ഈ വർഷത്തെ നൊബെൽ പുരസ്‌കാരങ്ങൾ എല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണല്ലോ.മഹത്തായ ഈ പുരസ്കാര സമർപ്പണം, ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ പത്താം തീയതി നടക്കുകയാണ്.
സാധാരണ ഒരാളുടെ സമ്പാദ്യം മുഴുവൻ അദേഹത്തിന്റെ കാലശേഷം പിൻതലമുറക്ക് വേണ്ടി മാറ്റി വെയ്ക്കും. അതാണ് പതിവ്.
എന്നാൽ തന്റെ സമ്പാദ്യം മുഴുവൻ സമൂഹത്തിന്റെ ഉന്നമനത്തിനായി മാറ്റി വെയ്ക്കുകയും അതുവഴി ലോകത്തിന്റെ സർവോന്മുഖമായ വികസനം കാംഷിക്കുകയും ചെയ്‌ത ഒരു മഹത് വ്യക്തിത്വമാണ് സർ ആൽഫ്രഡ് നൊബേല്‍.
അദേഹത്തിന്റെ ആ ഉറച്ച തീരുമാനത്തിലൂടെയാണ് നാമിന്ന് അത്ഭുതത്തോടും അശ്ചര്യത്തോടും നോക്കി കാണുന്ന ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായ നൊബേൽ പ്രൈസ് നൽകി വരുന്നത്.
1833 ഒക്ടോബർ 21 ന് സ്വീഡനിൽ ജനിച്ച സര്‍ ആല്‍ഫ്രഡ് നൊബേല്‍ പിൽക്കാലത്ത് ഒരു രസതന്ത്രജ്ഞനായിരുന്നു, ഒരു എന്‍ജിനീയര്‍ ആയിരുന്നു, ബിസിനസ്സുകാരന്‍ ആയിരുന്നു ഇതൊന്നും കൂടാതെ നല്ല ഒരു മനുഷ്യസ്‌നേഹിയും കൂടി ആയിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം തികഞ്ഞ ഒരു പ്രതിഭ . സ്വന്തം പേരില്‍ 355 പേറ്റന്റുകളാണ് അദ്ദേഹം കുറഞ്ഞ കാലയളവിൽ നേടിയെടുത്തത്.
1901 മുതല്‍ ആല്‍ഫ്രഡ് നൊബേലിന്റെ ആഗ്രഹ പ്രകാരം മെഡിസൻ, സമാധാനം, കെമിസ്ട്രി ഫിസിക്സ്, സാഹിത്യം തുടങ്ങി അഞ്ച് മേഖലകളില്‍ ലോകത്തിലെ ഏറ്റവും മികച്ചവര്‍ക്ക് വര്‍ഷാവര്‍ഷം നൊബേല്‍ പുരസ്‌കാരം നല്‍കിപ്പോരുന്നു.
ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ, രാജ്യ വ്യത്യാസങ്ങളിലാതെയായിരിക്കണം പുരസ്‌കാരങ്ങള്‍ നല്‍കേണ്ടത് എന്ന അല്‍ഫ്രഡ് നൊബേലിന്റെ ആഗ്രഹം ഇന്നും നിറവേറ്റപ്പെട്ടുകൊണ്ട് മുന്നോട്ട് പോവുകയാണ്.
1969 ൽ ബാങ്ക് ഓഫ് സ്വീഡൻ ആണ് ആൽഫ്രഡ് നൊബെലിന്റെ സ്മരണാർത്ഥം സാന്പത്തിക ശാസ്ത്രത്തിലും നൊബേൽ പുരസ്കാരം ഏർപ്പെടുത്തിയത്.
1896 ല്‍ അദ്ദേഹം തന്റെ 63-ാം വയസിൽ നിര്യാതനായി.
അതിന് ശേഷം 1900 ല്‍ ആണ് അവാർഡ് വിതരണത്തിനു വേണ്ടി നോബെൽ ഫൗണ്ടേഷന്‍ രൂപീകരിക്കപ്പെടുന്നത്.
എന്നാൽ ഈ പുരസ്‌കാരങ്ങള്‍ക്ക് പിറകില്‍ ഒരു 'പൊട്ടിത്തെറി'യുടെ കഥ കൂടിയുണ്ട്.
.
ഡൈനാമൈറ്റിന്റെ കണ്ടുപിടിത്തമാണ് ആല്‍ഫ്രഡ് നൊബെലിന്റെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവ് ഉണ്ടാക്കിയത്. ഇതോടെ ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിയ്ക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം.
