ഒറ്റപ്പാലം : സമാന്തരസിനിമകൾ കാണാൻ ആളുകൾ ആഗ്രഹിക്കുമ്പോഴും അവ തിയേറ്ററിലെത്തിക്കാനാകുന്നില്ലെന്ന് നടി ബീന ആർ. ചന്ദ്രൻ. മികച്ചനടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹയാക്കിയ ‘തടവ്’ എന്ന സിനിമ ഇനിയും തിയേറ്ററിൽ എത്തിയിട്ടില്ല. നീണ്ടപോരാട്ടങ്ങൾക്കൊടുവിൽ ഫെബ്രുവരിയിൽ കുറച്ച് തിയേറ്ററിലെങ്കിലും സിനിമ പ്രദർശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്നും ബീന ആർ. ചന്ദ്രൻ പറഞ്ഞു. ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.
അന്താരാഷ്ട്ര വേദികളിൽപോലും അംഗീകാരംനേടിയ സിനിമ സംസ്ഥാന പുരസ്കാരത്തിനെത്തിയപ്പോൾ പരിഗണിച്ചില്ലെന്നും സിനിമയിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായ നടൻ ശങ്കർ പറഞ്ഞു. വിപിൻ രാധാകൃഷ്ണൻ സംവിധാനംചെയ്ത തമിഴ് സിനിമ ‘അങ്കമ്മാൾ’ ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു. ഉദ്ഘാടനസമ്മേളനത്തിൽ കെ. പ്രേംകുമാർ എം.എൽ.എ. അധ്യക്ഷനായി. ഡോക്യുമെന്ററി സംവിധായകൻ ആർ.പി. അമുദൻ, ഗായകൻ സുദീപ് പാലനാട്, ആർ. ശ്രീഹരി, എ. അഷ്‌റൂഫ്, അഖില ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 4.30-ന് ‘നയം വ്യക്തമാക്കുന്നു-മലയാള സിനിമയുടെ ഭാവി’ എന്ന വിഷയത്തിൽ സംവാദം നടക്കും. ചലച്ചിത്ര വികസന കോർപറേഷൻ അംഗം ഷെറി ഗോവിന്ദൻ, ചലച്ചിത്രനിരൂപകൻ മധു ജനാർദനൻ, സംവിധായകൻ പ്രതാപ് ജോസഫ്, കേരളാ ഫിലിം ചേംബർ എക്സിക്യുട്ടീവ് അംഗം സന്തോഷ് പവിത്രം, ഡബ്ല്യു.സി.സി. അംഗം സംഗീത ജനചന്ദ്രൻ എന്നിവർ സംസാരിക്കും.
ഇന്ന് ‘അനോറ’ കാണാം
സ്‌ക്രീൻ ഒന്ന്: 9.30-റിഥം ഓഫ് ദമാം (കൊങ്കണി), 11.30-ഹ്യൂമൻസ് ഇൻ ദ ലൂപ്പ് (ഹിന്ദി), 2.00- കാറ്റു പൂത്ത മലൈ (തുളു), 6.30-എ പാൻ ഇന്ത്യൻ സ്റ്റോറി (മലയാളം), 8.45-സ്ലേവ്‌സ് ഓഫ് ദ എംപയർ (മലയാളം).
സ്‌ക്രീൻ രണ്ട്: 9.30-ഡെവാസ്റ്റേറ്റഡ് (ബംഗാളി), 11.45-അങ്കുർ (ഹിന്ദി), 3.00-പോട്‌സ്, പാൻസ് ആൻഡ് പൊളിറ്റിക്സ് (ഹിന്ദി), 6.30-അനോറ (ഇംഗ്ലീഷ്), 9.00-ഹംഗർ (ഇംഗ്ലീഷ്).
ഓപ്പൺ സ്‌ക്രീനിങ്: രാത്രി 7.00 മേഘേ ധാക്കാ താര.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group