വാക്കിലെ വിഷമുന
സഹപ്രവർത്തകർക്കുമുന്നിൽ, ലോകത്തിനുമുന്നിൽ അപമാനഭാരംപേറേണ്ടിവന്ന ആ ഉദ്യോഗസ്ഥന്റെ അപ്പോഴത്തെ മനസ്സ് നമുക്കാർക്കും ഊഹിക്കാവുന്നതേയുള്ളൂ. വാക്കുകൊണ്ടു മുറിവേറ്റ ആ മനം എത്രമാത്രം പിടഞ്ഞിരിക്കാം
എയ്ത അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാകില്ല എന്നതൊരു പ്രപഞ്ചസത്യമാണ്. അതുകൊണ്ടുതന്നെ ആലോചിച്ചും സൂക്ഷിച്ചും ഉപയോഗിക്കേണ്ടതാണ് രണ്ടും. ഉച്ചരിക്കപ്പെടുന്ന വാക്കിന് വലിയ പ്രാധാന്യമാണുള്ളത്. വാക്കുപറഞ്ഞാൽ വാക്കാകണം എന്നാണല്ലോ പറയുക. ‘വാക്കും പഴയ ചാക്കും’ എന്നായാൽ അത് അവിശ്വാസത്തിന്റെ സൂചനയായി. വാക്കുപറഞ്ഞുറപ്പിക്കുക എന്നത് പവിത്രതയെ സൂചിപ്പിക്കുന്നു. സ്നേഹവും കരുതലും വാത്സല്യവുമൊക്കെ വാക്കിലൂടെ ദ്യോതിപ്പിക്കാനാകും. പക്ഷേ, എയ്യുന്ന അമ്പുപോലെയായാൽ വാക്ക് മുനയുള്ളതായി. ചിലരാകട്ടെ ആ അമ്പിൻമുനയിൽ വിഷംപുരട്ടുകയുംചെയ്യും. അതാണ് കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കഴിഞ്ഞദിവസം ചെയ്തത്. അതിന്റെഫലമായി ഒരു ഉയർന്ന സർക്കാരുദ്യോഗസ്ഥന്റെ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതായും ആക്ഷേപമുയർന്നിരിക്കുന്നു.
കണ്ണൂരിൽനിന്ന് സ്വന്തംനാടായ പത്തനംതിട്ടയിലേക്കു സ്ഥലംമാറിപ്പോകുന്ന അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എ.ഡി.എം.) നവീൻബാബുവിനെ യാത്രയാക്കുന്ന ചടങ്ങിൽ പി.പി. ദിവ്യ അദ്ദേഹത്തിനെതിരേ കുത്തുവാക്കുകൾ പറഞ്ഞതാണു വിവാദമായിരിക്കുന്നത്. തിങ്കളാഴ്ച കളക്ടറേറ്റിലായിരുന്നു യാത്രയയപ്പ്. ക്ഷണിതാവല്ലാതിരുന്നിട്ടും പി.പി. ദിവ്യ കരുതിക്കൂട്ടി ചടങ്ങിനെത്തുകയും മനസ്സിൽ സ്വരുക്കൂട്ടിവെച്ച കഠിനവാക്കുകൾ ഒരു മനശ്ചാഞ്ചല്യവുമില്ലാതെ ഉരുക്കഴിക്കുകയുമാണുണ്ടായത്. ഭീഷണി സ്ഫുരിക്കുന്ന വാക്കുകളോടെ പ്രസംഗം ഉപസംഹരിച്ചശേഷം ധാർഷ്ട്യത്തോടെ ഇറങ്ങിപ്പോകുകയുംചെയ്തു. തനിക്കെതിരായ കുത്സിതഭാഷണംകേട്ടുകൊണ്ട് വേദിയിലിരിക്കാൻ നിർബന്ധിതനായ നവീൻ ബാബുവിനെ തൊട്ടടുത്തദിവസം രാവിലെ ഔദ്യോഗികവസതിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെടുകയുംചെയ്തു.