ഇതിന് പിറകെ ജെലിഗ്നൈറ്റ് എന്ന മറ്റൊരു സ്‌ഫോടക മിശ്രിതവും അദ്ദേഹം വികസിപ്പിച്ചെടുത്തു. ഡൈനാമൈറ്റിന് പേറ്റന്റ് ലഭിച്ചതോടെ, അക്കാലത്തെ ഏറ്റവും വലിയ ലോക സമ്പന്നന്‍മാരില്‍ ഒരാളായി ആല്‍ഫ്രഡ് നൊബേല്‍ മാറി.
എന്നാല്‍, സന്തോഷത്തിന്റെ ആ നാളുകള്‍ ജീവിതത്തില്‍ ഏറെനാള്‍ നീണ്ടുനിന്നില്ല. മാനവരാശിയുടെ പുരോഗതിയ്ക്കായി താന്‍ നടത്തിയ കണ്ടെത്തല്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് യുദ്ധങ്ങളില്‍ സര്‍വ്വനാശം വിതക്കാനെന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ അവസാനകാല ജീവിതത്തെ ദു:ഖഭരിതമാക്കി മാറ്റിയത്.
തന്റെ അവസാന കാല ഘട്ടത്തിൽ തയാറാക്കിയ വില്പത്രത്തിൽ, സ്‌ഫോടകവസ്തുവിന്റെ പേറ്റന്റിലൂടെ കുമിഞ്ഞുകൂടിയ സമ്പത്തിന്റെ വലിയൊരു വിഭാഗം ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാന പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ ലോകത്തിലെ ഏറ്റവും മികച്ചവര്‍ക്ക് പുരസ്‌കാരം നല്‍കണമെന്ന് എഴുതി വെച്ചു. ഇതായിരുന്നു നൊബേല്‍ പുരസ്‌കാരത്തിന്റെ ചരിത്ര ആരംഭം.
എങ്ങനെ ആയിരിക്കണം ഈ പുരസ്‌കാരങ്ങള്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് ആല്‍ഫ്രഡ് നൊബേലിന് കൃത്യമായ ധാരണയുണ്ടായിരുന്നു.
തന്റെ വില്‍പത്രത്തില്‍ അദ്ദേഹം അത് പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. ഭൗതിക ശാസ്ത്രത്തിനും രസതന്ത്രത്തിനും ഉള്ള പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കേണ്ടത് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് ആകണം എന്നതായിരുന്നു അതില്‍ ഒന്ന്. വൈദ്യശാസ്ത്ര പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കേണ്ടത് സ്റ്റോക്ക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടും സാഹിത്യപുരസ്‌കാര ജേതാവിനെ സ്വീഡിഷ് അക്കാദമിയും തിരഞ്ഞെടുക്കണം എന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. സമാധാനത്തിനുള്ള പുരസ്‌കാര ജേതാവിനെ നോര്‍വീജിയിന്‍ പാര്‍ലമെന്റില്‍ നിന്നുള്ള അഞ്ചംഗ സമിതി തിരഞ്ഞെടുക്കണം എന്നും അദ്ദേഹം വില്‍പത്രത്തില്‍ കുറിച്ചിരുന്നു.
ഈ അഞ്ച് പുരസ്‌കാരങ്ങളും ഇപ്പോഴും നിര്‍ണയിക്കുന്നത് ഇവര്‍ തന്നെയാണ്.
1901 മുതല്‍ 2023 വരെ 875 പേര്‍ക്കാണ് മൊത്തത്തില്‍ നൊബേല്‍ പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് നോബെൽ പ്രൈസ് എന്ന് അവകാശപ്പെടുമ്പോഴും അറിഞ്ഞോ അറിയാതെയോ ഗണിതശാസ്ത്രത്തെ ഈ പുരസ്കാരത്തിൽ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നുള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
ലോകത്തുള്ള ഓരോ മനുഷ്യനും നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ഗണിതം."ഭൂലോകത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ്" എന്ന് പറഞ്ഞ സ്ഫടികത്തിലെ തിലകന്റെ (without mathematics the world is a big zero )വാക്കുകൾ ഇവിടെ പ്രസക്തമാണ്.
