാധാന്യം മുതിർന്നവർ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കി കൊടുത്തിരുന്നു.
ഇത് അവരിൽ അറിഞ്ഞോ അറിയാതെയോ ഭയവും ഉത്കണ്ഠയും സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്ന് പരീക്ഷയെ അവർ ഭയക്കുന്നില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്.
പക്ഷേ നമ്മുടെ പൂർവികരും നമ്മളുൾപ്പെടെയുള്ളവരും കുട്ടികളിൽ ഇങ്ങനെയൊരു ഭയാശങ്ക വളർത്തികൊണ്ടുവന്നതല്ലേ?
നമ്മുടെയൊക്കെ ചെറുപ്പത്തിൽ തന്നെ പത്താം ക്‌ളാസ് പരീക്ഷയും പ്ലസ്‌ടു പരീക്ഷയും ഉൾപ്പെടെയുള്ള പൊതു പരീക്ഷകൾ കടന്നു കൂടുവാൻ പ്രയാസമാണ് ഇത് ഏതൊ വലിയ കടമ്പയാണ് എന്നുള്ള തരത്തിൽ നമ്മുടെ ഉപബോധമനസിൽ വ്യക്തമായ ഭാഷയിൽ കോറിയിട്ട അക്ഷരങ്ങൾ ഇപ്പോഴും മായാതെ കിടക്കുന്നതുകൊണ്ടാണ് ഇത്തരം ഭയാശങ്കകൾ ഇപ്പോഴും രക്ഷകർത്താക്കളെ പിന്തുടരുന്നത്. പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ഉപരി വിദ്യാഭ്യാസത്തിനു പ്രയോജനം ചെയ്യുമെങ്കിലും ജീവിതവിജയം ഈ പരീക്ഷയുടെ മാർക്കിനെ അടിസ്ഥാനമാക്കി വിലയിരുത്തുവാൻ പാടില്ല. അത് നമ്മുടെ കുട്ടികളെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണം. ഈ വേളകളിൽ കുട്ടികൾക്ക് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും പകർന്നു നൽകുകയാണ് അദ്ധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത് . അല്ലാതെ അവരെ പറഞ്ഞു ഭയപ്പെടുത്തുകയല്ല. പൊതു പരീക്ഷകളിൽ വളരെ കുറഞ്ഞ നിലവാരം പുലർത്തിയ എത്രയോ പേർ പിൽക്കാലത്ത് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. മറ്റൊരു കാര്യം കൂടി. ജീവിതത്തിൽ ഉന്നത വിജയം നേടിയിട്ടുള്ള ഭൂരിഭാഗവും അവരുടെ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയിട്ടുള്ളവരല്ല. എന്നാൽ ഇത്തരം പരീക്ഷകളിൽ കുട്ടികൾക്കായി ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ഇനി ഒരു മാസക്കാലം മാത്രമാണ് അവശേഷിക്കുന്നത്. അതെങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം.
പരീക്ഷക്ക് മുൻപ് ശ്രദ്ധിക്കേണ്ടത്
* ഇനി അവശേഷിക്കുന്നത് ഏകദേശം 720 മണിക്കൂറുകൾ മാത്രമാണ്. ഇത് കൃത്യമായും ക്രിയാത്മകമായും ഉപയോഗിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയണം. ഇതിനായി ഓരോ ദിവസവും പഠന സമയക്രമം ചിട്ടപ്പെടുത്തണം.
* പുറത്തുനിന്നുള്ള ഭക്ഷണവും അശ്രദ്ധമായ യാത്രകളും ഒഴിവാക്കുക. അശ്രദ്ധ മൂലം അസുഖമോ അപകടമോ സംഭവിച്ചാൽ ഒരു പക്ഷേ പരീക്ഷക്ക് പഠിക്കുവാനോ എഴുതുവാനൊ ഉള്ള അവസരമാണ് നഷ്ടപ്പെടുക
.