സ്ഥലംമാറിപ്പോകുന്ന ഉദ്യോഗസ്ഥനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ സഹപ്രവർത്തകർ സംഘടിപ്പിച്ച ചടങ്ങിനെയാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റുപദവിയിലിരിക്കുന്നൊരു വ്യക്തി അനുചിതപ്രവൃത്തിയിലൂടെ പങ്കിലമാക്കിയത്. ആ ചെയ്തതിനും പറഞ്ഞതിനും ഒരു ന്യായീകരണവുമില്ല. ഉദ്യോഗസ്ഥന്റെ പ്രവൃത്തിയെപ്പറ്റി പരാതിയോ അഭിപ്രായവ്യത്യാസമോ ഉണ്ടെങ്കിൽ അതു പ്രകടിപ്പിക്കേണ്ട വേദിയല്ല അത്. അഴിമതിയോ കെടുകാര്യസ്ഥതയോ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടാകുന്നതു ശ്രദ്ധയിൽപ്പെട്ടാൽ നിയമാനുസൃതനടപടിയെടുക്കാൻ അധികാരമുള്ള പദവിയാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റേത്. അതുചെയ്യുന്നതിനുപകരം, ക്ഷണിക്കാത്തിടത്തുപോയി അരുതാത്തതു പറയുകയാണുണ്ടായത്. ആ പ്രവൃത്തിയിൽ പ്രകടമായത് കേവലം അനൗചിത്യമോ അപമര്യാദയോ മാത്രമാണെന്നു ലഘൂകരിക്കേണ്ടതുമില്ല; അത് മറയില്ലാത്ത, നിസ്സങ്കോചമായ അഹന്തയാണ്. അത് ഒരു ജനപ്രതിനിധിയിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നതല്ല. പൊതുപ്രവർത്തനരംഗത്തുള്ളൊരാളിൽ അമ്മട്ടിലുള്ള വ്യർഥാഹങ്കാരം ഉണ്ടായിക്കൂടാത്തതാണ്.
“കണ്ണൂരിൽ നടത്തിയപോലത്തെ പ്രവർത്തനമായിരിക്കരുത് ഇനിപ്പോകുന്ന സ്ഥലത്തു നടത്തേണ്ടത്. മെച്ചപ്പെട്ട രീതിയിൽ ആളുകളെ സഹായിക്കണം” എന്നൊക്കെയുള്ള മുനവെച്ച വർത്തമാനമാണു യാത്രയയപ്പുയോഗത്തിൽ പി.പി. ദിവ്യ പറഞ്ഞത്. പറയരുതാത്ത വാക്കുകൾ, പറയാൻപാടില്ലാത്ത സ്ഥലത്ത്! “ഉപഹാരം സമർപ്പിക്കുന്ന ചടങ്ങിൽ ഞാൻ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനു പ്രത്യേക കാരണങ്ങളുണ്ട്. ആ കാരണങ്ങൾ രണ്ടുദിവസംകൊണ്ട് നിങ്ങൾ അറിയും” എന്നുപറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. എത്ര നിന്ദ്യം! എന്തൊരു ദുസ്സൂചന! സഹപ്രവർത്തകർക്കുമുന്നിൽ, ലോകത്തിനുമുന്നിൽ അപമാനഭാരംപേറേണ്ടിവന്ന ആ ഉദ്യോഗസ്ഥന്റെ അപ്പോഴത്തെ മനസ്സ് നമുക്കാർക്കും ഊഹിക്കാവുന്നതേയുള്ളൂ. വാക്കുകൊണ്ടു മുറിവേറ്റ ആ മനം എത്രമാത്രം പിടഞ്ഞിരിക്കാം? ‘മറ്റാർക്കും ഈ വിധി വരുത്തരുതേ’ എന്ന വചനം ആവർത്തനവിരസത വെടിഞ്ഞ അപൂർവസന്ദർഭം! ആ നിയോഗത്തിൽനിന്ന് അദ്ദേഹം പദമൂന്നിയത് മൃതിയിലേക്കാണ്. ഈ സംഭവഗതി അതിസങ്കടകരംതന്നെ. അഹന്തനിറഞ്ഞ, അസംഗതമായ പെരുമാറ്റവും വചസ്സുകളും അടുത്തകാലത്തായി കക്ഷിഭേദമെന്യേ രാഷ്ട്രീയനേതാക്കളുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. സംയമനത്തിന്റെ പാഠങ്ങൾ എല്ലാവരും ഉൾക്കൊള്ളട്ടെ.(Editorial - courtesy : mathrubhumi )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group