പത്മാവതി ടീച്ചർക്കൊരു
നവതി ആശംസ
: ഷർമ്മിള.പി
പത്മാവതി ടീച്ചർ, അങ്ങൊരു
പൂമരമാണ്......;.
ഒൻപത് പതിറ്റാണ്ടായി പന്തലിച്ചൊരു പൂമരം
പഠനത്തിൻ വഴികളിൽ തണൽ വിരിച്ചൊരി പൂമരം
അറിവിൻ്റെ പാതയിൽ പുത്തുലഞ്ഞൊരു പൂമരം
ദൈവം വിത്ത് പാകി മുളപ്പിച്ചൊരു പൂമരം
അതാണി പത്മാവതി ടീച്ചർ.
തളിർക്കുന്നു പൂക്കുന്നു
കായ്ക്കുന്നു പൂമരം
ഉണർവിൻ്റെ തളിരുകൾ
ഉർജസ്വലതയുടെ തളിരുകൾ
നേരിന്റെ തളിരുകൾ
ദൈവം മഴ നനച്ചു വളർത്തിയൊരീ പൂമരം
അതാണീ പത്മാവതി ടീച്ചർ
ഓരോ പുഞ്ചിരിയിലും സ്നേഹത്തിൻ പൂവുകൾ
ഓരോ വാക്കിലും അറിവിൻ പൂവുകൾ
ഓരോ നോക്കിലും കരുണതൻ പൂവുകൾ
ഓരോ കാലടിയിലും
ധർമ്മത്തിൻ പൂവുകൾ
ദൈവം വസന്തം നൽകി
പുഷ്പിച്ച പൂമരം
അതാണീ പത്മാവതി ടീച്ചർ.
നിങ്ങളി ലോകത്ത് വിതച്ചത് അറിവിൻ വിത്തല്ലോ
കരുണതൻ വിത്തല്ലോ
സത്യത്തിൻ വിത്തല്ലോ
സുഗന്ധത്തിൻ വിത്തല്ലോ
അറിവിൻ ലോകത്ത്
ദൈവം ഋതുക്കൾ നൽകി
തളിരായ് പൂവായ് കായായ് വളർന്നോരി പൂമരം
അതാണീ പത്മാവതി ടീച്ചർ!
ഇന്ന് ഈ നവതി ദിനത്തിൽ അന്നത്തെ ശിഷ്യഗണങ്ങൾ പറയുന്നു —
ഇനിയും ഞങ്ങളി പൂമരച്ചോട്ടിലൊന്നു ഇരുന്നോട്ടെ
മധു നുകർന്നോട്ടെ, തളിരിലകൾ നുള്ളിക്കോട്ടെ,
പൂക്കൾ പറിച്ചോട്ടെ,
പൂക്കളം തീർത്തോട്ടെ,
സൗരഭ്യം മുകർന്നോട്ടെ,
ഇലകൾ മെത്തയാക്കി
സ്വപ്നം കണ്ടുറങ്ങിക്കോട്ടെ
നിങ്ങളുടെ പുഞ്ചിരി
കണി കണ്ടുണർന്നോട്ടെ
നേർന്നിടട്ടെ ആയുസ്സും ആരോഗ്യവും,
നിങ്ങളുടെ പുഞ്ചിരിയിൽ എന്നും തെളിയട്ടെ
സന്തോഷവും സംതൃപ്തിയും
നവതി ആശംസകൾ
ഒരിക്കൽ കൂടി പ്രിയപ്പെട്ട പത്മാവതി ടീച്ചർക്ക്
നവതിയുടെ നിറവിൽ
പത്മാവതി ടീച്ചർക്ക്
സ്നേഹാശംസകൾ....
"ഗുരു ബ്രഹ്മാ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര:
ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:"
ജ്ഞാനത്തിൻ്റെയും കലയുടെയും നന്മയുടെയും നിറദീപമായി തൊണ്ണൂറിൻ്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന പ്രിയങ്കരിയായ പത്മാവതി ടീച്ചർക്ക്, ഹൃദയം നിറഞ്ഞ നവതി ആശംസകൾ!
1935 നവംബർ 6-ന് പാരിപറ്റ പൈതൽ നമ്പ്യാരുടെയും ലക്ഷ്മി അമ്മയുടെയും മകളായി പിറന്ന ഈ സരസ്വതീപുത്രിയുടെ ജീവിതം പോയകാലത്തിൻ്റെ മനോഹരമായ ഒരു ഏടാണ്. എരഞ്ഞോളി ഈസ്റ്റ് എൽ.പി. സ്കൂൾ, തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ബോർഡ് സ്കൂൾ കതിരൂർ എന്നിവിടങ്ങളിലെ അക്ഷരമുറ്റങ്ങളിൽ ടീച്ചർ അറിവ് തേടി.
