
വടകര ഇഗ്നോ റീജനൽ
സെൻ്റർ രാജ്യത്തിന് അഭിമാനം
: മുല്ലപ്പള്ളി രാമചന്ദ്രൻ
ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂനിവേഴ്സിറ്റി, മലബാർ റീജനൽ സെൻ്റർ,വടകര, അടച്ചു പൂട്ടാനും കെട്ടിട നിർമ്മാണത്തിനായി മണിയൂർ പഞ്ചായത്ത് നല്കിയ രണ്ടര ഏക്കർ സ്ഥലം അവർക്ക് തന്നെ തിരിച്ചു കൊടുക്കാനുമുള്ള തീരുമാനം മലബാറിനോടും മലബാർ പ്രദേശങ്ങളിലെ പതിനായിരക്കണക്കിൽ സാധാരണക്കാരായ വിദ്യാർത്ഥികളൊട് കാണിച്ച മാപ്പ് അർഹിക്കാത്ത വിവേചനവും അപരാധവും ആണ്.

വിഷൻ വടകര 2025 എന്ന വികസന സെമിനാറിൽ ഉരുത്തിരിഞ്ഞ ആശയത്തിൻ്റെ ആരംഭം കുറിച്ച മഹൽ സ്ഥാപനമാണ് ഇഗ്‌നോ .
മലബാറിൻ്റെ വികസനം മനുഷ്യ വിഭവ വികസനത്തിലൂടെ എന്ന് തിരിച്ചറിഞ്ഞ് നടത്തിയ പരിശ്രമത്തിൻ്റെ പരിസമാപ്തിയാണിത്.
തിന് മുന്നോടിയായി വടകര വെച്ചു നടത്തിയ വിദ്യാഭ്യാസ സെമിനാർ അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്ക് മറക്കാൻ കഴിയില്ല. 'ഉന്നത വിദ്യാഭ്യാസം : വെല്ലുവിളികൾ, അവസരങ്ങൾ.' 'ഹയർ എജുക്കേഷൻ, ചാലഞ്ചസ് ആൻ്റ് ഓപ്പർച്യൂണിറ്റിസ്' എന്ന സെമിനാറിൽ യു.ജി. സി. ചെയർമാൻ ഡോ: വേദ് പ്രകാശ്, ഇഗ്‌നോ വൈസ് ചാൻസലർ ഡോ: രാജശേഖരൻ പിള്ള, സെൻട്രൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: ജാൻസി ജെയിംസ്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വം, മുൻ അംബാസമ്പർ കൂടിയായ ഡോ: ടി. പി .ശ്രീനിവാസൻ, നിരവധി വൈസ് ചാൻസലർമാർ. എല്ലാറ്റിനും നേതൃത്വപരമായ പങ്കു വഹിച്ചു കൊണ്ട് സാമ്പത്തിക വിദഗ്ദൻ ഡോ: ബി.എ. പ്രകാശ് തുടങ്ങി നിരവധി പ്രഗത്ഭരായ വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുത്ത സെമിനാർ മറക്കാൻ കഴിയില്ല.
സെമിനാറിൻ്റെ വിജയത്തിന് നാന്ദി കുറിച്ചു കൊണ്ട് ഇഗ്നോ റീജണൽ സെൻ്റർ വടകരയിൽ സ്ഥാപിച്ചു. ഡോ: രാജശേഖരൻ പിള്ളയോട്, മനുഷ്യ വിഭവ വികസന വകുപ്പ് മന്ത്രി കപിൽ സിബൽ, തുടർന്ന് പ്രിയ സുഹൃത്ത് പല്ലം രാജു , സർവോപരി പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ്ങ് എന്നിവരോടുള്ള കടപ്പാട് വാക്കുകൾക്ക് അതീതം.
പരിമിതികൾ മാത്രമായിരുന്നു തുടക്കം മുതൽ വടകര ഇഗ്നോ റീജണൽ സെൻ്ററിന് . മറ്റൊന്നും ചിന്തിക്കാതെ തൻ്റെ സ്വന്തം കെട്ടിടം, എൻ്റെ അപേക്ഷ കേട്ട് നൽകിയ വടകരക്കാരുടെ പ്രിയപ്പെട്ട ടി. ബാലക്കുറുപ്പ് എന്ന ഉല്പതിഷ്ണു.
എന്തെല്ലാം പ്രതീക്ഷകൾ. ഒടുവിൽ ഇഗ്നോയുടെയുടെ 56 റീജനൽ സെൻ്ററുകളിൽ, ദക്ഷിണേന്ത്യയിൽ ഏറ്റവും എൻറോൾമെൻ്റ് നടന്ന സെൻ്റർ വടകരയായി മാറിയ അഭിമാനം. തീർന്നില്ല 2022 ൽ രാജ്യത്ത് ഏറ്റവും മികച്ച റീജനൽ സെൻ്ററായി വടകര ദേശീയ പുരസ്ക്കാരം നേടി. ദൽഹിയിൽ നിന്ന് അവാർഡ് വാങ്ങി തിരിച്ചത്തിയ മുൻ റീജണൽ ഡയറക്ടർ ഡോ: രാജേഷും സഹപ്രവർത്തകരും എൻ്റെ വീട്ടിലെത്തി സന്തോഷം പങ്കു വെച്ചത് രോമാഞ്ച ജനകമായ ഓർമ്മ.