*ഏകാഗ്രതക്കും മനശാന്തിക്കും ദിവസവും പത്തുമിനിറ്റ് പ്രാണായാമം നടത്തുക. പരീക്ഷയ്ക്ക് നല്ല വിജയം നേടുന്നതായി മനസ്സിൽ കാണുക
* പഠന മേശയിലും പഠനമുറിയിലും അടുക്കും ചിട്ടയും പാലിക്കുക. ശുദ്ധമായ വായുവും വെളിച്ചവും ഉണ്ടെന്ന് ഉറപ്പുവരുത്തുക. അവരവരുടെ മനസ്സിനിണങ്ങിയ പഠന സ്ഥലം കണ്ടെത്തുക.
* മടി ഒഴിവാക്കാൻ, പരീക്ഷയിൽ ഉന്നത വിജയം നേടിയാലുണ്ടാകുന്ന പ്രയോജനങ്ങളെകുറിച്ച് ചിന്തിക്കുക. പഠിക്കേണ്ട വിഷയത്തിന്റെ ബുക്കും പുസ്തകവും മാത്രം മുന്നിൽവെക്കുക.
*പതിവിൽ കൂടുതൽ സമയം ഉറക്കം ഒഴിക്കുന്നത് ഒഴിവാക്കുക.
*മാതൃക ചോദ്യങ്ങൾ കൂടുതൽ പരിശീലിക്കുക.സംശയമുള്ള വിഷയങ്ങളിൽ അതത് അധ്യാപകരുമായി ആശയവിനിമയം നടത്തുക
*ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റു സമയം ഇടവേള എടുക്കുകയും ഇളം ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
കഴിവതും രക്ഷിതാക്കൾ പഠനസമയത്ത് കുട്ടിയോടൊപ്പം കാണുക.
*മൊബൈലിൽ നിന്നും ടി വി യിൽ നിന്നും പൂർണമായും ഒഴിഞ്ഞു നില്ക്കുക. അതിനായി കുട്ടികൾ തന്നെ അവരുടെ മൊബൈലുകൾ രക്ഷകർത്താക്കളെ ഏൽപ്പിക്കാൻ ശ്രമിക്കുക.
*മറവി ഒഴിവാക്കുവാൻ, ഓരോ ദിവസവും മുൻപ് പഠിച്ച പാഠഭാഗങ്ങളുടെ ചെറു കുറിപ്പുകൾ മറിച്ച് നോക്കുക. (ഓരോ വിഷയത്തിന്റെയും പ്രധാനപ്പെട്ട ഭാഗങ്ങൾ ചെറുകുറിപ്പുകളായി തയാറാക്കുക ) രാത്രിയിൽ കിടക്കുമ്പോൾ ഈ കുറിപ്പുകൾ നോക്കി കിടക്കുക. അതിരാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം ആ കുറിപ്പുകൾ വീണ്ടും നോക്കുക.
* ശാരീരികവും മാനസികപരവുമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.
* കഴിഞ്ഞകാലങ്ങളിലെ പരാജയങ്ങളെ കുറിച്ച് ഓർക്കാതെ വിജയങ്ങളെ കുറിച്ച് ഓർക്കുക. ഭാവിയിലും വലിയ വിജയങ്ങൾ ഉണ്ടാകുമെന്ന് മനസ്സിൽ കാണുക.
* ഇനിയുള്ള സമയം ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിക്കുന്നതിനേക്കാൾ നല്ലത് പഠിച്ച ഭാഗങ്ങൾ കൂടുതൽ ഹൃദിസ്ഥമാക്കുന്നതാകും.
*അവസാന സമയങ്ങളിൽ പുതിയ ഗൈഡുകളോ മറ്റ് പഠനസഹായികളോ ഉപയോഗിക്കരുത്.
*പഠിക്കേണ്ടത് ഒന്നും നാളത്തേക്ക് മാറ്റി വെയ്ക്കാത്തിതിരിക്കുക.