പഠനത്തോടൊപ്പം, നൃത്താധ്യാപകൻ വാസു മാസ്റ്ററുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച്, നല്ലൊരു നർത്തകിയായി ജനശ്രദ്ധ നേടി, കലയുടെ തട്ടകത്തും തൻ്റേതായ ഒരിടം കണ്ടെത്തി. തിരൂർ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളിൽ സെക്കൻഡറി ടി.ടി.സി ഫസ്റ്റ് ക്ലാസോടെ പാസായ ആ പ്രതിഭ, തൻ്റെ ക്ലാസ് മുറിയിൽ ഭാവിയിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ സഹധർമ്മിണിയായി മാറിയ 'ഫാബി' എന്ന ഫാത്തിമയ്ക്ക് അക്ഷരം പകർന്നു നൽകി.
പുന്നോൽ ഹയർ എലിമെൻ്ററി സ്കൂളിൽ അധ്യാപികയായി സേവനമാരംഭിച്ച്, പിന്നീട് പട്ടാമ്പിയിലെ ഗവൺമെൻ്റ് ഓറിയൻ്റൽ സ്കൂളിലൂടെ ഗവൺമെൻ്റ് സർവീസിൻ്റെ ഭാഗമായി. കാവുംഭാഗം സ്കൂൾ, ടൗൺ ഗേൾസ് സ്കൂൾ തലശ്ശേരി എന്നിവിടങ്ങളിലെ പ്രൈമറി ക്ലാസ് മുറികളിൽ സ്നേഹത്തിൻ്റെയും അറിവിൻ്റെയും വെളിച്ചം ചൊരിഞ്ഞു.
പ്രൈമറി അധ്യാപികയായിരിക്കെ അവധിയെടുത്താണ്, ദക്ഷിണേന്ത്യയിൽ ഹിന്ദി പ്രചരിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി സ്ഥാപിച്ച ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ സ്കൂളിൽ നിന്ന് ഹിന്ദിയിൽ ടീച്ചർ ഉന്നത വിജയം നേടിയത്. ആ നിശ്ചയദാർഢ്യം ടീച്ചറെ ഹൈസ്കൂൾ അധ്യാപിക എന്ന പദവിയിലേക്ക് എത്തിച്ചു. ചിറക്കര ഗവൺമെൻ്റ് ഹൈസ്കൂൾ, കുഞ്ഞിമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ, കതിരൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം വീണ്ടും ചിറക്കര ഹൈസ്കൂളിൽ തിരിച്ചെത്തി.
1990 മാർച്ചിൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചശേഷവും, ചൂര്യായി ചന്ദ്രൻ മാസ്റ്ററുടെ ഫോണിക്സ് കോളേജിൽ ഹിന്ദി അധ്യാപികയായി സേവനമനുഷ്ഠിച്ച് ടീച്ചർ തൻ്റെ കർമ്മ മണ്ഡലത്തിൽ സജീവമായി നിന്നു.
പ്രിയപ്പെട്ട ടീച്ചർ, തൊണ്ണൂറ് വർഷമെന്നാൽ ഒരു ജീവിതത്തിൻ്റെ പൂർണ്ണതയാണ്. അനേകം തലമുറകൾക്ക് അറിവിൻ്റെ വെളിച്ചം പകർന്നു നൽകിയ അങ്ങ് ഞങ്ങൾക്കെല്ലാം എന്നും ഒരു വഴികാട്ടിയാണ്. വാർദ്ധക്യത്തിലും തെളിമയോടെ നിൽക്കുന്ന അങ്ങയുടെ ഓർമ്മകളും സാന്നിധ്യവും ഞങ്ങൾക്കേറെ പ്രിയപ്പെട്ടതാണ്.
നവതി ആഘോഷവേളയിൽ, അങ്ങയോടൊപ്പം പഠിച്ച സതീർത്ഥ്യർക്കൊപ്പം അങ്ങയെ ആദരിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.
ആയുരാരോഗ്യ സൗഖ്യത്തോടെ, സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും വർഷങ്ങൾ ഇനിയും അങ്ങയെ തേടിയെത്തട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്,
സ്നേഹപൂർവ്വം,
ഷർമ്മിള. പി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