2011 ജനുവരി 4 ന് വടകര ടൗൺ ഹാളിൽ വെച്ച് കേന്ദ്ര രാജ്യ രക്ഷാമന്ത്രി ബഹു: എ.കെ.ആൻ്റണി ഔപചാരികമായി ഉദ്ഘാടനം ചെയ്ത വടകര ഇഗ്നോ റീജനൽ സെൻട്രൽ, മലബാറിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വസന്തത്തിൻ്റെ ആഗമനം കുറിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് പുറമെ കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയും വടകര സെൻ്ററിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
രാഷ്ട്രീയമായ വിഭാഗീയതക്ക് ഉപരിയായി എല്ലാവരെയും സമന്വയിപ്പിച്ചു കൊണ്ടു പോകുന്ന സമീപനമാണ് തുടക്കം മുതൽ സ്വീകരിച്ചത്.
ഒരിഞ്ചു ഭൂമി വികസനത്തിന് ലഭിക്കാത്ത വടകരയിൽ, റീജണൽ സെൻ്ററിന് സ്ഥലം കണ്ടെത്താനുള്ള നിതാന്ത പരിശ്രമത്തിൽ അവസാനം വിജയിച്ചു. മണിയൂർ പഞ്ചായത്ത് രണ്ടര ഏക്കർ സ്ഥലം വിട്ടു തന്നതിലുള്ള നന്ദി സ്മരിക്കാതെ വയ്യ.
ഭൂമിക്ക് ചുറ്റുമതിൽ എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു ഭംഗിയായി പണിതു. മലബാറിൻ്റെ ഗരിമ വിളിച്ചോതുന്ന കെട്ടിടം നിർമ്മിക്കാനുള്ള ശ്രമം പിന്നീടുണ്ടായില്ല. അടങ്ങാത്ത ഹൃദയവേദനയുണ്ട്.
എത്ര പേർക്കറിയാം ഏതെല്ലാം തരത്തിലുള്ളവരാണ് ഇഗ്നോയിൽ നിന്ന് പഠിച്ച് പുറത്തു വരുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർ, ട്രാൻസ്ജൻ്റർ സഹോദരങ്ങൾ, എസ്.സി.എസ് ടി., ഒ.ബി.സി. വിഭാഗത്തിൽ പെട്ടവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, മുഖ്യധാരാ വിദ്യാഭ്യാസത്തിൽ നിന്ന് മാറി നില്ക്കേണ്ടി വന്ന സ്ത്രീകൾ, ഭിന്ന ശേഷിയുള്ളവർ തുടങ്ങി എല്ലാ വരെയും ഉൾക്കൊള്ളുന്ന All Inclusive Education. അതെ, ലോകത്തിലെ ഏറ്റവും വലിയ ഗുണനിലവാരമുള്ള ഉന്നത വിദൂര വിദ്യാഭ്യാസ സ്ഥാപനം ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി തന്നെ.
വടകരയിലെ ഈ സ്ഥാപനം അഭിമാനത്തിൻ്റെ പടവുകൾ, ഒന്നൊന്നായി പിന്നിടുമ്പോൾ മലബാറുകാർക്ക് ഈ സൗകര്യം ഒന്നും വേണ്ടെന്ന് ആരാണ് തീരുമാനിച്ചത്!
രാഷ്ട്രീയ വ്യത്യാസം വെടിഞ്ഞ് മലബാറിലെ വിദ്യാഭ്യാസ പ്രേമികൾ ഒറ്റക്കെട്ടായി മുന്നോട്ടു വരിക.
രാജ്യത്തിന് അന്തസ്സും അഭിമാനവും നല്കുന്ന ഈ സ്ഥാപനം വടകരയിൽ തന്നെ സ്വന്തമായ ക്യാമ്പസ്സിൽ ശിരസ്സുയർത്തി നിന്ന് ഒരു നാടിന് മുഴുവൻ വെളിച്ചം പകരട്ടെ.
- മുല്ലപ്പള്ളി രാമചന്ദ്രൻ

വടകര ഇഗ്നൊ - വിസ്മയകരമായ നേട്ടങ്ങൾ:
- മുല്ലപ്പള്ളി രാമചന്ദ്രൻ
2011 മുതൽ അത്ഭുതകരമായ നേട്ടം ഇഗ്നോ വടകര സെൻ്റർ കൈവരിച്ചു. 2024 ൽ മാത്രം 47300 വിദ്യാർത്ഥികൾ എൻറോൾ ചെയ്തു.
ഇതിനകം 250039 വിദ്യാർത്ഥികൾ വടകര ഇഗ്നോയിലൂടെ ഉന്നത വിദ്യാഭ്യാസം ലഭിച്ചു. രാജ്യത്ത് ഏറ്റവും വലിയ റിക്കോർഡ്കളിൽ ഒന്നാണിത്. ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനത്താണ് വടകര റീജനൽ സെന്റർ .
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല .
44 വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ, 30 അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾ. ഇതിനെല്ലാം പുറമെ 56 വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമും സർട്ടിഫിക്കറ്റ് കോഴ്സുകളും .
കേന്ദ്ര വിദേശകാര്യ മന്ത്രാലത്തിന് കീഴിലുള്ള ഇ.വിദ്യാഭാരതി പ്രോജക്ടിൽ 20 ആഫ്രിക്കൻ രാജ്യങ്ങൾ ഇതിനകം പങ്കാളികളായി.
അഭിമാനത്തോടെ തലയുയർത്തിപ്പറയട്ടെ , ഈ സെൻ്ററിൻ്റെ ഗുണഫലം ഏറ്റവുമേറെ ഏറ്റു വാങ്ങിയത് മലപ്പുറം ജില്ല. അതിൽ തന്നെ മിടുക്കികളായ പെൺകുട്ടികൾ !
40% കുട്ടികൾ മലപ്പുറത്ത് നിന്ന് മാത്രം.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group