*അദ്ധ്യാപകർ വിഷയങ്ങൾ പഠിപ്പിക്കുന്ന രംഗങ്ങൾ പരിശീലിക്കുക.
*ഈ സമയങ്ങളിൽ, കൂട്ടുകാരുമായി 'എന്തൊക്കെ പഠിച്ചു ഏതുവരെ പഠിച്ചു 'എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഒഴിവാക്കുക.
പരീക്ഷാസമയം ശ്രദ്ധിക്കേണ്ടത്.
*എന്നും എഴുനേൽക്കുന്ന സമയത്ത് എഴുനേൽക്കുക.
* ഓരോ ദിവസത്തെയും പരീക്ഷയ്ക്ക് ആവശ്യമുള്ള എല്ലാ സാമഗ്രികളും ഒരുക്കിവെക്കുക.
*പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സ്‌കൂളിലെത്തുക. (ഗതാഗത ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ )
*കൂട്ടുകാരുമായിട്ടുള്ള താരതമ്യ പഠനം. ചർച്ച ഇവ ഒഴിവാക്കുക.
*ആദ്യ ബെല്ലിനു പത്ത് മിനിറ്റ് മുൻപേ പാഠപുസ്തകം അടച്ചുവെക്കുക.
*ഉത്സവാഘോഷ വേളകളിൽ നമുക്ക് ഉണ്ടാകുന്ന അതേ മാനസികാവസ്ഥയോടെ, പുഞ്ചിരിക്കുന്ന മുഖവുമായി പരീക്ഷാഹാളിലേക്ക് പ്രവേശിക്കുക.
*അഞ്ച് മിനിറ്റ് കണ്ണടച്ചിരുന്ന് മനസിനെ ഏകാഗ്രമാക്കുക. ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകനെയും രക്ഷകർത്താക്കളെയും ഓർക്കുക.
*പരീക്ഷക്ക് മുന്നേ ലഭിക്കുന്ന പതിനഞ്ച് മിനിറ്റും പ്രയോജപ്പെടുത്തുക. അതിനായി
ചോദ്യപ്പേപ്പർ കിട്ടിയ ഉടൻ മനസിരുത്തി വായിക്കുക.
*ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യങ്ങൾ പെൻസിൽ കൊണ്ട് നമ്പരിടുക .
*ഓരോ ചോദ്യത്തിനും മാർക്കിന്റെ അടിസ്ഥാനത്തിൽ സമയം വീതിച്ച് നൽകുക. (ചില കുട്ടികൾ കുറഞ്ഞ മാർക്കിന്റെ ചോദ്യങ്ങൾക്ക് കൂടുതൽ സമയം ചിലവഴിക്കുന്നതിലൂടെ കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ സമയം ലഭിക്കാതെ വരുന്നു )
*ആദ്യ പേജിൽ ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യം ഏറ്റവും വൃത്തിയായി എഴുതുക. വെട്ടും തിരുത്തലുകളും ഒഴിവാക്കുക.
*പരീക്ഷയിൽ മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവരെ ശ്രദ്ധിക്കാതിരിക്കുക.
* രജിസ്റ്റർ നമ്പർ, ക്വസ്റ്റ്യൻ നമ്പർ, പേജ് നമ്പർ ഇവ കൃത്യമായി എഴുതിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
*അവസാന പരീക്ഷ കഴിയുന്നവരെ ഒരു കാരണവശാലും കൂട്ടുകാരുമായി, നടന്ന പരീക്ഷകളുടെ 'പോസ്റ്റ്മാർട്ടം ' നടത്താതിരിക്കുക.
എല്ലാ കൂട്ടുകാർക്കും പരീക്ഷയിൽ തിളങ്ങാൻ കഴിയട്ടെഎന്നാശംസിക്കുന്നു.
വിശ്വസ്തതയോടെ,
സുഗതൻ എൽ. ശൂരനാട്. കൊല്ലം
( സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്,
പരിശീലകൻ, ബാലവകാശ പ്രവർത്തകൻ )
9496241070
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group