അത്രയ്ക്ക് പ്രാധാന്യമാണ് നിത്യജീവിതത്തിൽ ഗണിതശാസ്ത്രത്തിനുള്ളത്. ഇതിനകം ഗണിതശാസ്ത്രത്തിൽ എത്രയോ കണ്ടുപിടുത്തങ്ങളും എത്രയോ ആശയങ്ങളും മുന്നോട്ടുവെച്ച മഹത് വ്യക്തിത്വങ്ങൾ ഉണ്ട്. അവരെയൊക്കെ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.പിൽക്കാലത്ത്
എക്ണോമിക്സിന്റെ പ്രാധാന്യം കണക്കിലെടുത്ത് 1969മുതൽ ആ വിഭാഗത്തിനു കൂടി പുരസ്‌കാരം ഏർപ്പെടുത്തുകയായിരുന്നല്ലോ. അതേ കീഴ് വഴക്കം ഉപയോഗിച്ച് ഗണിതശാസ്ത്രത്തിനു കൂടി നൊബേൽ പുരസ്കാരം നൽകുമെന്ന പ്രതീക്ഷ വച്ചു പുലർത്തുന്ന അനേകം ഗണിത സ്നേഹികൾ ലോകത്തുണ്ട്.
അടുത്ത വർഷമെങ്കിലും ഗണിത ശാസ്ത്രം കൂടി ഇതിൽ ഉൾപെടുമെന്ന് എന്ന് നമ്മുക്ക് പ്രത്യാശിക്കാം.....
(2023 ഒക്ടോബർ 21 സർ ആൽഫ്രഡ് നൊബേലിന്റെ 190 ആമത് ജന്മദിനമാണ് അതിനോട് അനുബന്ധിച്ചുള്ള ലേഖനം )
എഴുത്ത് : എൽ സുഗതൻ
ഗണിതശാസ്ത്ര അദ്ധ്യാപകൻ,
വി വി എച്ച് എസ് എസ്സ് താമരക്കുളം, ആലപ്പുഴ.
(വിദ്യാഭ്യാസ പ്രവർത്തകൻ.)
9496241070.
ഗണിതത്തിന് നൊബേൽ വേണം! ഇന്റർനാഷണൽ മില്ല്യൻ സൈൻ കാമ്പയിന് ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് നിന്ന് തുടക്കം
ശാസ്ത്രത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന ഗണിതശാസ്ത്രത്തിന് നൊബേൽ സമ്മാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗണിതശാസ്ത്ര അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ എൽ സുഗതന്റെ നേതൃത്വത്തിലുള്ള ഗണിതശാസ്ത്ര അദ്ധ്യാപകരുടെയും ഗണിതശാസ്ത്ര ബിരുദ- ബിരുദാനന്തര ബിരുദധാരികളുടെയും സോഷ്യൽ ആക്റ്റിവിസ്റ്റുകളുടെയും കൂട്ടായ്മയായ #നൊബേൽ4മാത്സ് ഈ ആവശ്യത്തെ പിന്തുണയ്ക്കുന്ന ലോകകമെമ്പാടുമുള്ള പത്തുലക്ഷത്തിലധികം പേരുടെ ഒപ്പ് ശേഖരിക്കുന്നതിനായി 100ലേറെ രാജ്യങ്ങളിൽ നിന്നുള്ള 1001 പേരടങ്ങയ ഇന്റർനാഷണൽ കാമ്പയിൻ ബ്രിഗേഡ് രൂപീകരിച്ചു.
മില്യൻ സൈൻ കാമ്പയിൽ
എന്നു പേരിട്ടിരിക്കുന്ന ഒപ്പ് ശേഖരണ കാമ്പയിന്റെ ഉദ്ഘാടനം ആൾഫ്രെഡ് നൊബേലിന്റെ 190 ആം ജന്മവാർഷിക ദിനമായ ഒക്ടോബർ 21നു ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മുൻ ഇന്ത്യൻ അമ്പാസഡറും ഡിപ്ലോമാറ്റുമായ ടി പി ശ്രീനിവാസൻ തിരുവനന്തപുരത്ത് നിർവഹിക്കും. 'നൊബേൽ ഫോർ മാത്സ് ' മില്ല്യൻ സൈൻ കാമ്പയിൻ ആഗോള ബ്രിഗേഡ് ചെയർമാൻ ജിതേഷ്ജി അദ്ധ്യക്ഷത വഹിക്കും. ചീഫ് കോർഡിനേറ്റർ എൽ സുഗതൻ പദ്ധതി വിശദീകരിയ്ക്കും. നൊബെൽ ഫോർ മാത്സ് ന്യൂസ് പോർട്ടൽ ഉദ്ഘാടനവും ആൽഫ്രെഡ് നൊബേൽ അനുസ്മരണവും ഒക്ടോബർ 21 നു നടക്കും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group