തിരുവനന്തപുരം :അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എൽ സുഗതന് ഈ വർഷത്തെ അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഭദ്രൻ സ്മാരക പുരസ്കാരം ലഭിച്ചു. വിദ്യാഭ്യാസ രംഗത്തും
സാമൂഹ്യ സാംസ്കാരിക രംഗത്തും പരിസ്ഥിതി ബോധവൽക്കരണ പരിപാടികളിലും അദ്ദേഹം നടത്തിയിട്ടുള്ള നിസ്തുല സേവനം കണക്കിലെടുത്താണ് അവാർഡ്. സുഗതകുമാരിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ രൂപീകരിച്ചിട്ടുള്ള സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയായിട്ടുള്ള ഇദ്ദേഹം ട്രസ്റ്റിന്റെ നേതൃത്വത്തിൽ, കുട്ടികളിൽ പാരിസ്ഥിതിക അവബോധവും മാനുഷികതയും വളർത്തുന്നതിന് സംസ്ഥാനതലത്തിൽ തന്നെ നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ കുട്ടികൾക്ക് നൽകിവരുന്ന പ്രതിഭാ മരപ്പട്ടം അവാർഡ്, കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുന്നതിന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കിയ കുരുവിക്കൊരു തുള്ളി പദ്ധതി, പരിസ്ഥിതി അവബോധത്തിനായി സ്കൂളുകളിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ഇക്കോ സ്റ്റോൺ പ്രോജക്ട് തുടങ്ങിയവ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങളാണ്.
ഒരു ബാലാവകാശ പ്രവർത്തകൻ കൂടിയായ ഇദ്ദേഹം കുട്ടികൾക്ക് വേണ്ടി നിരവധി വിഷയങ്ങളിൽ ഇടപെട്ടിട്ടുണ്ട്. കലാകായിക പീരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്നുള്ള സർക്കാർ ഉത്തരവിലൂടെ കേരളത്തിലെ കുട്ടികളുടെയാകെ ഇഷ്ടം പിടിച്ചുപറ്റിയ അധ്യാപകൻ, കുട്ടികളുടെ യാത്ര സുരക്ഷിതത്വത്തിനുവേണ്ടി തിരക്കേറിയ റോഡിനു സമീപമുള്ള സ്കൂളുകൾക്കു മുൻപിൽ സുരക്ഷാ വേലിയും നടപ്പാതയും നിർമ്മിക്കുന്നതിന് ഇദ്ദേഹം ഇടപെട്ടു. അതിന്റെ ഫലമായി ഇത്തരത്തിലുള്ള സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്ക് മുൻപിലും അത് നിർമ്മിച്ചു തുടങ്ങിയതായി അറിയിപ്പ് ലഭിച്ചു. കൂടാതെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ക്ലാസ് റൂം ലൈബ്രറി പ്രാവർത്തികമാക്കുന്നതിനും സ്കൂളിലെ ഉച്ചഭക്ഷണത്തിലെ വിഷം തീണ്ടിയ പച്ചക്കറി ഒഴിവാക്കുന്നതിനും ഇദ്ദേഹം നടത്തിയിട്ടുള്ള ഒറ്റയാൾ പോരാട്ടം വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഒരു ഗണിതശാസ്ത്ര അധ്യാപകൻ കൂടിയായ ഇദ്ദേഹം ഏറ്റവും ഒടുവിൽ ഇടപെട്ടത് ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിത ശാസ്ത്രത്തിന് കൂടി നൊബേൽ പ്രൈസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു മൂവ്മെന്റിനാണ്. "നൊബേൽ ഫോർ മാത്‍സ് ഇന്റർനാഷണൽ സൈൻ ക്യാമ്പയിൻ "എന്ന സംവിധാനത്തിന്റെ ചീഫ് കോർഡിനേറ്റർ കൂടിയായ ഇദ്ദേഹത്തിന്റെ ശ്രമഫലമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണ ലഭിച്ചു . ഇതിനായി പത്തു ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ്, സംസ്ഥാന വനമിത്ര അവാർഡ്,ഗ്ലോബൽ ടീച്ചർ അവാർഡ്, മാതൃഭൂമി വീശിഷ്ട വിദ്യാലയം അവാർഡ്,മാതൃഭൂമി നന്മ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിനാലകം ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ അനൂപ പാലക്കാട് ജില്ലയിൽ
വില്ലേജ് ഓഫിസറായി ജോലി നോക്കുന്നു. മക്കൾ ഭവിൻ സുഗതൻ, ഭവികാ ലക്ഷ്മി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group